ഒരവസരത്തിനായി കാത്തിരുന്നു സയണിസ്റ്റ് രാഷ്ട്രം
![]() |
| Courtesy |
ഒരു വർഷം തികഞ്ഞിരിക്കുന്നു. ഹമാസ് നടത്തിയ ആക്രമണത്തെ മറയാക്കി ഇസ്രയേൽ പശ്ചിമേഷ്യയെ, ഇനിയെന്ന് അവസാനിക്കുമെന്നറിയാത്ത കൂട്ട കുരുതിയിലേക്ക് തള്ളിയിട്ടിട്ട്.പരിഷ്കൃത ലോകത്തിന്റെ ഒരു നിബന്ധനകളും വകവെയ്ക്കാതെ ഇസ്രയേൽ തുടരുന്ന ക്രൂര ആക്രമണം ഇനി എന്ന് അവസാനിക്കുമെന്ന പ്രവചനം പോലും അസാധ്യമാക്കുന്നു. ഇനിയും എത്ര ലക്ഷങ്ങൾക്ക് ജീവൻ നഷ്ടപ്പെടുമെന്നും അതിലേറെ പേർ അഭയാർത്ഥി ജീവിതത്തിന്റെ നിത്യമായ അനിശ്ചിതതത്തിലേക്ക് തള്ളപെടുമെന്നും ആർക്കും പറയാനാകുന്നില്ല.
2023 ഒക്ടോബര്‍ 7, അന്നാണ് ഇസ്രയേലില്‍ നോവാ മ്യൂസിക്ക് ഫെസ്റ്റിവല്‍ നടന്നത്. സംഗീതവും നൃത്തവും യുവത്വവും ഇടകലര്‍ന്ന ആഘോഷം. അവിടെ തടിച്ചു കൂടിയിരുന്നവര്‍ എല്ലാം മറന്ന് സംഗീതം ആസ്വദിച്ചു. അവര്‍ നൃത്തം ചെയ്തു. ചുറ്റുമുള്ളതെല്ലാം മറന്നു.
പ്രാദേശിക സമയം 6.30ഓടെ പെട്ടെന്ന് അന്തരീക്ഷം ആകെ മാറി. ആകാശത്ത് എന്തൊക്കെയോ പൊട്ടിത്തെറിക്കുന്നതു പോലെ. ആഘോഷത്തിന്റെ ലഹരിയില്‍ നിന്നതുകൊണ്ടാകാം സംഗീത പരിപാടിയുടെ ഭാഗമായിരിക്കുമെന്നാണ് അവര്‍ കരുതിയത്. പക്ഷെ പെട്ടെന്ന് ഒരു അനൗണ്‍സ്മെന്റ് മുഴങ്ങി- "പരിപാടി ഇവിടെ അവസാനിച്ചിരിക്കുന്നു."പിന്നീട് നിശബ്ദത...എന്നാല്‍ ആ നിശബ്ദത അധികം നേരം നീണ്ടുനിന്നില്ല. തുടര്‍ച്ചയായ സ്ഫോടനങ്ങള്‍...വെടിവെപ്പ്.
ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളുടെയും വ്യോമാക്രമണ പ്രതിരോധ കവചമായ അയണ്‍ ഡോമിന്റെയും കണ്ണുവെട്ടിച്ച് ടെല്‍ അവീവില്‍ ഹമാസിന്റെ ആക്രമണം. ‘ഓപ്പറേഷന് അല്‍ അഖ്സ ഫ്ലഡ്’ എന്ന പേരില്‍ നടത്തിയ ആക്രമണത്തിന്റെ ഭാഗമായി ഇസ്രയേലിലേക്ക് ഹമാസ് തൊടുത്തത് അയ്യായിരത്തോളം റോക്കറ്റുകള്‍. ആക്രമണത്തില്‍ 1,200 ലേറെ ഇസ്രയേല്‍ പൗരന്മാര് കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്കു കടത്തി.ഇതില്‍ 101 പേര് ഇപ്പോഴും ഹമാസിന്റെ പിടിയിലാണ്. ഒക്ടോബർ 7, ആ ദിവസം, പശ്ചിമേഷ്യയുടെ ഭാവി തന്നെ തിരുത്തിയെഴുതപ്പെട്ടു. ഹമാസ് കൊണ്ടുപോയ പലരും പിന്നീട് ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു എന്നത് മറ്റൊരു വസ്തുത.
