സിപിഎം എംഎല്‍എ പിവി അന്‍വറിനെയും ഘടകകക്ഷിയായ സിപിഐയെയും തള്ളി ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും എഡിജിപി അജിത് കുമാറിനേയും ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
വയനാട് ദുരിതാശ്വാസ കണക്കിനെ സംബന്ധിച്ച വാർത്തകൾ വന്നതോടെ, കേരളം കണക്കുകള്‍ പെരുപ്പിച്ച് അനർഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജപ്രചരണത്തിന് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയാണെന്നും ഹൈക്കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്തതുമായി ബന്ധപ്പെട്ടും നിയമനടപടി എടുക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘‘പെട്ടെന്നു കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തത്. വയനാട് വിഷയത്തില്‍ കേന്ദ്രത്തിന് സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തുവെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചു. കേരളം കണക്കുകള്‍ പെരുപ്പിച്ച് അനർഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറി. കേരളവും അവിടുത്തെ ജനങ്ങളും ലോകമാകെ അപമാനിക്കപ്പെട്ടു. വ്യാജവാര്‍ത്തകളുടെ പിന്നിലുള്ള അജന്‍ഡ നാടിന് എതിരെയുളളതാണ്.’’ – മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തില്‍ താരതമ്യമില്ലാത്ത ദുരന്തമാണ് വയനാട് മേപ്പാടിയിലുണ്ടായത്. അടിയന്തര ധനസഹായം ലഭിക്കാനായി കേരളം കേന്ദ്രത്തിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു. അതിലെ കണക്കുകള്‍ ചെലവിന്റെ കണക്കായി വ്യഖ്യാനിച്ചാണ് തെറ്റായ വാര്‍ത്ത ഉണ്ടായത്. ഏതു വിധേനയും സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ത്വരയില്‍ ദുരന്തത്തിന് ഇരയായ മനുഷ്യരെയാണ് ദ്രോഹിച്ചിരിക്കുന്നത്. ദുരന്തനിവാരണ സംവിധാനങ്ങളുടെയും ദുരിതാശ്വാസനിധികളുടെയും വിശ്വാസ്യത തകര്‍ക്കാനായി നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ വലിയ പ്രത്യാഘാതമാണ് സമൂഹത്തിലുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘‘കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടു തയാറാക്കിയ മെമ്മോറാണ്ടമാണ് കേരളം തയാറാക്കിയത്. അതിനെ കള്ളക്കണക്കും ധൂര്‍ത്തുമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ശ്രമമാണ് നടന്നത്. ഒരു കുടുംബത്തിന്റെ വരവ് ചെലവ് കണക്കാക്കുന്ന ലളിത യുക്തിയിലാണ് ഒരു മഹാദുരന്തത്തിന്റെ മെമ്മോറാണ്ടത്തെ അവലോകനം ചെയ്തത്. കേന്ദ്രമാനദണ്ഡപ്രകാരം മാത്രമേ സഹായം ചോദിക്കാനാവൂ. വിവിധ സര്‍ക്കാരുകള്‍ പല ദുരന്തഘട്ടത്തിലും തയറാക്കി സമര്‍പ്പിച്ച മെമ്മോറാണ്ടം വെബ്സൈറ്റില്‍ ഉണ്ട്. യുഡിഎഫ് സര്‍ക്കാരുകള്‍ സമര്‍പ്പിച്ച മെമ്മോറാണ്ടം ധൂര്‍ത്താണെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. വരള്‍ച്ച മുതല്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് വരെ പരമാവധി കേന്ദ്ര സഹായം നേടണമെന്നാണ് അന്നത്തെ പ്രതിപക്ഷം വരെ പറഞ്ഞത്. മെമ്മോറാണ്ടം തയറാക്കുന്നത് മന്ത്രിമാരല്ല, പരിശീലനം ലഭിച്ച വിദഗ്ധരാണ്. അതിനെ കള്ളക്കണക്കായി അവതരിപ്പിച്ചു. പല സാധ്യതകള്‍ വിലയിരുത്തി വേണം ഓരോ കണക്കും തയാറാക്കാന്‍. എസ്ഡിആർഎഫിന്റേത് വളരെ ഇടുങ്ങിയ മാനദണ്ഡമാണ്. അതുപ്രകാരം 219 കോടി മാത്രമേ ചോദിക്കാനാവൂ. യഥാര്‍ഥ നഷ്ടം 1200 കോടി രൂപയില്‍ അധികമാണെന്നു കണക്കാക്കിയിരുന്നു. ദുരന്ത മേഖലയെ പുനര്‍നിര്‍മിക്കാന്‍ 2200 കോടി രൂപ വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം’’– മുഖ്യമന്ത്രി പറഞ്ഞു.
∙ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതരായ 131 കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതം നല്കി. എസ്ഡിആര്‍എഫില്‍നിന്ന് 4 ലക്ഷവും സിഎംഡിആര്.എഫില്‍ നിന്ന് 2 ലക്ഷവും വീതമാണ് നല്‍കിയത്. ഇതിനായി എസ്.ഡി.ആര്.എഫില്‍നിന്ന് 5,24,00,000 രൂപയും സി.എം.ഡി.ആര്.എഫില്‍ നിന്ന് 2,62,00,000 രൂപയും ചെലവഴിച്ചു.
∙ മരിച്ച 173 പേരുടെ സംസ്കാര ചടങ്ങുകള്‍ക്കായി കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്കി.
∙ ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയിൽ കഴിഞ്ഞ 26 പേര്‍ക്ക് 17,16,000 രൂപ സഹായമായി നല്കി. ഇതില്‍ 4,16,000 രൂപ എസ്ഡിആര്‍എഫില്‍നിന്നും 13 ലക്ഷം രൂപ സിഎംഡിആര്‍എഫില്‍ നിന്നുമാണ് അനുവദിച്ചത്.
