രണ്ട് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ,അതിൽ തന്നെ ഒരു സംസ്ഥാനത്ത് ഒരു ദശാബ്ദത്തിന് ശേഷമാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത് എന്ന വസ്തുത നിലനിൽക്കെ അഭിപ്രായ സർവൈകൾ പാടെ തല തിരിയുന്ന കാഴ്ചയാണ് കണ്ടത്, അതോടൊപ്പം ചില ഫലങ്ങൾ പുറത്തു വരുന്നതിൽ താമസവും.
ബിജെപി ഭരണ അവസാനിച്ച് കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് എല്ലാ അഭിപ്രായ സർവൈകളും പറഞ്ഞിടത്ത് ആദ്യ ഒന്നര – രണ്ടു മണിക്കൂറിൽ ഹരിയാനയിൽ ലീഡ് നിലയിൽ വ്യക്തമായ ആധിപത്യം കാണിച്ച കോൺഗ്രസ് വെറും അരമണിക്കൂർ കൊണ്ടു പിന്നിലേക്കു പോയി. ജമ്മു കശ്മീരിൽ തൂക്കുസഭയെന്ന പ്രവചനങ്ങൾ കാറ്റിൽപറത്തി നാഷനൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സ്വതന്ത്രരെ ഇറക്കി ബിജെപി നടത്തിയ കളിയിൽ പിഡിപിക്ക് അടിതെറ്റിയെങ്കിലും അവിടെ നാഷനൽ കോൺഫറൻസ് (എൻസി)– കോൺഗ്രസ് സഖ്യം അധികാരം പിടിച്ചു.
എക്സിറ്റ് പോൾ പ്രവചനങ്ങൾ പോലെ ഹരിയാനയിൽ ആധിപത്യ വിജയമെന്ന് ഉറപ്പിച്ചു പുലർച്ചെ ആറു മുതൽ ഡൽഹി എഐസിസി ആസ്ഥാനത്തിനു പുറത്ത് ആഘോഷങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ കാത്തുനിന്നു. ആദ്യ മണിക്കൂറിലെ മുന്നേറ്റത്തിനു പിന്നാലെ കോണ്‍ഗ്രസിനു തിരിച്ചടി നൽകി ബിജെപി മുന്നേറിത്തുടങ്ങി. കണക്കുകള്‍ പ്രകാരം 48 സീറ്റുകളില്‍ ബിജെപി ലീഡ് നേടിയപ്പോൾ കോണ്‍ഗ്രസിന്റെ ലീഡ് 37 ലേക്കു ചുരുങ്ങി. ആദ്യ ഒന്നര – രണ്ടു മണിക്കൂറുകളിൽ കോൺഗ്രസ് മികച്ച പ്രകടനം നടത്തിയപ്പോൾ പാർട്ടി ആസ്ഥാനത്ത് മധുരപലഹാരങ്ങൾ വിതരണം ചെയ്താണ് പ്രവർത്തകർ ആഘോഷമാക്കയത്. ഒരു ഘട്ടത്തിൽ 60 സീറ്റിൽ വരെ ലീഡ് നിലയെത്തി.
പെട്ടെന്നാണ് സാഹചര്യം മാറിയത്. കോൺഗ്രസ് ലീഡ് കുറഞ്ഞ് ബിജെപി മുന്നേറിത്തുടങ്ങി. അതോടെ, പാർട്ടി ആസ്ഥാനത്തിനു പുറത്ത് പ്രവർത്തകർക്കിടയിൽ നിശബ്ദത പടർന്നു. വോട്ടെണ്ണൽ ഫലം വൈകിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി. ഗ്രാമീണ മേഖലകളിൽ കോൺഗ്രസ് മുന്നിലെത്തിയതാണ് ആദ്യ ഫല സൂചനകളിൽ കണ്ടത്. പക്ഷേ, നഗര മേഖലകളിലേക്കു വന്നപ്പോൾ ആ നേട്ടം തുടരാൻ കോൺഗ്രസിനു കഴിഞ്ഞില്ല. അതേസമയം, വോട്ടെണ്ണൽ തുടങ്ങി മൂന്നു മണിക്കൂർ ആയപ്പോൾ വ്യക്തമായ ലീഡ് നില വന്നതോടെ ബിജെപി മൂന്നാം സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടങ്ങി.
പത്ത് വർഷത്തിനിപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിൽ, ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ മുന്നണി ബഹുദൂരം മുന്നിലെത്തി. വോട്ടെണ്ണലിൻ്റെ ആദ്യ മിനിറ്റുകൾ മുതൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ലീഡ് തുടരുകയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് ജമ്മു കശ്മീരിൽ അലയടിക്കുന്നത്.
കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം 48 സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്. 29 ഇടത്ത് ബിജെപിയും ലീഡ് ചെയ്യുന്നുണ്ട്. 9 ഇടത്ത് സ്വതന്ത്രരും, മൂന്നിടത്ത് മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ഒരിടത്ത് ആപ്പിനും സീറ്റ് കിട്ടി.
2014ലാണ് ജമ്മു കശ്മീരിൽ അവസാനമായി നിയമസഭ തെരഞ്ഞെടുപ്പു നടന്നത്. 2018ൽ ബിജെപി പിന്തുണ പിൻവലിച്ചതോടെ സർക്കാർ തകരുകയും ഗവർണറുടെ കീഴിലേക്ക് അധികാരം വഴിമാറുകയും ചെയ്തു. കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കൽ, പ്രധാന നേതാക്കളെ വീട്ടുതടങ്കലിലാക്കൽ എന്നിവ ഉൾപ്പെടെ നിരവധി രാഷ്ട്രീയ നീക്കങ്ങൾക്ക് ജമ്മു കശ്മീർ സാക്ഷിയായി.
