വധശിക്ഷ നടപ്പാക്കുന്നതിനു മുൻപ് തടവുകാരോട് അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്ന് ചോദിക്കുന്നത് സാധാരണമാണ്. അവർക്ക് അന്ന് കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണം ആവശ്യപ്പെടാനുള്ള അവസരവും അധികൃതർ നൽകാറുണ്ട്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ഒരു കുറ്റവാളിയുടെ അവസാനമായി കഴിക്കാൻ ആഗ്രഹമുള്ള ഭക്ഷണം കേട്ട് ജയിൽ ഉദ്യോഗസ്ഥർ തന്നെ അമ്പരന്നുപോയ ഒരു സംഭവം ഉണ്ടായിട്ടുണ്ട്.
1968 -ല് തന്റെ 28 -ാം വയസ്സില് തൂക്കിലേറ്റപ്പെട്ട വിക്ടർ ഹാരി ഫെഗർ എന്ന കുറ്റവാളിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഒരു ഡോക്ടറുടെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ അറസ്റ്റിൽ ആയത്. പിന്നീട് വിചാരണയ്ക്ക് ശേഷം വിക്ടറിന് കോടതി വധശിക്ഷ വിധിച്ചു. തൂക്കിലേറ്റുന്നതിനു മുൻപ് വിക്ടറിനോട് അവസാനമായി എന്താണ് കഴിക്കാൻ ആഗ്രഹമെന്ന് ജയിൽ ഉദ്യോഗസ്ഥർ ചോദിച്ചിരുന്നു. അതിന് അയാൾ നൽകിയ മറുപടിയാണ് ഏവരെയും ഒന്ന് അമ്പരപ്പിച്ചത്. തന്റെ അവസാന അത്താഴമായി ഒരു ഒലിവ് മാത്രം മതി എന്നായിരുന്നു വിക്ടറിന്റെ ആവശ്യം. അതും കുരു എടുത്തു മാറ്റാത്ത ഒരു 'ഒലിവ് ' ആണ് അദ്ദേഹം ചോദിച്ചത്.
അന്ന് ഹെൻറി ഹാർഗ്രീവ്സ് എന്ന ഫോട്ടോഗ്രാഫർ വിക്ടർ അവസാനമായി ചോദിച്ചു വാങ്ങിയ ഭക്ഷണത്തിന്റെ ഫോട്ടോയും പകർത്തിരുന്നു. " ഒരു ഒലിവ് മാത്രമാണ് അയാൾ തന്റെ അവസാന ഭക്ഷണമായി ആവശ്യപ്പെട്ടത്. അത് ലളിതവും മനോഹരമായിരുന്നു. അത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനം പോലെ, പൂർണ്ണവിരാമം പോലെ ഒന്നായിരുന്നു’ ഹെൻറി ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു. ഒലിവ് സമാധാനത്തിന്റെ വൃക്ഷമായതിനാൽ തന്റെ മരണശേഷം മൃതദേഹത്തിൽ നിന്ന് ഒരു ഒലിവ് മരം വളർന്നു വരുമെന്ന് പ്രതീക്ഷിച്ചാണത്രേ വിക്ടർ അത് ആവശ്യപ്പെട്ടത്.
‘അവസാനമായി പോകാനുള്ളത് ഞാനാണെന്ന് ഉറപ്പായും ഞാൻ കരുതുന്നു’ എന്നായിരുന്നു മരിക്കുന്നതിനു മുൻപുള്ള വിക്ടറിന്റെ അവസാന വാക്കുകൾ. റിപ്പോർട്ട് പ്രകാരം, മയക്കുമരുന്നിന് വേണ്ടി ഒരു രോഗിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് വിക്ടർ ഒരു ഡോക്ടറെ വിളിച്ചു വരുത്തുകയും ഡോക്ടർ മയക്കുമരുന്ന് നൽകാൻ തയ്യാറാകാഞ്ഞതോടെ അയാളെ കൊലപ്പെടുത്തുകയുമായിരുന്നു. കുറ്റകൃത്യവും നടത്തി ദിവസങ്ങൾക്ക് ശേഷം കൊല്ലപ്പെട്ട ഡോക്ടറുടെ കാർ വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വിക്ടർ എഫ്ബിഐയുടെ പിടിയിലായത്. അതേസമയം എല്ലാ തെളിവുകളും തനിക്ക് എതിരായിരുന്നിട്ടും വിക്ടർ കുറ്റം സമ്മതിച്ചില്ല. തുടർന്ന് ഒന്നിലധികം വിചാരണകൾക്ക് ശേഷം ഇയാൾ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.