![]() |
Courtesy |
മഞ്ഞുമലയിൽ ഇടിച്ച് തകർന്ന ടൈറ്റാനിക് കപ്പലിന്റ ശേഷിപ്പുകൾ കാണാനുള്ള യാത്രയിൽ തകർന്ന ടൈറ്റൻ പേടകം പൊട്ടി ചിതറി കിടക്കുന്നതിന്റെ ആദ്യ ചിത്രം പുറത്ത് വിട്ട് യുഎസ് കോസ്റ്റ്ഗാർഡ്. ഒരു പൊതുപരിപാടിയിലാണ് ടൈറ്റന് തകരുമ്പോഴുള്ള ചിത്രം കോസ്റ്റ് ഗാർഡ് പുറത്തുവിട്ടത്. സമുദ്രാന്തർപേടകത്തിന്റെ മദർ വെസലായ പോളാർ പ്രിൻസുമായുള്ള അവസാന സന്ദേശവും കോസ്റ്റ്ഗാർഡ് പുറത്ത് വിട്ടു. ഇവിടെ എല്ലാം ശുഭം എന്നർത്ഥമുള്ള ആൾ ഗുഡ് ഹിയർ എന്നതാണ് ടൈറ്റനിൽ നിന്ന് പോളാർ പ്രിൻസിലേക്ക് ലഭിച്ച അവസാന സന്ദേശം. കടലിനടിയിൽ നിന്നുള്ള പേടകത്തിന്റെ വാലറ്റത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
അറ്റ്ലാൻറിക് സമുദ്രത്തിലെ കടൽത്തറയിൽ തകർന്ന നിലയിൽ കണ്ടെത്തിയ ടെറ്റന്റെ വാൽ അറ്റത്തിൽ നിന്നാണ് സമുദ്രാന്തർ പേടകത്തിന്റെ തകർച്ചയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായത്. 12500 അടി ആഴത്തിൽ നിന്നായിരുന്നു പേടകത്തിന്റെ വാലറ്റം കണ്ടെത്തിയത്. 2023 ജൂൺ മാസത്തിലാണ് ടെറ്റൻ പേടകം തകർന്ന് ഓഷ്യൻ ഗേറ്റ് സിഇഒ അടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ പേടകം തകർന്നതുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ ചാനലിന്റെ ഡോക്യുമെന്ററിയിലാണ് പര്യവേഷകരെ രക്ഷപ്പെടുത്താനാവുമെന്ന പ്രതീക്ഷകൾ നൽകിയ വൻ ശബ്ദം പുറത്ത് വന്നിരുന്നു. ഒരു ലോഹവുമായി കൂട്ടിയിടിക്കുന്നതിന് സമാനമായതായിരുന്നു ഈ ശബ്ദം. ദി ടൈറ്റൻ സബ് ടിസാസ്റ്റർ എന്ന ബ്രിട്ടിഷ് ഡോക്യുമെന്ററി ചാനൽ 5 ലൂടെയാണ് പുറത്ത് വന്നത്.
ടൈറ്റന്റെ യാത്രയും പേടകത്തിന്റെ തകര്‍ച്ചയുമെല്ലാം ലോകത്തിന് അത്ര എളുപ്പത്തില്‍ സംഗ്രഹിച്ചെടുക്കാനാവുന്നതായിരുന്നില്ല. കടലിനടിയിലുണ്ടായ മര്‍ദത്തില്‍ പേടകം തകര്‍ന്നുവെന്നും അതിനകത്തുണ്ടായിരുന്നവരെല്ലാം പേടകത്തിന്റെ തകര്‍ച്ചയില്‍ ഛിന്നഭിന്നമായിരിക്കാമെന്നും ഉള്‍പ്പെടെ പിന്നീട് പുറത്തുവന്ന ഓരോ വാര്‍ത്തകളുടെയും ആഴങ്ങളിലേക്ക് പുതിയ വിവരങ്ങളറിഞ്ഞ മനുഷ്യര്‍ ഊളിയിട്ടു.
