പി.വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ പോര്‍മുഖം തുറന്ന് സിപിഎം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനം വിളിച്ച് മറുപടിയുമായി പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന് രംഗത്തെത്തി. അന്‍വറിന് കമ്മ്യൂണിസ്റ്റ് രീതികള്‍ അറിയില്ലെന്നും പാര്‍ട്ടി അംഗമല്ലാത്ത അദ്ദേഹത്തിന് അണികളുടെ പേരില്‍ ആളാകാന്‍ അര്‍ഹതയില്ലെന്നും എം.വി ഗോവിന്ദന് തുറന്നടിച്ചു. എല്‍ഡിഎഫുമായുള്ള അന്‍വറിന്റെ എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്നും ഗോവിന്ദന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സർക്കാരിനെതിരെ അൻവറിന് ആരോപണം ഉന്നയിക്കാമെന്നും എന്നാൽ ഇടത് എംഎൽഎയായി ഇരുന്ന് അങ്ങനെ പറയാൻ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. താൻ എൽഡിഎഫിൽ ഇല്ലെന്നും പിണറായി കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും പറയാം. പക്ഷേ, ഇടത് എംഎൽഎയായി ഇരുന്നുകൊണ്ട് അങ്ങനെ പറയാൻ കഴിയില്ല. പാർട്ടിക്ക് അൻവറിനെ പുറംതള്ളമെന്ന അഭിപ്രായം അന്നുമില്ല, ഇന്നുമില്ല. പി.വി.അൻവറുമായുള്ള എല്ലാ ബന്ധവും സിപിഎം ഉപേക്ഷിക്കുകയാണ്. പിണറായി വിജയനാണോ പാർട്ടിയെന്ന ചോദ്യത്തിന്, പിണറായി വിജയൻ പാർട്ടിയല്ലെന്നും സിനീയറായ പാർട്ടി നേതാവാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഒരു കേസും പിണറായിക്കെതിരെ ഇല്ല. കേസില്ലാതെ എങ്ങനെ അദ്ദേഹത്തെ അറസ്റ്റു ചെയ്യും. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിനായി ഡൽഹിയിൽ എത്തിയ എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിലൂടെയാണ് അൻവറിനെതിരെ ആഞ്ഞടിച്ചത്.
പിണറായിക്കെതിരെയുള്ള നീക്കമെല്ലാം രാഷ്ട്രീയ വേലയാണ്. അതിനെ രാഷ്ട്രീയമായി നേരിടേണ്ടതുണ്ട്. പിണറായിയെ അറസ്റ്റ് ചെയ്യണമെങ്കിൽ എഫ്ഐആർ വേണം. അങ്ങനെ എഫ്ഐആർ ഇല്ല. പിന്നെ എങ്ങനെ അറസ്റ്റു ചെയ്യുമെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു. അൻവറിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
അൻവർ വലതുപക്ഷത്തിന്റെ കോടാലിയായി പ്രവർത്തിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ പാർട്ടിയെയും സർക്കാരിനെയും തകർക്കുന്നതിനായി കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവർക്ക് അനുകൂലമായ വാർത്താമാധ്യമങ്ങളും പ്രചാരണം നടത്തിവരുകയാണ്. അവരുടെ വക്കാലത്ത് ഏറ്റുപിടിച്ച് പുറപ്പെട്ടിരിക്കുകയാണ് പി.വി.അൻവറെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.
'പാര്‍ട്ടി പരിശോധിക്കേണ്ട കാര്യം പാര്‍ട്ടി പരിശോധിച്ചു. സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിച്ചു. മറ്റു കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഞാന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ ഇല്ലെന്നാണ് അന്‍വര്‍ പറഞ്ഞത്. അവിടെയും ഇവിടെയും ഇല്ലെന്ന് പറഞ്ഞു. അവസാനം എവിടെയാണ് എത്തുകയെന്ന് ഞാന്‍ പറയേണ്ടതില്ല. അന്‍വറിന്റെ സമീപനം സംഘടനാപരമായോ രാഷ്ട്രീയ നിലപാട് അടിസ്ഥാനമാക്കിയോ അംഗീകരിക്കാന്‍ സാധിക്കില്ല. അതെല്ലാം ജനങ്ങളുടെ മുന്നില്‍ തുറന്നുപറഞ്ഞു. ജനം തിരിച്ചറിയുന്നുണ്ട്. പരമാവധി അന്‍വറിനെ പോലെയുള്ളയാളെ ഏതെങ്കിലും പക്ഷത്തേക്ക് തള്ളിമാറ്റുകയെന്നത് ഞങ്ങളുടെ നിലപാടല്ല. എല്‍ഡിഎഫുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അദ്ദേഹം തന്നെ വിച്ഛേദിച്ചു പോയിരിക്കുന്നു', എം വി ഗോവിന്ദന് പറഞ്ഞു.
ആരുടെ പ്രചാരണ പ്രവര്‍ത്തനങ്ങളാണോ ശക്തമായി എതിര്‍ക്കണമെന്ന് അന്‍വര്‍ പറയുന്നത് അതേ കാര്യമാണ് അന്‍വര്‍ ഉന്നയിക്കുന്നത്. അത് വിരോധാഭാസമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.
