![]() |
| Courtesy |
ഭൂതകാലത്തിലെ ചില സംഭവത്തിന്റെ ശേഷിപ്പുകൾ ഭാവിയിൽ നമ്മളെ ചിലപ്പോൾ തേടി എത്തും, അത് ഒരുപക്ഷേ അനുഭവങ്ങൾ ആവാം, സംഭവങ്ങളാവാം അതുമല്ലെങ്കിൽ ചില വ്യക്തികൾ ആവാം അത് നേരിട്ടോ പരോക്ഷമായോ?.അദ്ഭുതങ്ങളുടേയും അപ്രതീക്ഷിത സംഭവങ്ങളുടേയും ഒരു നീണ്ടനിരയാണ് ജീവിതം. അത്തരത്തിൽ ഒരു അമ്പരപ്പിലൂടെ കടന്നുപോയിരിക്കുകയാണ് ചൈനയിലെ ചെങ്ദു സ്വദേശികളും ദമ്പതികളുമായ യെയും സ്യൂവും.
വിവാഹത്തിന് 11 വർഷം മുമ്പ് സ്യൂ എടുത്ത ഒരു ചിത്രത്തിൽ യെയുവിനേയും കണ്ടെത്തി എന്നതാണ് ആ അമ്പരപ്പിന് പിന്നിൽ. ക്വിങ്ദോയിലെ മെയ് ഫോർത്ത് സ്ക്വയറിന്റെ മുമ്പിൽ നിന്ന് എടുത്ത സ്യൂവിന്റെ ചിത്രത്തിലാണ് യെയും അകപ്പെട്ടത്. മെയ് ഫോർത്ത് സ്ക്വയറിന്റെ പശ്ചാത്തലത്തിലാണ് സ്യൂ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇതിന് പിന്നിൽ അവ്യക്തമായി യെയുവിനെ കാണാം. എന്നാൽ ആ സമയത്ത് ഇരുവരും തമ്മിൽ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. 2000-ത്തിൽ അമ്മയ്ക്കൊപ്പം മെയ് ഫോർത്ത് സ്ക്വയർ കാണാനെത്തിയതായിരുന്നു സ്യൂ.
2011-ൽ ചെങ്ദുവിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. പിന്നാലെ വിവാഹതിരായ ഇരുവർക്കും ഇരട്ട പെൺകുട്ടികളും ജനിച്ചു. പിന്നീട് 2018-ൽ സ്യൂവിന്റെ ഫാമിലി ആൽബം മറിച്ചു നോക്കുന്നതിനിടയിലാണ് ഈ ചിത്രം യെയുവിന്റെ കണ്ണിലുടക്കിയത്. തന്റെ മക്കളുടെ മുഖച്ഛായ തന്നെപ്പോലെയാണോ അതോ ഭാര്യ സ്യൂവിനെപ്പോലെയാണോ എന്നറിയാനാണ് സ്യൂവിന്റെ വീട്ടിലെ ആൽബം യെയു പരിശോധിച്ചത്. അതിനിടയിലായിരുന്നു ഈ അമ്പരപ്പിക്കുന്ന കണ്ടുപിടിത്തം.
ഇതു മാത്രമല്ല, ഇരുവരേയും അവിടെ എത്തിച്ചതിൽ അമ്മമാർക്കാണ് നന്ദി പറയേണ്ടത്. മെയ് ഫോർത്ത് സ്ക്വയറിലേക്ക് വിനോദയാത്ര സംഘത്തിനൊപ്പം പോകേണ്ടിയിരുന്നത് യെയുടെ അമ്മയായിരുന്നു. എന്നാൽ അമ്മയ്ക്ക് അസുഖമായതോടെ പകരം യെയുവിനോട് പോകാൻ പറയുകയായിരുന്നു. മൂന്ന് മാസം മുമ്പ് ശസ്ത്രക്രിയ കഴിഞ്ഞ അമ്മയ്ക്കൊപ്പമാണ് സ്യൂ സ്ക്വയറിലെത്തിയത്. ആശുപത്രിക്കിടക്കയിലായിരുന്ന അമ്മയ്ക്കൊരു ആശ്വാസം എന്ന നിലയിലായിരുന്നു ഈ യാത്ര.
ഈ രഹസ്യം കണ്ടെത്തിയതോടെ ഇരുവരും ഒരുമിച്ച് മെയ് ഫോർത്ത് സ്ക്വയറിലേക്ക് ഒരു യാത്ര പോയി. സ്ക്വയറിന് മുന്നിൽ നിന്ന് ഒരു ചിത്രമെടുക്കുകയും ചെയ്തു. അടുത്തിടെ 'സർക്കാസ്റ്റിക് അസ്' എന്ന ഇൻസ്റ്റഗ്രാം പേജിൽ ഈ വിചിത്ര കഥ പങ്കുവെച്ചിരുന്നു. ഇതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. എല്ലാ ദമ്പതികളും ഇപ്പോൾ അവരുടെ ഫോട്ടോ ഗാലറി തിരയുകയാണെന്നും ജീവിതപങ്കാളിയെ വർഷങ്ങൾക്ക് മുമ്പ് തന്നെ നമ്മൾ കണ്ടുമുട്ടും എന്ന് പറയുന്നതിന്റെ തെളിവാണ് ഇതെന്നും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. വിധി എന്നതിന്റെ നിർവചനമാണ് ഇതെന്നും ലോകം എത്ര ചെറുതാണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞെന്നും കമന്റുകളുണ്ട്.
