ഛിന്നഗ്രഹങ്ങളിൽ നിന്നും മറ്റുമായി തെറിച്ചുപോകുന്ന കുഞ്ഞു ശിലാപാളികളും മറ്റും കൂട്ടമായി ഭൗമാന്തരീക്ഷത്തിൽ പതിക്കുന്നതിനെയാണ് ഉൽക്ക മഴ അഥവാ മെറ്റിയോർ ഷവർ എന്ന് വിളിക്കുന്നത്. സൗരയൂഥ രൂപീകരണ കാലം തൊട്ട് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്ന ഇത്തരം അവശിഷ്ടങ്ങൾ പലപ്പോഴായി ഭൂമിയിൽ പതിക്കാറുണ്ട്. ചെറിയ ശിലാ പാളികളായതിനാൽ ഇവ സാധാരണ ഭൂമിയ്ക്ക് ഭീഷണിയാവാറില്ല. പ്രകൃത്യാ സംഭവിക്കുന്ന ഈ പ്രതിഭാസത്തിൽ നിന്ന് വ്യത്യസ്തമായി ചരിത്രത്തിൽ ആദ്യമായി മനുഷ്യനിർമിതമായ ഉൽക്ക മഴ സംഭവിക്കാൻ പോവുന്നു.നാസയുടെ ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ടഷൻ ടെസ്റ്റ് (ഡാർട്ട്) ദൗത്യത്തിന്റെ ഫലമായുണ്ടായ അവശിഷ്ടങ്ങളാണ് ഉൽക്കാമഴയായി ഭൂമിയിലെത്തുക.
ഭൂമിയ്ക്ക് ഭീഷണിയായി വരുന്ന ഛിന്നഗ്രഹങ്ങളിൽ ബഹിരാകാശ പേടകം ഇടിച്ചിറക്കി അവയുടെ ഗതി മാറ്റാൻ സാധിക്കുമോ എന്ന് പരിശോധിക്കുന്നതിനായി രൂപകൽപന ചെയ്ത ദൗത്യമായിരുന്നു ഡാർട്ട്. ഡൈമോർഫിസ് എന്ന ചെറു ഛിന്നഗ്രഹത്തിലാണ് ഡാർട്ട് പേടകം ഇടിച്ചിറക്കിയത്. ഇതിന്റെ ഫലമായി പാറ കഷ്ണങ്ങളും പൊടിപടലങ്ങളുമടങ്ങുന്ന 10 ലക്ഷത്തോളം കിലോഗ്രാം ഭാരം വരുന്ന വലിയ അളവിലുള്ള അവശിഷ്ടങ്ങൾ രൂപപ്പെട്ടു.
ഈ അവശിഷ്ടങ്ങൾ അടുത്ത 10 മുതൽ 30 വർഷക്കാലയളവിൽ ഭൂമിയിലും ചൊവ്വയിലും പതിക്കുമെന്നാണ് കോർണെൽ സർവകലാശാലയിലെ ഗവേഷകർ പറയുന്നത്. ഒരു നൂറ്റാണ്ടുകാലം ഈ ഉൽക്കാ മഴ തുടരുമെന്നും ഗവേഷകർ പറയുന്നു.
ഡൈമോർഫസിൽ നിന്ന് പുറപ്പെട്ട അവശിഷ്ടങ്ങൾ യാതൊരുവിധ ഭീഷണിയും സൃഷ്ടിക്കുന്നില്ല. ധാന്യത്തിന്റെ വലിപ്പമുള്ള അവശിഷ്ടങ്ങളും സ്മാർട്ഫോണിനോളം വലിപ്പമുള്ളവയുമാണ് ഇവ. വലിപ്പക്കുറവും കൂടിയ വേഗവും കാരണം അവ അന്തരീക്ഷത്തിൽ വളരെ വേഗം കത്തിയമരും. ആകാശത്ത് അത് ദൃശ്യമാവുമെന്നും ഗവേഷകർ പറയുന്നു.
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ലൈറ്റ് ഇറ്റാലിയൻ ക്യൂബ് സാറ്റ് ഫോർ ഇമേജിങ് ഓഫ് ആസ്റ്ററോയിഡ്സ് (ലിസിയക്യൂബ്) എന്ന പേടകത്തിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഗവേഷകർ ഉൽക്കാമഴയുമായി ബന്ധപ്പെട്ട പ്രവചനങ്ങൾ നടത്തിയത്. ഡാർട്ട് പേടകത്തെ അനുഗമിച്ച ദൗത്യമാണ് ലിസിയക്യൂബ്.