ഇസ്രായേലിലേക്ക് ഇങ്ങനെ ഒരു ആക്രമണത്തിന് കാരണമെന്ന് ലോക രാഷ്ട്രങ്ങൾക്ക് അറിയാവുന്ന ഒരു തുറന്ന ജയിൽ ആയി തങ്ങളുടെ നാടിനെ മാറ്റിയ, അതായത് ഗാസയെന്ന 360 ചതുരശ്ര കിലോമീറ്റർ മുനമ്പിലേക്ക് എന്തൊക്കെ ഭക്ഷണം വരണമെന്നുപോലും തീരുമാനിച്ചിരുന്ന ഇസ്രയേലിനോടുള്ള എതിർപ്പായിരുന്നു ആ ആക്രമണം.
അപ്രതീക്ഷിത ആക്രമണത്തില്‍ പതറിയെങ്കിലും ‘ഹമാസ് ചെയ്ത വലിയ തെറ്റിന് പകരംവീട്ടു’മെന്ന് പ്രഖ്യാപിച്ച് അല്ലെങ്കിൽ ഒരു അവസരം നോക്കിയിരുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിന്റെ പ്രതികരണം തൊട്ടുപിന്നാലെയെത്തി. തൊട്ടടുത്ത ദിവസം തന്നെ സ്വോര്‍ഡ്സ് ഓഫ് അയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ ഗാസയെ ലക്ഷ്യമിട്ട് വ്യോമാക്രമണം തുടങ്ങി. ഹമാസ് ആക്രമണത്തിന്റെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഗാസയുടെ സ്ഥിതി നരകം.
തുടർന്നങ്ങോട്ട് ഇസ്രയേലിന്റെ നരനായാട്ടായിരുന്നു ലോകം കണ്ടത്. ആദ്യം വ്യോമാക്രമണവും പിന്നീട് 2023 ഒക്ടോബർ 27ഓടെ കര അധിനിവേശവും. അതിനെ പിന്തുണയ്ക്കാൻ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും. ഇസ്രയേലിന്റെ പ്രതിരോധിക്കാനുള്ള അവകാശമായിരുന്നു അവർ പറഞ്ഞ ന്യായം. 1948 മുതൽ ഇസ്രയേൽ നടത്തുന്ന അധിനിവേശ പ്രവർത്തനത്തെ പ്രതിരോധിക്കാനുള്ള പലസ്തീൻ ജനതയുടെ അവകാശത്തെ പക്ഷെ അവർ മറന്നു. അല്ലെങ്കിൽ വകവച്ചില്ല. ഹമാസ് രൂപികരിക്കപ്പെടുന്നതിന് എത്രയോ മുമ്പെ തുടങ്ങിയതായിരുന്നു ഇസ്രായേലിന്റെ അധിനിവേശം.
അധിനിവേശ കിഴക്കന്‍ ജറുസലേമിലെ ഇസ്ലാമിന്റെ മൂന്നാമത്തെ വിശുദ്ധ കേന്ദ്രമായ അല്‍-അഖ്സ പള്ളിയിലെ റെയ്ഡുകളും അധിനിവേശ വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റങ്ങളും ഹമാസ് കാരണങ്ങളായി നിരത്തി. ഇസ്രയേലിലെ ആയിരക്കണക്കിന് പലസ്തീന് തടവുകാരെ മോചിപ്പിക്കണമെന്നും ഇസ്രയേലും ഈജിപ്തും ചേര്‍ന്ന് ഗാസ മുനമ്പിലെ ഉപരോധം അവസാനിപ്പിക്കണമെന്നും ഹമാസ് ആവശ്യമുന്നയിച്ചു.