അന്‍വറിന്റെ പരാതിയില്‍ ശരിയായ നടപടി സ്വീകരിച്ചുമുന്നോട്ടുപോകുന്ന ഘട്ടത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ വലതുപക്ഷ മാധ്യമങ്ങളുടെ പ്രചാരണം ഏറ്റുപിടിക്കുന്നത് തെറ്റുതിരുത്തി കൂടെ നിര്‍ത്താനുള്ള സമീപനത്തിന് വിരുദ്ധമാണ്. തെറ്റുതിരുത്താനോ മനസ്സിലാക്കാനോ തയ്യാറാവാതെ സ്വയം സ്വതന്ത്രനായി നില്‍ക്കുന്നുവെന്നാണ് അന്‍വര്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം വലിച്ചെറിയുന്ന രീതിയാണ് അന്‍വര്‍ സ്വീകരിച്ചത്. ഇതോടെ പാര്‍ട്ടിയുമായുള്ള അന്‍വറിന്റെ ബന്ധം അവസാനിച്ചെന്നും എം വി ഗോവിന്ദന് പറഞ്ഞു.
പാർട്ടി ഉണ്ടാക്കും ? : തീപ്പന്തമാകും; കപ്പൽ മുങ്ങാൻ പോകുന്നു ; അൻവർ
സിപിഎമ്മിനെ ദുർബലപ്പെടുത്താൻ താൻ ശ്രമിച്ചിട്ടില്ലെന്ന് പി.വി.അൻവർ എംഎൽഎ. പാർട്ടിയെ ദുർബലമാക്കാൻ ശ്രമിക്കുന്നതു പൊലീസ് ആണെന്നും സ്വർണക്കടത്തിനെപ്പറ്റിയുള്ള പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്നുമാണ് പറഞ്ഞതെന്ന് അൻവർ വിശദീകരിച്ചു. അൻവറുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നെന്ന് വ്യക്തമാക്കിക്കൊണ്ടു പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പത്രസമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു അൻവർ. പി.ശശിയുൾപ്പെടെയുള്ളവർക്കെതിരെ പാർട്ടിക്ക് നൽകിയ കത്ത് നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് അൻവർ ആവർത്തിച്ചു. സ്വർണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ല. പൊതുപ്രശ്നങ്ങളുമായി ആളുകൾ പാർട്ടി ഓഫീസിലേക്ക് വരാത്ത സ്ഥിതിയാണുള്ളതെന്നും അൻവർ പറഞ്ഞു. പാർട്ടിയിൽ സ്വാതന്ത്ര്യമുണ്ടെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. സ്വാതന്ത്ര്യമുണ്ടെന്ന് പാർട്ടി ഭരണഘടനയിൽ എഴുതിവച്ചിട്ടുണ്ട്. പക്ഷേ അത് നടക്കാറില്ല. ഇഎംഎസിന്റെയും എകെജിയുടെയും നായനാരുടെയും കാലത്ത് അത് പ്രാവർത്തികമായിരുന്നു. വടകരയിൽ കെ.കെ.ശൈലജയ്ക്ക് വോട്ട് കിട്ടാതിരുന്നത് പാർട്ടി സഖാക്കൾ പ്രതിഷേധം രേഖപ്പെടുത്തിയതുകൊണ്ടാണെന്നും അൻവർ പറഞ്ഞു.
‘‘എനിക്ക് കമ്യൂണിസ്റ്റ് ഭാഷ അറിയില്ല. മനുഷ്യന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. ഏഴാം കൂലിയായ അൻവർ നടത്തിയ അന്വേഷണം പോലും പാർട്ടി നടത്തിയിട്ടില്ല. അതുനടത്താതെ എന്റെ നെഞ്ചത്തേക്ക് കയറിയിട്ട് കാര്യമില്ല. ഇവനാരിത് ഇതൊക്കെ പറയാൻ, സംഘടനയുമായി ബന്ധമില്ലാത്തവൻ എന്ന രീതിയിലാണ് എന്റെ വാദങ്ങളെ പാർട്ടി കാണുന്നത്. ഞാൻ പറഞ്ഞുകൊണ്ടിരിക്കും. കോക്കസിലില്ലാത്തവർ എനിക്കൊപ്പം നിൽക്കും. ജീപ്പിൽ മൈക്കും കെട്ടിയിറങ്ങി ജനങ്ങളോട് എല്ലാം വിളിച്ചുപറയും. എനിക്കെതിരായ നേതൃത്വത്തിന്റെ നിലപാട് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. എനിക്കെതിരെ മൂർദാബാദ് വിളിച്ചവർ സത്യം മനസ്സിലാക്കി സിന്താബാദ് വിളിച്ചു’’– അൻവർ വിശദീകരിച്ചു.