∙ ഒരാഴ്ചയില്‍ താഴെ മാത്രം ആശുപത്രിയില്‍ കഴിഞ്ഞ 8 പേര്‍ക്കായി എസ്ഡിആര്‍എഫില്‍നിന്ന് 43,200 രൂപയും സിഎംഡിആര്‍എഫില്‍നിന്ന് 4 ലക്ഷം രൂപയും വീതം അനുവദിച്ചു. ആകെ 4,43,200 രൂപ.
∙ ദുരന്ത ബാധിതരായ 1013 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം നല്കി. എസ്ഡിആര്‍എഫില്‍നിന്ന് 5000 രൂപയും സിഎംഡിആര്‍എഫില്‍നിന്ന് 5000 രൂപയും വീതമാണ് നല്‍കിയത്. ആകെ 1,01,30,000 രൂപ.
∙ ദുരന്ത ബാധിത കുടുംബങ്ങളിലെ 1694 പേര്‍ക്ക് ഉപജീവന സഹായമായി ദിവസം 300 രൂപ വീതം നല്കി. 30 ദിവസത്തേക്ക് 1,52,46,000 രൂപ ഈയിനത്തില്‍ നല്‍കിയിട്ടുണ്ട്.
∙ കിടപ്പുരോഗികളായ 33 പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പ്രത്യേക ധനസഹായമായി 2.97 ലക്ഷം രൂപ നല്കി.
∙ 722 കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടകയായി 6000 രൂപ (പ്രതിദിനം 200 രൂപ) വീതം നല്കി വരുന്നു. ആദ്യമാസ വാടകയായി ഇതുവരെ ഈയിനത്തില്‍ 24,95,800 രൂപ ചെലവഴിച്ചു. (വ്യത്യസ്ത ദിവസങ്ങളില്‍ വാടക വീടുകളിലേക്ക് ആളുകള്‍ മാറിയത് കൊണ്ട് ദിവസം 200 രൂപ എന്ന കണക്കിനാണ് വാടക ആദ്യമാസത്തില്‍ നല്‍കിയിട്ടുള്ളത്)
∙ 649 കുടുംബങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള ബാക്ക് ടു ഹോം കിറ്റുകളും നല്കി.
∙ ദുരിതാശ്വാസ ക്യാംപിലെ 794 കുടുംബങ്ങളെ 28 ദിവസം കൊണ്ട് താല്‍ക്കാലികമായി പുനരധിവസിപ്പിച്ചു.
∙ ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ സര്‍ക്കാര്‍ എല്‍പി സ്കൂളും വെള്ളാര്‍മല സര്‍ക്കാര്‍ വൊക്കേഷനൽ ഹയര്‍സെക്കൻഡറി സ്കൂളും മേപ്പാടിയില്‍ താല്‍ക്കാലികമായി തുറന്നു. ദുരന്തമേഖലയിലെ 607 വിദ്യാർഥികളുടെ പഠനം പുനരാരംഭിച്ചു.
∙ ദുരന്തത്തിന്റെ അമ്പതാം ദിവസം തേയിലത്തോട്ടങ്ങളില്‍ ജോലി പുനരാരംഭിച്ചു.
.
അൻവർ തന്നെ പറയുന്നു ഞങ്ങളെയെല്ലാം പാർട്ടി നിയോഗിച്ചതാണെന്ന്. അങ്ങനെയെല്ലാമുള്ള ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ പാർട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താമായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ എന്റെ ശ്രദ്ധയിലുംപെടുത്താമായിരുന്നു. പിന്നീട് ആകാമായിരുന്നു പരസ്യനടപടി. അങ്ങനെയാണ് സാധാരണനിലയില്‍ പോകേണ്ടത്. അതല്ല സംഭവിച്ചത്, ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ സ്വീകരിക്കുന്ന നടപടിയല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. അൻവർ, ഐ പി എസ് ഉദ്യോഗസ്ഥൻ സുജിത് ദാസിന്റെ കോൾ റെക്കോർഡിങ് പുറത്തുവിട്ടത് മോശമായ പ്രവണതയെന്നും അദ്ദേഹം പറഞ്ഞു. അൻവറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ലെന്നും കോൺഗ്രസിൽനിന്ന് വന്നയാളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാല്‍, പി ശശി മാതൃകാപരമായി പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം. പി ശശി സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പാർട്ടി നിയോഗിച്ച് എന്റെ ഓഫീസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരുതരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്റെ പക്കലില്ല. ആരുപറഞ്ഞാലും അവജ്ഞയോടെ തള്ളിക്കളയുകയാണ്. ഒരു തരത്തിലുള്ള പരിശോധനയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരാതികള്‍ മുഖ്യമന്ത്രിയിലേക്കെത്തുന്നില്ല, പി ശശിയില്‍ വന്ന് തട്ടിനില്‍ക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി. ഈ സർക്കാരിനെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാൻ മാത്രമാണ് അദ്ദേഹം അവിടെ ഇരിക്കുന്നത്. അല്ലാത്ത തരത്തില്‍ നടപടി സ്വീകരിച്ചാല്‍ ശശിയല്ല ആർക്കാണേലും അവിടെ ഇരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമപ്രകാരമല്ലാത്ത എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ടാകില്ല, അതിന്റെ വിരോധംവെച്ച് വിളിച്ചുപറഞ്ഞാല്‍ മാറ്റാനാകില്ല.
ആരോപണവിധേയനായ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ഉടന്‍ മാറ്റില്ല. ആരോപണങ്ങളില്‍ എഡിജിപിക്കെതിരേ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം കുറ്റക്കാരനാണെങ്കില്‍ നടപടിയുണ്ടാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.