എന്നാല്‍, ഇസ്രയേല്‍ ഈ ഒരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു എന്നുവേണം കരുതാന്‍. പിന്നീടങ്ങോട്ടുള്ള ഇസ്രയേലിന്റെ പ്രതികരണം ആ വിധത്തിലായിരുന്നു. 9/11 ആക്രമണങ്ങള്‍ക്ക് പിന്നാലെ 'ആഗോള തീവ്രവാദത്തിന്' എതിരെയുള്ള യുഎസിന്റെ പടപ്പുറപ്പാടിനോട് ഇതിനെ കൂട്ടിവായിക്കാം. ശത്രുവായി ലേബല്‍ ചെയ്യപ്പെടുന്ന രാജ്യം, സ്വത്വം, മനുഷ്യര്‍ എന്നിവര്‍ കാരണങ്ങളില്ലാതെ ലോകത്താകമാനം കൊല്ലപ്പെട്ടപ്പോള്‍ 'ആഗോള തീവ്രവാദത്തിന്റെ' നിര്‍വചനം മാറിക്കൊണ്ടിരുന്നു. മറ്റൊരർത്ഥത്തിൽ, അത് മുന്നോട്ട് വെച്ചവര്‍ മാറ്റിക്കൊണ്ടിരുന്നു.
ഒക്ടോബര്‍ 7ലെ ആക്രമണത്തിനു ശേഷം ഇസ്രയേല്‍ ഹമാസിനെതിരെ നടത്തിയ തിരിച്ചടികളും അതേ വിധത്തിലായിരുന്നു. ഒരോ ആക്രമണവും ഹമാസിനെ ലക്ഷ്യമാക്കിയെന്ന് പ്രസ്താവിച്ചു. എന്നാല്‍ കൊല്ലപ്പെടുന്നതോ? കുട്ടികളും സ്ത്രീകളും വൃദ്ധരും. ഇവര്‍ ഏതുതരത്തിലാണ് ഇസ്രയേലിനു സംഭവിച്ച നഷ്ടങ്ങളുടെ കാരണമാകുന്നത് എന്നു ചോദിച്ചാല്‍, ഇവരെയൊക്കെ ഹമാസ് മറയാക്കുന്നു എന്ന ഒരൊറ്റ മറുപടിയേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഇസ്രയേല്‍ പ്രതിരോധ സേനക്കുമുള്ളൂ. പലസ്തീന് വംശഹത്യക്ക് ഹമാസ് ആക്രമണം ഇസ്രയേല്‍ ഒരു കാരണമാക്കി. പലസ്തീന് സ്വത്വത്തെ ഒന്നാകെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കാന്‍ ഒക്ടോബര്‍ 7നെ ഇസ്രയേല്‍ വിദഗ്ധമായി ഉപയോഗിച്ചു. പലസ്തീനിലെ കുട്ടികള്‍ അതിന്റെ തെളിവാണ്. അതിനെ സാധൂകരിക്കുന്ന ചില കണക്കുകളിലേക്ക് കടക്കാം.
ഗാസയില്‍ സ്കൂള്‍ വിദ്യാഭ്യാസം മുടങ്ങിയത് 6,30,000 കുട്ടികള്‍ക്കാണ്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 9,839 വിദ്യാര്‍ഥികല്‍ കൊല്ലപ്പെട്ടു.കുറഞ്ഞത് 411 അധ്യാപകരും സ്കൂള്‍ സ്റ്റാഫുകളും ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍. 85 ശതമാനം സ്കൂള്‍ കെട്ടിടങ്ങളും തകര്‍ന്നുകഴിഞ്ഞു. അതായത്, 564 സ്കൂളുകളില്‍ 477 എണ്ണവും തകര്‍ന്നു. ഹമാസ് സ്കൂളുകള്‍ മറയാക്കുന്നു എന്ന ന്യായീകരണം ഒരോ ആക്രമണം കഴിയുമ്പോഴും ഇസ്രയേല്‍ പ്രതിരോധ സേന ആവര്‍ത്തിച്ചു.
ആക്രമണങ്ങളുടെയും മരണങ്ങളുടെ നാശനഷ്ടങ്ങളുടെയും ഒരു ഏകദേശ കണക്ക് കാരണം പുറത്തുവരുന്ന കണക്കുകളും യാഥാർത്ഥ്യവും തമ്മിൽ തെളിവില്ലായ്മ മൂലം അന്തരങ്ങൾ ഏറെ ഉണ്ടാവാം.... ഇതുവരെയുള്ള!
