![]() |
Courtesy |
മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരേ മകള്‍ ആശാ ലോറന്‍സ് രംഗത്തെത്തിയതോടെയാണ് പൊതുദര്‍ശനത്തിനിടെ കയ്യാങ്കളി അരങ്ങേറിയത്.
ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മുദ്രാവാക്യം വിളിച്ച സിപിഐഎം പ്രവര്‍ത്തകരോട് ലോറന്‍സിന്റെ മകള്‍ ആശ കയര്‍ത്തു. ശേഷം സിപിഐഎം മൂര്‍ദാബാദെന്ന് ആശ വിളിച്ചുപറഞ്ഞു. മൃതദേഹം നീക്കുന്നത് തടയാന്‍ ആശയും മകനും മുന്നോട്ടുവന്നതോടെ സംഘർഷം തുടങ്ങിയത്.അപ്പൻ പോകേണ്ടത് അമ്മയുടെ കൂടെയെന്നായിരുന്നു ആശയുടെ പ്രതികരണം. മകൾ ആശ ഉൾപ്പെടെയുള്ളവരുടെ സത്യവാങ്മൂലങ്ങൾ പരിശോധിച്ചശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു എറണാകുളം ടൗൺഹാളിലെ നാടകീയ സംഭവവികാസങ്ങൾ.
കോടതി വിധി പറഞ്ഞതിനു പിന്നാലെ മൃതദേഹത്തിനരികിൽ ആശയും മകനും നിലയുറപ്പിച്ചു. സിപിഎമ്മിന്റെ വനിതാ അംഗങ്ങളും മുദ്രാവാക്യം വിളികളുമായി ഇവിടെയെത്തി. മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും സിപിഎം മൂർദാബാദ് എന്നും വിളിച്ച് ആശ ഇതോടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കിടന്നു. ഇതോടെ സിപിഎം അംഗങ്ങൾ പിന്നോട്ടുമാറുകയും എംഎം ലോറന്‍സിന്റെ മറ്റൊരു മകൾ സുജാത അടക്കമുള്ള ബന്ധുക്കൾ ഇവർക്കരികിലെത്തുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ ആശയുടെ മകനെ ബലമായി മൃതദേഹത്തിനരികിൽ നിന്നു മാറ്റി. കയ്യേറ്റ ശ്രമവും ഉണ്ടായതോടെ മറ്റു ബന്ധുക്കൾ ഇടപെട്ട് സംഭവങ്ങൾ നിയന്ത്രിക്കുകയായിരുന്നു. ഇതിനിടെ ആശയും നിലത്തുവീണു.'അലവലാതി സഖാക്കൾ അമ്മയെ തള്ളിയിട്ടെ'ന്നായിരുന്നു ആശയുടെ മകന്റെ പ്രതികരണം. മൃതദേഹം രാവിലെ ടൗൺഹാളിൽ പൊതുദര്‍ശനത്തിന് വച്ചപ്പോൾ ആശ എത്തുകയും പിന്നീട് മടങ്ങുകയും ചെയ്തിരുന്നു. തുടർന്ന് കോടതിവിധി വന്നതിനുശേഷം മകനൊപ്പം ആശ വീണ്ടും ടൗൺ ഹാളിലെത്തി.
ലോറൻസിനെ തന്റെ അമ്മ ബേബിയെ സംസ്കരിച്ചിരിക്കുന്ന കലൂർ കതൃക്കടവ് സെന്റ് ഫ്രാൻസിസ് പള്ളിയിൽ തന്നെ സംസ്കരിക്കണമെന്നാണ് ആശയുടെ ആവശ്യം. ആശയുടെ മകൻ മിലൻ ബിജെപി പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ എം.എം.ലോറന്‍സ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സിപിഎം എം.എം.ലോറൻസിനെ പാർട്ടിയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ് എന്നായിരുന്നു ആശയുടെ നിലപാട്. മൃതദേഹം ആശുപത്രിക്ക് കൈമാറാൻ തീരുമാനിച്ചതിനു പിന്നിലും ചതിയുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. മൃതദേഹം ആശുപത്രിക്ക് കൈമാറുന്നതിനെതിരെ ഞായറാഴ്ച തന്നെ ഫെയ്സ്ബുക് പോസ്റ്റുമായി ആശ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ ലോറൻസിന്റെ മൃതദേഹം കളമശേരിയിലുള്ള എറണാകുളം ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. അനാട്ടമി ആക്ട് പ്രകാരം തീരുമാനം എടുക്കാൻ ഉത്തരവിട്ടു അതുവരെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കണം.