പത്ത് വർഷത്തിനിപ്പുറം തെരഞ്ഞെടുപ്പ് നടന്നപ്പോൾ കോൺഗ്രസ് - നാഷണൽ കോണ്‍ഫറൻസ് കൂട്ടുകെട്ടിലെ ഇന്ത്യ സഖ്യത്തിന് കശ്മീരിൽ നേരിയ മുൻതൂക്കം പ്രവചിച്ചിരുന്നു. പിഡിപിക്ക് രണ്ടക്കത്തിൽ കൂടുതൽ സീറ്റ് പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ വിരളമാണ്. ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം.
![]() |
| Courtesy |
ജമ്മു കശ്മീരിന്റെ പുതിയ മുഖ്യമന്ത്രിയായി തന്റെ മകന് ഒമര്‍ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള. പത്തു വര്‍ഷത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം 48 സീറ്റ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഫറൂഖ് അബ്ദുള്ള രംഗത്തു വന്നത്.
''ജനങ്ങള്‍ അവുടെ അധികാരം വിനിയോഗിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് (ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍) എടുത്ത തീരുമാനം അംഗീകരിക്കുന്നില്ലെന്ന് അവര്‍ തെളിയിച്ചു. ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും''- ഫറൂഖ് അബ്ദുള്ള പറഞ്ഞു.
കോൺഗ്രസിന് പരാതി
ഹരിയാനയിൽ തിരഞ്ഞെടുപ്പ് ബിജെപി അട്ടിമറിച്ചൂവെന്ന് കോൺഗ്രസ്. ഇവിഎം പ്രവർത്തനത്തെ കുറിച്ചും വോട്ടെണ്ണലിനെ കുറിച്ചും പാർട്ടിക്ക് ഗുരുതര പരാതികൾ ലഭിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിൽ നിന്നും പരാതി ലഭിച്ചു. പരാതി സംബന്ധിച്ച് ഹരിയാനയിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. വിവരം ശേഖരിക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളിൽ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും ഹരിയാനയിലെ ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. സംസ്ഥാനത്തെ വിവിധ സ്ഥാനാർത്ഥികൾ വിഷയത്തിൽ ഗൗരവമായ ആശങ്കയറിയിച്ചിട്ടുണ്ട്. ഹരിയാനയിൽ ഇന്ന് കണ്ടത് കൃത്രിമത്വത്തിൻ്റെ വിജയമാണ്. ജനഹിതം അട്ടിമറിച്ചതിൻ്റെ ആഘോഷം. ഹരിയാനയിലെ ബിജെപിയുടെ വിജയം സുതാര്യമായ ജനാധിപത്യ പ്രക്രിയയെ പരാജയപ്പെടുത്തുന്നതാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു. ഹരിയാന തിരഞ്ഞെടുപ്പ് പോരാട്ടം അവസാനിച്ചിട്ടില്ല. തുടർ നീക്കങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ പാർട്ടി പദവി പോവില്ല : വടക്കേ അറ്റത്തും 'കനൽ' ഒരു തരി ഉണ്ട്!
![]() |
| Courtesy |
കശ്മീരിലെ മഞ്ഞുമലകൾക്കിടയിൽനിന്നു കനലൊരു തരിയായി വീണ്ടുമൊരു വിപ്ലവ നക്ഷത്രം. കേന്ദ്ര സർക്കാർ ജമ്മു കശ്മീരിനോടു കാട്ടിയ അനീതികൾ എണ്ണിപ്പറഞ്ഞ് വോട്ടു ചോദിച്ച കുൽഗാമിലെ സിപിഎം സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമിക്ക് മിന്നും ജയം. രാജ്യത്തിന്റെ തെക്കേയറ്റമായ കേരളത്തിൽ സിപിഎമ്മിനു സ്വന്തമായി 59 എംഎൽഎമാരാണ് ഉള്ളതെങ്കിൽ വടക്കേയറ്റത്ത് കശ്മീരിന്റെ ശബ്ദമാകാൻ നിയമസഭയിൽ സിപിഎമ്മിന് മുഹമ്മദ് യൂസഫ് തരിഗാമിയുമുണ്ടാകും.
തുടർച്ചയായി അഞ്ചാം തവണയാണ് അദ്ദേഹത്തിൻറെ വിജയം.1996 മുതല്‍ കുല്‍ഗാമിന്റെ എംഎല്‍എയാണ്. 1996ന് ശേഷം 2002, 2008, 2014 തെരഞ്ഞെടുപ്പുകളില്‍ കുല്‍ഗാമില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ചു. ജമ്മു കശ്മീര്‍ നിയമസഭയില്‍ എത്തിയ ഏക കമ്യൂണിസ്റ്റ് നേതാവ് കൂടിയാണ് തരിഗാമി.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള ഇന്ത്യ സഖ്യത്തിനൊപ്പം ചേര്‍ന്നാണ് ഇത്തവണ സിപിഎം ജമ്മു കശ്മീരില്‍ മത്സരിച്ചത്. ശക്തമായ മത്സരമായിരുന്നു കുല്‍ഗാമില്‍ നടന്നത്. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സയ്യര്‍ അഹ്മദ് റേഷി കുല്‍ഗാമില്‍ തരിഗാമിക്ക് വെല്ലുവിളിയുയര്‍ത്തിയിരുന്നു.
ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് ജമാഅത്തെ ഇസ്ലാമി, റേഷിയെ സ്വതന്ത്ര സ്ഥാനാർഥിയാക്കി നിര്‍ത്തിയതെന്ന് തരിഗാമി ആരോപണമുന്നയിച്ചിരുന്നു. സിപിഎമ്മിനെ തോല്‍പ്പിക്കാനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