എല്ലാവർക്കുമെതിരെ സംസാരിക്കുമെന്നായിരുന്നു പ്രതിപക്ഷത്തോടുള്ള സമീപനത്തെ കുറിച്ചുള്ള അൻവറിന്റെ മറുപടി. ‘‘രാഷ്ട്രീയ നേതൃത്വത്തിലെ കൊള്ളരുതായ്മകൾക്ക് എതിരെയാണു സംസാരിക്കുന്നത്. ജനങ്ങൾ എവിടെ നിൽക്കുന്നു എന്നറിയാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ പ്രതികരണമറിയുന്നതിനാണ് ഗൂഗിൾ ഫോം ഇട്ടത്’’– അൻവർ പറഞ്ഞു. പുതിയ പാർട്ടി ആലോചിക്കുമോ എന്ന ചോദ്യത്തിന് പിന്തുണ നൽകാൻ ജനം തയാറാണെങ്കിൽ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘‘കപ്പൽ ഒന്നായി മുങ്ങാൻ പോവുകയാണ്. കപ്പൽ ദുർബലമായി തുടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. ആ എന്നെ കപ്പലുമുക്കാൻ വന്നവൻ എന്ന രീതിയിലാണ് കണ്ടത്. എം.ആർ. അജിത് കുമാർ സ്ഥാനത്ത് തുടരാതെ മാറിയതുകൊണ്ട് എന്താണ് കാര്യം. കസേര മാറുമെന്നല്ലാതെ മറ്റെന്താണ് സംഭവിക്കുക. അജിത് കുമാറിനെ പൊലീസ് ആസ്ഥാനത്ത് പോലും കയറാൻ അനുവദിക്കരുത്. പൂരം കലക്കിയതിൽ എന്ത് അന്വേഷണമാണ് നടക്കുന്നത്. പ്രഹസനമാണ്. മാധ്യമങ്ങൾ അതിന് പുറകേ പോയി സമയം കളയരുത്’’– അൻവർ പറഞ്ഞു.
പാര്‍ട്ടിയെ ദുര്‍ബലമാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുക മാത്രമാണ് ചെയ്തത്. താന്‍ കൊടുത്ത പരാതികള്‍ പാര്‍ട്ടി പരിശോധിക്കുക പോലും ചെയ്തിട്ടില്ല. അന്വേഷണം നടക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് മാത്രമായില്ല. പൊലീസില്‍ നിന്ന് ജനത്തിന് സഹായം ലഭിച്ചില്ല. പല കേസുകളും അട്ടിമറിക്കാനാണ് പൊലീസിന്റെ ശ്രമം. പൊലീസ് ചെയ്യേണ്ട പണി താന്‍ ചെയ്യേണ്ട അവസ്ഥയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. താന്‍ കമ്മ്യൂണിസം പഠിച്ചിട്ടില്ല. ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. താന്‍ എന്നും സാധാരണ ജനങ്ങള്‍ക്കൊപ്പമാണെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ അച്ചടി ഭാഷ തനിക്ക് മനസിലാകില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പേര് മടുത്ത് പുറത്തുപോകും. കമ്മ്യൂണിസ്റ്റുകാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നീതിയില്ല. അവരെ അണിനിരത്തി മുന്നോട്ട് പോകും. അടുത്ത ദിവസം മുഹമ്മദ് ആട്ടൂര്‍ കേസ് ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
2016 ല്‍ സിപിഐഎം തനിക്ക് ഇങ്ങോട്ട് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ജനം നല്കിയ തിരിച്ചടിയാണ്. വടകരയില്‍ തോറ്റത് കെ കെ ശൈലജയുടെ കുഴപ്പം കൊണ്ടല്ല. സഖാക്കള്‍ വോട്ട് മറിച്ചതാണ് ശൈലജയുടെ പരാജയത്തിന് കാരണമായത്. പിണറായിയില്‍ അടക്കം വോട്ട് ചോര്‍ന്നു. പാര്‍ട്ടിയോടുള്ള വിരോധമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അന്‍വര്‍ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി വിലയിരുത്തിയില്ല. പാര്‍ട്ടി സഖാക്കളുടെ വിഷയങ്ങളില്‍ താന്‍ നടത്തിയ അന്വേഷണം പോലും സിപിഐഎം നടത്തുന്നില്ലെന്നും പി വി അന്‍വര്‍ ആരോപിച്ചു.ഇനി തനിക്ക് പരിമിതികളില്ല. ആരെയും പേടിക്കേണ്ട അവസ്ഥയുമില്ല. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇനി താന്‍ തീപ്പന്തമാകും. യുവാക്കളിലാണ് തന്റെ പ്രതീക്ഷ. കേരളത്തിലെ പതിനാറ് മണ്ഡലങ്ങളിലും ജീപ്പിൽ മൈക്ക് കെട്ടിവെച്ച് പ്രസംഗിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു. ഇത്രയും നാളും സെക്യൂരിറ്റി പണിയായിരുന്നു, അത് പോയി പക്ഷേ ഞാൻ റോഡിൽ ഇറങ്ങി നിന്ന് അതുവഴി പോകുന്നവരൊക്കെ സലാം, ലാൽസലാം പറയും അൻവർ കൂട്ടിച്ചേർത്തു.