![]() |
| Courtesy |
ഇന്ത്യൻ സമുദ്രത്തിൽ ബ്രിട്ടന്റെ കൈവശമായിരുന്ന ഷാഗോസ് ദ്വീപുകൾ മൊറീഷ്യസിനു വിട്ടുനൽകാൻ ഉടമ്പടിയായി. പതിറ്റാണ്ടുകളായി തുടരുന്ന തർക്കത്തിനാണ് ഇതോടെ അവസാനമായത്.ബ്രിട്ടന്റെ ആഫ്രിക്കയിലെ അവസാനത്തെ കോളനിയായിരുന്ന മൗറീഷ്യസ് 1968ലാണ് സ്വതന്ത്രമായത്. മൗറീഷ്യസിൽനിന്ന് 1500 കിലോമീറ്റർ അകലെ കിടക്കുന്ന ചാഗോസ് ദ്വീപുകൾ 1814 മുതൽ ബ്രിട്ടന്റെ അധീനത്തിലായിരുന്നു.അവരതു മൗറീഷ്യസിന്റെ ഭാഗമാക്കി ഭരിച്ചു. മൗറീഷ്യസിനു സ്വാതന്ത്ര്യം നൽകുന്നതിനു മുമ്പ് ചാഗോസിനെ വേർപെടുത്തുകയും ബ്രിട്ടീഷ് ഇന്ത്യാസമുദ്ര പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തു. കോളനികൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനുമുമ്പ് അവ വിഭജിക്കുന്നത് 1960ലെ യു.എൻ പ്രമേയത്തിന്റെ ലംഘനമാണെന്നും അതിനാൽ ചാഗോസ് തങ്ങൾക്ക് തിരിച്ചുകിട്ടണമെന്നുമായിരുന്നു മൗറീഷ്യസിന്റെ ആവശ്യം.
അറുപതോളം ദ്വീപുകൾ അടങ്ങുന്ന ചാഗോസിന്റെ മേലുള്ള പരമാധികാരം തങ്ങൾക്കാണെന്നായിരുന്നു ബ്രിട്ടന്റെ അവകാശവാദം. കൂട്ടത്തിലെ ഏറ്റവും വലിയ ദ്വീപായ ദിയെഗോഗാർഷ്യ 1966ൽ അവർ അമേരിക്കക്ക് സൈനികതാവളം നിർമിക്കാൻ ദീർഘകാല പാട്ടത്തിന് നൽകി. ദിയെഗോഗാർഷ്യയിൽനിന്ന് രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചത് മാനവികതക്കെതിരായ കുറ്റകൃത്യമാണെന്ന് വിമർശനം ഉയർന്നിരുന്നു. അവരെ മൗറീഷ്യസിലും സമീപത്തെ മറ്റൊരു ബ്രിട്ടീഷ് കോളണിയായിരുന്ന സെയ്ഷൽസിലുമാണ് കുടിയിരുത്തിയത്.
അതേസമയം ഇവിടത്തെ ഡീഗോ ഗാർഷ്യ സൈനിക താവളത്തിന്റെ പ്രവർത്തന തുടരുമെന്നും ബ്രിട്ടൺ പറഞ്ഞു. രണ്ട് വർഷമായുള്ള ചർച്ചകളുടെ ഫലമാണ് ഈ തീരുമാനമെന്നും രാജ്യാന്തര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബന്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബ്രിട്ടണും മൗറീഷ്യസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറുന്നതിനായി പതിറ്റാണ്ടുകളായി ബ്രിട്ടന്റെ മേൽ സമ്മർദ്ദമുണ്ട്. എന്നാൽ തന്ത്രപ്രധാനമായ ഡീഗോ ഗാർഷ്യ ദ്വീപിലെ സൈനിക താവളമുള്ളതിനാൽ ബ്രിട്ടൺ ഇതിന് വിസമ്മതിക്കുകയായിരുന്നു. ബ്രിട്ടണും യു.എസ്സും സംയുക്തമായാണ് ഈ സൈനിക താവളം നടത്തുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെയും ഗൾഫ് മേഖലയിലെയും അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് നിർണ്ണായകമാണ് ഈ സൈനിക താവളം.ബ്രിട്ടണും മൗറീഷ്യസും തമ്മിലുണ്ടാക്കിയ ഉടമ്പടിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിനന്ദിച്ചു. സൈനിക താവളത്തിന്റെ പ്രവർത്തനം തുടരുന്നത് ആഭ്യന്തര-അന്തർദേശീയ സുരക്ഷയ്ക്ക് ഏറെ പ്രധാനമാണെന്നും വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ ബൈഡൻ വ്യക്തമാക്കി. അമേരിക്കയുടെ അഫ്ഗാനിസ്താൻ, ഇറാഖ് യുദ്ധത്തിൽ ഡീഗോ ഗാർഷ്യ സൈനിക താവളം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
1965-ലാണ് കോളനിയായിരുന്ന മൗറീഷ്യൻ സ്വതന്ത്രമായ ഘട്ടത്തിൽ ചാഗോസ് ദ്വീപുകളുടെ ഉടമസ്ഥാവകാശം ബ്രിട്ടൺ ഏറ്റെടുത്തത്. തുടർന്ന് സൈനികതാവളം തുടങ്ങാനായി ആയിരക്കണക്കിന് പ്രദേശവാസികളെ ബ്രിട്ടൺ ഇവിടെ നിന്ന് കുടിയൊഴിപ്പിച്ചിരുന്നു. ഇതിനിടയിൽ നിരവധി മനുഷ്യാവകാശ ലംഘനങ്ങളുമുണ്ടായി. ഈ സൈനിക താവളം പിന്നീട് അമേരിക്കയ്ക്ക് ലീസിന് നൽകുകയായിരുന്നു. 1968 മുതൽ ചാഗോസിനായി മൗറീഷ്യസ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇത് വിട്ടുകൊടുക്കാനായി വലിയ അന്താരാഷ്ട്ര സമ്മർദ്ദവും ബ്രിട്ടന്റെ മേലുണ്ടായിരുന്നു. 2019-ൽ അന്താരാഷ്ട്ര നീതിന്യായ കോടതിയും ഐക്യരാഷ്ട്ര സഭയും ദ്വീപ് കൈമാറാൻ ബ്രിട്ടണോട് ആവശ്യപ്പെട്ടിരുന്നു.ദ്വീപിന് മേൽ പരമാധികാരമുണ്ടെന്ന മൗറീഷ്യസിന്റെ അവകാശവാദം അന്താരാഷ്ട്ര നീതിന്യായ കോടതിയും യു.എൻ പൊതുസഭയും അംഗീകരിച്ചത് ബ്രിട്ടന് മേൽ സമ്മർദമുയർത്തി. തുടർന്ന് അവർ ചർച്ചക്ക് തയാറായി. 2022 മുതൽ 13 റൗണ്ട് ചർച്ച നടന്നു. ഒടുവിൽ ബ്രിട്ടൻ അവകാശവാദം ഉപേക്ഷിച്ച് ദ്വീപ് വിട്ടുനൽകാൻ തയാറാവുകയായിരുന്നു.
