![]() |
| Courtesy |
ഭൗതികശാസ്ത്രത്തിനുള്ള 2024ലെ നൊബേല് പുരസ്കാരം പങ്കിട്ട് രണ്ട് ശാസ്ത്രജ്ഞർ. അമേരിക്കൻ ഗവേഷകൻ ജോൺ ജെ ഹോപ്ഫീൽഡ്, കനേഡിയൻ ഗവേഷകൻ ജെഫ്രി ഇ ഹിന്റൺ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. നിർമിതബുദ്ധിക്ക് അടിസ്ഥാനമായ മെഷീൻ ലേണിങ് സങ്കേതം വികസിപ്പിച്ചതിനാണ് ഇരുവരും പുരസ്കാരത്തിന് അർഹമായത്.
നിർമിത ന്യൂറൽ ശൃംഖലകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് പ്രാപ്തമാക്കിയ മൗലികമായ കണ്ടെത്തലുകൾക്കും നൂതനാവിഷ്കാരങ്ങൾക്കുമാണ് ഇരുവർക്കും ബഹുമതി നൽകുന്നതെന്ന് നൊബേൽ അക്കാദമി അറിയിച്ചു. ഭൗതികശാസ്ത്രത്തിന്റെ സങ്കേതങ്ങൾ ഉപയോഗിച്ചാണ് മെഷീൻ ലേണിങ്ങിന്റെ അടിസ്ഥാനരീതികൾ ഇരുവരും വികസിപ്പിച്ചത്.
ഡേറ്റയിൽ ചിത്രങ്ങളും മറ്റു തരത്തിലുള്ള പാറ്റേണുകളും സംഭരിക്കാനും പുനർനിർമിക്കാനും കഴിയുന്ന അനുബന്ധ മെമ്മറി ജോൺ ഹോപ്പ്ഫീൽഡ് സൃഷ്ടിച്ചു. ജെഫ്രി ഹിൻ്റണാവട്ടെ, ഡേറ്റയിൽ സ്വയമേവ വസ്തുക്കൾ കണ്ടെത്താനും ചിത്രങ്ങളിലെ പ്രത്യേക ഘടകങ്ങൾ തിരിച്ചറിയുന്നതുപോലുള്ള ജോലികൾ ചെയ്യാനും കഴിയുന്ന രീതി ആവിഷ്കരിച്ചു.
യു എസ് ന്യൂജേഴ്സി പ്രിൻസെറ്റൺ സർവകലാശാലയിലെ ഗവേഷകനാണ് ജോൺ ജെ ഹോപ്ഫീൽഡ്. ജെഫ്രി ഇ ഹിന്റൺ കാനഡ ടൊറന്റോ സർവകലാശാലയിലെ ഗവേഷകനും
‘‘ഇന്നത്തെ ശക്തമായ മെഷീൻ ലേണിങ് സംവിധാനത്തിന് അടിസ്ഥാനം പാകിയത് ഇരുവരും ഭൗതികശാസ്ത്രത്തെ ഉപയോഗിച്ചുനടത്തിയ ഗവേഷണങ്ങളാണ്’’ – ജെഫ്രിയെയും ഹോപ്ഫീൽഡിനെയും കുറിച്ച് നൊബേൽ കമ്മിറ്റി പറഞ്ഞത് ഇങ്ങനെ.
ഇന്നത്തെ ചാറ്റ് ജിപിടി പോലുള്ള ഭാഷാ മോഡലുകളിൽ പ്രധാനമാണ് ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്വർക്കുകളിലും മെഷീനുകളെ പഠിക്കാൻ അനുവദിക്കുന്ന അടിസ്ഥാന അൽഗോരിതങ്ങളിലുമുള്ള ഇവരുടെ പ്രവർത്തനം. മനുഷ്യന്റെ തലച്ചോറിൽ ചിത്രങ്ങൾ പോലെ കാര്യങ്ങളെങ്ങനെ ശേഖരിക്കപ്പെടുന്നോ അതുപോലെ കംപ്യൂട്ടറിന് ഓർമിച്ചു വയ്ക്കാൻ പറ്റുന്ന മെമ്മറി വികസിപ്പിച്ച് എടുത്തത് ജോൺ ഹോപ്ഫീൽഡ് ആണ്. അസോഷ്യേറ്റഡ് മെമ്മറി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ചിത്രങ്ങളിലെ തിരിച്ചറിയാവുന്ന വസ്തുക്കൾ ഡേറ്റയായി ഓർമിച്ചു വയ്ക്കാൻ കംപ്യൂട്ടറിനെ സഹായിക്കുന്ന മാതൃകകൾ നിർമിച്ചത് ജെഫ്രി ഹിന്റനാണ്. ഇവരുണ്ടാക്കിയ മാതൃകകളാണ് മെഷീനുകളെ തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കുന്നത്. സയൻസ്, എൻജിനീയറിങ് തുടങ്ങി ദൈനംദിന ജീവിതത്തിൽവരെ വലിയ മാറ്റങ്ങളുണ്ടായേക്കാവുന്ന കണ്ടുപിടിത്തങ്ങളാണ്.
ഇന്ന് ഫോണിൽ ഉപയോഗിക്കുന്ന സിരി, ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള വോയ്സ് റെക്കഗ്നിഷൻ സർവീസുകൾ; നെറ്റ്ഫ്ലിക്സ്, ആമസോൺ, സ്പോട്ടിഫൈ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ സിനിമകളും പാട്ടുകളും ഉപഭോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് റെക്കമെൻഡ് ചെയ്യുക; ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പേരിൽ വരുന്ന വ്യാജ, സ്പാം കോളുകൾ തിരിച്ചറിഞ്ഞ് തടയുക തുടങ്ങിയവ നിത്യജീവിതത്തിൽ മെഷീൻ ലേണിങ് വച്ച് ഉപയോഗിക്കുന്നവയിൽ ചിലതു മാത്രമാണ്.
എഐയുടെ തലതൊട്ടപ്പൻ എന്നാണ് പ്രഫ. ഹിന്റനെ വിശേഷിപ്പിക്കുന്നത്. മെഷീനുകൾ മനുഷ്യരെ മറികടക്കുമെന്നും അപകടസാധ്യതയുണ്ടെന്നും മുന്നറിപ്പു നൽകിയ ആളാണ് 2023ൽ ഗൂഗിളിൽനിന്ന് രാജിവച്ചിറങ്ങിപ്പോയ ഹിന്റൻ.
