![]() |
| Courtesy |
ഒറ്റ കാഴ്ചയില്‍ ഒരു പ്രേതത്തിന്റെ കരങ്ങള്‍ പോലെ തോന്നാം. അല്ലെങ്കില്‍ അന്യഗ്രഹജീവിയെ പോലെ. ശവക്കല്ലറയില്‍ നിന്ന് ഉയര്‍ന്നുവരുന്ന ജീര്‍ണിച്ച് ചുവന്ന, ദുര്‍ഗന്ധം വമിക്കുന്ന ഒരു കൈ. യുകെയിലെ ഹാംഷയറിലുള്ള ന്യൂഫോറസ്റ്റില്‍ അധ്യാപികയായി വിരമിച്ച ജൂലിയ റോസര്‍ ആണ് 'ചെകുത്താന്റെ വിരലുകള്‍' എന്ന് വിളിക്കപ്പെടുന്ന ഈ അപൂര്‍വ ഫംഗസിനെ കണ്ടെത്തിയത്. അവരതിന്റെ ചിത്രം പകര്‍ത്തുകയും ചെയ്തു.
സാധാരണ ഒക്ടോബര്‍ അവസാനത്തോടെ കാണപ്പെടാറുള്ള ഈ അപൂര്‍വ ഫംഗസിനെ ഈ വര്‍ഷം ആദ്യം ഈര്‍പ്പമുള്ള കാലാവസ്ഥയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് ഈ ഫംഗസിനെ കണ്ടെത്തിയിരുന്നതായി ജൂലിയ റോസര്‍ പറയുന്നു. അതുകൊണ്ടാണ് ഇത്തവണയും ആ പ്രദേശത്ത് ഫംഗസിനായി തിരഞ്ഞത്.
ന്യൂസിലാന്‍ഡ് ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഈ അപൂര്‍വ ഫംഗസ് ഒന്നാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാര്‍ക്കായുള്ള ചരക്കുകള്‍ക്കൊപ്പമാണ് ഫ്രാന്സിലെത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 70 വര്‍ഷം മുമ്പാണ് യുകെയില്‍ ഈ ചെകുത്താന്റെ വിരലുകള്‍ കണ്ടെത്തിയത്. എങ്കിലും അപൂര്‍വമായി മാത്രമേ ഇതിനെ കാണാറുള്ളൂ. അതുകൊണ്ടുതന്നെ ഫംഗസുകളെ കുറിച്ച് പഠിക്കുന്ന മൈക്കോളജിസ്റ്റുകള്‍ക്ക് ഇവ ഒരു വിലപ്പെട്ട കണ്ടെത്തലാണ്.
ഒരു ഗോള്‍ഫ് പന്തിനോളം വലിപ്പമുള്ള ക്രീം നിറത്തിലുള്ള ഉരുണ്ട ഭാഗമുണ്ട് ഇതിന്. ഭാഗികമായി മണ്ണില്‍ കുഴിച്ചിട്ട അവസ്ഥയില്‍ നില്ക്കുന്ന ഈ 'മുട്ടയില്‍' നിന്നാണ് ഈ ഫംഗസ് പുറത്തുവരുന്നത്. നാല് മുതല്‍ എട്ട് വരെ വിരലുകള്‍ ഇതിനുണ്ടാവും. നീരാളിയുടെ കൈകളോട് സമാനമായതിനാല്‍ 'ഒക്ടോപസ് സിറ്റ്ങ്ക്ഹോണ്' എന്ന വിളിപ്പേരും ഇതിനുണ്ട്.
പ്രാണികളെ ആകര്‍ഷിക്കാന്‍ ജീര്‍ണിച്ച മാംസത്തെ പോലുള്ള ദുര്‍ഗന്ധം ഇത് പുറത്തുവിടും. ആകര്‍ഷിക്കപ്പെട്ട് ഇതിന്റെ വിരലുകളില്‍ വന്നിരിക്കുന്ന പ്രാണികളില്‍ ബീജകോശങ്ങള്‍ പറ്റിപ്പിടിക്കും. ഇത് ഫംഗസിന്റെ പുനരുല്പാദനത്തിനും വ്യാപനത്തിനും സഹായിക്കുന്നു.
രണ്ടാം ലോകമഹായുദ്ധസമയത്ത് ഓസ്ട്രേലിയന്‍ പട്ടാളക്കാരാണ് ഇതിനെ യുകെയിലേക്ക് കൊണ്ടുവന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1942-ല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ന്യൂ ഫോറസ്റ്റിലും തെക്കന്‍ ഇംഗ്ലണ്ടിലെ മറ്റ് പ്രദേശങ്ങളിലും ഡെവിള്‍സ് ഫിംഗറുകള്‍ പതിവായി കാണപ്പെടുന്നുണ്ട്. വിഷം ഇല്ലെങ്കിലും ദുര്‍ഗന്ധം കാരണം സാധാരണ ആളുകള്‍ ഇതിനടുത്തേക്ക് പോവാറില്ല.
