![]() |
| Courtesy |
സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധസംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം.ഹിബാകുഷ എന്നും സംഘടന അറിയപ്പെടുന്നു.
“ആണവായുധങ്ങളില്ലാത്ത ഒരു ലോകം കൈവരിക്കാനും ഇനിയൊരിക്കലും ആണവായുധങ്ങൾ ഉപയോഗിക്കരുതെന്നുമുള്ള ആഹ്വാനത്തിനുമാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.ആണവായുധങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ എങ്ങനെയാകുമെന്ന് മനസ്സിലാക്കാനും ഹിബാകുഷ ആഗോളതലത്തില്‍ നമ്മെ സഹായിക്കുന്നുവെന്നും നൊബേല്‍ കമ്മിറ്റി പറഞ്ഞു. ആണവായുധങ്ങള്‍ക്കെതിരെ ലോകമെമ്പാടും വ്യാപകമായ എതിര്പ്പുണ്ടാക്കുവാനും ഏകീകരിക്കാനും ഹിബാകുഷ വലിയ പങ്കുവഹിച്ചുവെന്നും നോബെൽകമ്മിറ്റി വ്യക്തമാക്കി.
ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായ അണുബോംബുവിസ്ഫോടത്തെ അതിജീവിച്ച് യാതന അനുഭവിച്ചുവരെയാണ് ഹിബാകുഷ എന്ന ജാപ്പനീസ് വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഹിരോഷിമയിലും നാഗസാക്കിയിലും ആണവാക്രമണമുണ്ടായി പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിഹോണ്‍ ഹിഡാന്‍ക്യോ രൂപീകൃതമാകുന്നത്.
ആണവായുധങ്ങള്‍ ലോകത്തുനിന്ന് ഇല്ലാതാക്കുകയും ആണവയുദ്ധങ്ങള്‍ തടയുകയുമാണ് സംഘടനയുടെ ലക്ഷ്യം. ജപ്പാനിലെ ആണവാക്രമണ അതിജീവിതരുടെ ഒരേയൊരു രാജ്യാന്തര സംഘടനകൂടിയാണിത്.ആണവയുദ്ധങ്ങള്‍ തടയുകയും ആണവായുധങ്ങള്‍ ലോകത്തുനിന്ന് തുടച്ചുനീക്കുകയുമാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ ആയ ഇവ സാധ്യമാക്കുന്നതിനായി അന്താരാഷ്ട്ര ഉടമ്പടിയിലെത്തണമെന്നതും ആഗോളസമ്മേളനം വിളിച്ചുചേർക്കണമെന്നതുമൊക്കെ സംഘടനയുടെ ആവശ്യങ്ങളാണ്. ആണവആക്രമണങ്ങള് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കു രാജ്യങ്ങള്‍ തന്നെ നഷ്ടപരിഹാരം നല്‍കണം. ആണവാക്രമണ അതിജീവിതർക്കുള്ള സംരക്ഷണത്തിനായി നിലവിലുള്ള നയങ്ങളും നടപടികളും മെച്ചപ്പെടുത്തണമെന്നും സംഘടനയുടെ ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
