![]() |
| Courtesy |
വ്യവസായി രത്തൻ ടാറ്റയെ അവസാനമായി ഒരുനോക്കുകാണാൻ പ്രിയ വളർത്തുനായ 'ഗോവ'യും എത്തി. തനിക്ക് താമസസ്ഥലവും പുതുജീവിതവും സമ്മാനിച്ച യജമാനന് അന്ത്യോപചാരം അർപ്പിക്കാനാണ് വളർത്തുനായ എത്തിയത്. ടാറ്റ ഗ്രൂപ്പിന്റെ കോർപറേറ്റ് ആസ്ഥാനമായ ബോംബെ ഹൗസിലെ ഓഫീസിലേക്കുള്ള യാത്രയിൽ രത്തൻ ടാറ്റയുടെ സഹയാത്രികനായിരുന്നു 'ഗോവ' എന്ന വളർത്തുനായ.
ഒരിക്കൽ രത്തൻ ടാറ്റ ഇൻസ്റ്റാഗ്രാമിൽ വളർത്തുനായ ഗോവയുടെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു, 'ഈ ദീപാവലിക്ക് ദത്തെടുത്ത ബോംബെ ഹൗസ് നായ്ക്കൾക്കൊപ്പം ഹൃദയസ്പർശിയായ കുറച്ച് നിമിഷങ്ങൾ, പ്രത്യേകിച്ച് ഗോവ, എന്റെ ഓഫീസ് കൂട്ടാളി.'രത്തൻ ടാറ്റയുടെ മൃതദേഹം വച്ചിരുന്നിടത്തേക്കെത്തിയ ഗോവ, ചുറ്റും നിന്നവരുടെ മനസ്സിൽ നൊമ്പരമായി.
രത്തൻ ടാറ്റയും ‘ഗോവ’യും തമ്മിലുള്ള ബന്ധം വിവരിക്കാവുന്നതിലും വലിയതായിരുന്നു. 2018ൽ ചാൾസ് രാജകുമാരനിൽനിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സ്വീകരിക്കാൻ ടാറ്റയെ ക്ഷണിച്ചിരുന്നു. എന്നാൽ ഗോവക്ക് അസുഖം ബാധിച്ചതിനാൽ അവസാന നിമിഷം രത്തൻ ടാറ്റ തന്റെ യാത്ര റദ്ദാക്കുകയായിരുന്നു.
![]() |
| Courtesy |
ടാറ്റ തന്റെ നായക്ക് ഗോവ എന്ന പേരിട്ടതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.ഒരിക്കല്‍ ഗോവയിലൂടെ യാത്ര ചെയ്യുമ്പോള്‍ ടാറ്റയെ ഒരാള്‍ വിടാതെ പിന്തുടർന്നു. മറ്റാരുമല്ല ഒരു തെരുവുനായ. പുറകെ കൂടിയ നായയെ ടാറ്റ ദത്തെടുത്ത് മുംബൈയിലെ വീട്ടിലേക്ക് കൂട്ടി. നായയ്ക്ക് ഇടാന്‍ ഒരു പേരും ടാറ്റ കരുതിവെച്ചിരുന്നു- ഗോവ. അങ്ങനെയാണ് ടാറ്റയുടെ ബോംബെ ഹൗസിലെ മറ്റ് തെരുവുനായകള്ക്കിടയിലേക്ക് ഗോവ എത്തുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ആസ്ഥാനം കൂടിയാണ് ബോംബെ ഹൗസ്.
മറ്റ് തെരുവ് നായ്ക്കൾക്കൊപ്പം മുംബൈയിലെ ബോംബെ ഹൗസിലാണ് രത്തന്റെ പ്രിയപ്പെട്ട ഗോവയും താമസിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഹെഡ് ഓഫിസായ ബോംബെ ഹൗസിലും താജ് ഹോട്ടലിലും തെരുവ് നായ്ക്കൾക്ക് പ്രവേശിക്കാൻ രത്തൻ അനുവദിച്ചിരുന്നു. മഹാലക്ഷ്മി ഏരിയയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൃഗാശുപത്രിയും രത്തൻ ടാറ്റയുടെ മൃഗസ്നേഹത്തിന് ഉദാഹരണമാണ്. ഇരുനൂറിലധികം കിടക്കകളാണ് ഈ ആശുപത്രിയിൽ ഉള്ളത്.
അതേസമയം ബുധനാഴ്ച രാത്രി അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാര ചടങ്ങുകൾ വർളിയിലെ ഡോ. ഇ. മോസസ് റോഡിലുള്ള പൊതുശ്മശാനത്തിലാണ് നടന്നത്. പാഴ്സി ആചാരപ്രകാരമായിരുന്നു സംസ്കാരം. ദക്ഷിണ മുംബൈയിലെ നരിമാൻ പോയിന്റിലുള്ള നാഷണൽ സെന്റർ ഫോർ പെർഫോമിങ് ആർട്സിൽ നടന്ന പൊതുദർശനത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽപ്പെട്ട നിരവധി പേർ പങ്കെടുത്തു.