42000-ലധികം മനുഷ്യർ കൊല്ലപ്പെട്ടു
96000-ലധികം പേർക്ക് പരുക്കേറ്റു
10000 ത്തിലധികം പേർ കാണാതായി
കൊല്ലപ്പെട്ടവരിൽ 11000-ലധികം കുട്ടികളും 6000-ത്തിലധികം സ്ത്രീകളും
19 ലക്ഷം പേർ കുടിയിറക്കപ്പെട്ടു
മുഴുവൻ ജനതയും പട്ടിണിയിലാണ്
കുടിവെള്ളവും ജീവൻ രക്ഷാമരുന്നും ലഭിക്കാതെ കിടക്കാൻ സുരക്ഷിതമായൊരു ഇടമില്ലാതെ ഓരോ നിമിഷവും ഫൈറ്റർ ജെറ്റുകളുടെ കാതടപ്പിക്കുന്ന ഒച്ചയിൽ ഭയന്ന് കഴിയുകയാണ് അവശേഷിക്കുന്ന പലസ്തീൻ ജനത.
ആകെയുണ്ടായിരുന്ന 36 ആശുപത്രികളിൽ 15 എണ്ണം മാത്രമാണ് ഇന്ന് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്
986 ആരോഗ്യപ്രവർത്തകരെയും 128 മാധ്യമപ്രവർത്തകരെയുമാണ് ഇസ്രയേലി സൈന്യം വധിച്ചത്
18.5 ബില്യൺ ഡോളറിന്റെ നാശനഷ്ടം ഗാസയിലുണ്ടായി ആശുപത്രികളും സ്കൂളുകളും കുടിയിറക്കപ്പെട്ടവർക്ക്
അഭയമായിരുന്ന ക്യാമ്പുകളും ഉൾപ്പെടെ ഇസ്രയേൽ മിസൈൽ ആക്രമണത്തിലൂടെ ഇല്ലാതാക്കി
ഗാസ മുനമ്പിലെ 66% റെസിഡൻഷ്യൽ കെട്ടിടങ്ങളും 124 സ്കൂളുകളും ഇസ്രയേൽ തകർത്തിട്ടുണ്ടെന്നാണ് കണക്ക്.
ഒരു വർഷം തികയുമ്പോൾ..
ആക്രമണവും മൃഗീയമായ തിരിച്ചടിക്കും ഒരു വർഷം തികയുമ്പോൾ ഇസ്രായേൽ കൂട്ടക്കുരുതി സമീപ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. ലബനനില്‍ പേജർ ആക്രമണം ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത വിധം വിചിത്ര ആക്രമണമാണ് ഇസ്രയേൽ നടത്തിയത്.
പടിഞ്ഞാറൻ അതിർത്തിയിൽ ഗാസയിലെ ഹമാസുമായാണ് ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതെങ്കിലും നിലവില്‍ നാലുദിക്കില്‍നിന്നും ആക്രമണം നേരിടുന്ന അവസ്ഥയാണ്. യുദ്ധം തുടങ്ങി ഉടന്‍ തന്നെ വടക്കന്‍ അതിര്‍ത്തിയില്‍ ലബനനിലെ ഹിസ്ബുല്ലയും ഇറാനും ഇസ്രയേലിനെതിരെ രംഗത്തെത്തിയിരുന്നു. ലബനനില്‍ ഇസ്രയേല്‍ നടത്തിയ പേജര്‍ ആക്രമണങ്ങളില്‍ നിരവധി സാധാരണക്കാർ ഉൾപ്പെടെയുള്ള ഹിസ്ബുല്ല പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ ആക്രമണ-പ്രത്യാക്രമണങ്ങളില്‍ ഹിസ്ബുല്ല മേധാവി ഹസന് നസ്റല്ലയുള്‍പ്പെടെ വധിക്കപ്പെടുകയും ചെയ്തു. ഏറ്റവും ഒടുവിൽ ഇസ്രയേലിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തുക വരെ ചെയ്തു, അതിനു പക്ഷേ ഈ വാർഷികത്തിന് തൊട്ടുമുമ്പ് വരെ ഇസ്രയേൽ മറുപടി നൽകിയിട്ടില്ല എന്ന് മാത്രം.