ഏറെ സന്തോഷകരമായി ആരംഭിച്ച യാത്ര ദുരന്തമാവാന്‍ അധിക സമയം എടുത്തിരുന്നില്ല. പേടകം യാത്ര പുറപ്പെട്ട് ഒരു മണിക്കൂറും 45 മിനിട്ടും പിന്നിട്ടപ്പോഴേക്കും മദര്‍ വെസലായ പോളാര്‍ പ്രിന്‍സുമായുള്ള ബന്ധം ടൈറ്റന് നഷ്ടപ്പെട്ടിരുന്നു. പിന്നീട് പേടകത്തിന് എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ് അടക്കം വിവിധ രാജ്യങ്ങളുമായി സഹകരിച്ച് നടത്തിയ ദിവസങ്ങള്‍ നീണ്ട തെരച്ചില്‍ നടന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ കടലില്‍ നിന്ന് കേട്ട ശബ്ദം ദൗത്യസംഘത്തിന് പ്രതീക്ഷ നല്‍കുന്നതായിരുന്നെങ്കിലും അത്ഭുതമൊന്നും സംഭവിച്ചില്ല.നാല് ദിവസത്തെ തെരച്ചിലിനൊടുവില്‍ പേടകം തകര്‍ന്നുവെന്ന സ്ഥിരീകരണമുണ്ടായി. പേടകത്തിന്റെ വാല്‍ഭാഗമെന്ന് കരുതുന്ന കൂര്‍ത്ത ഭാഗം കടലിന്റെ അടിത്തട്ടില്‍ കുത്തനെ നില്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പേടകത്തിന്റെ ഒരു വശത്തായി ഓഷ്യന്‍ ഗേറ്റ്, ടൈറ്റന് എന്ന പേരും ദൃശ്യമാകുന്നുണ്ട്.
ടൈറ്റന് മിഷന് സ്പെഷ്യലിസ്റ്റ് റെനെറ്റ റോജാസ് പേടകം തകര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ നല്കിയ സത്യപ്രസ്താവനയിൽ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ടൈറ്റന് പര്യവേഷണ പേടകമായിരുന്നത് കൊണ്ട് തന്നെ അത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ലെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് റോജാസ് പറയുന്നു.
തകര്‍ന്ന ടൈറ്റാനിക് കാണാനുള്ള ആ യാത്ര അപകടസാധ്യതയേറിയതായിരുന്നുവെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ സുരക്ഷിതമല്ലെന്ന് ഒരിക്കലും തോന്നിയില്ലെന്നും അവര്‍ റോജാസ്, സൗത്ത് കരോലീനയിലെ ചാള്‍സ്ടണ്‍ കൗണ്ടി കൗണ്‍സിലിന് മുമ്പില്‍ പറഞ്ഞു.
അന്ന് പേടകത്തിലേക്ക് കയറിയ അഞ്ച് പേരുടെയും ചിരിക്കുന്ന മുഖങ്ങള്‍ ഇപ്പോഴും തന്റെ മുമ്പിലുണ്ടെന്നും സത്യപ്രസ്താവന നല്‍കുന്നതിനിടെ വിതുമ്പികൊണ്ട് റോജാസ് പറഞ്ഞു. ടൈറ്റനെ അപ്പോളോ സ്പേസ് പ്രോഗ്രാമിനോട് ഉപമിച്ച റോജാസ് ഇനിയും പര്യവേഷണങ്ങള്‍ നടത്തുമെന്ന് അറിയിച്ചു.
അപകട സാധ്യത അറിഞ്ഞു കൊണ്ട് തന്നെ മുന്നോട്ട് പോയാല്‍ അല്ലാതെ പര്യവേഷണങ്ങള്‍ ഒന്നും തന്നെ നടക്കില്ലെന്നും, ലോകം ഒന്നുമില്ലാതെ പരന്നു തന്നെ കിടക്കുമെന്നും റോജാസ് സത്യപ്രസ്താവന അവസാനിപ്പിക്കുന്നതിനോടൊപ്പം പറഞ്ഞു.