![]() |
| Courtesy |
രാജ്യത്തെമ്പാടും 13,000-ൽ അധികം ട്രെയിനുകൾ ദിനംപ്രതി സർവീസ് നടത്തുന്നുണ്ട്. ഇവയിൽ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരെ ടിക്കറ്റ് എക്സാമിനർമാർ പിടികൂടുന്നതും പഴിയൊടുക്കുന്നതുമൊക്കെ പതിവായി കേൾക്കുന്ന വാർത്തകളാണ്. എന്നാൽ, യാത്രചെയ്യാൻ ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ലാത്ത ഒരു ട്രെയിൻ സർവീസിനേപ്പറ്റി കേട്ടിട്ടുണ്ടോ? അങ്ങനെയൊന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.
ഭക്രാ- നംഗൽ ട്രെയിൻ സർവീസാണ് രാജ്യത്ത് സൗജന്യയാത്ര അനുവദിക്കുന്ന ഏക തീവണ്ടി സർവീസ് കഴിഞ്ഞ 75 വർഷമായി ഈ റൂട്ടിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാർ ടിക്കറ്റ് എടുക്കാതെയാണ് യാത്രചെയ്യുന്നത്. 27.3 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ പാത. 30 മിനിറ്റ് സമയമാണ് ഇത്രയും ദൂരം യാത്രചെയ്യാൻ വേണ്ടത്. ഇപ്പോൾ ഈ ട്രെയിൻ സർവീസിൻറെ 75-ാം വാർഷികം ആഘോഷിക്കുകയാണ്.ഹിമാചൽ പ്രദേശ്, പഞ്ചാബ് അതിർത്തിയിലൂടെ ഭക്രയ്ക്കും നംഗലിനും ഇടയിൽ സഞ്ചരിക്കുന്ന ഈ തീവണ്ടി ശിവാലിക് മലനിരകളിലൂടെ സഞ്ചരിക്കുമ്പോൾ സത്ലജ് നദിയും മുറിച്ചുകടക്കുന്നുണ്ട്.
നങ്കലിൽനിന്ന് ഭക്രയിലെത്താൻ യാത്രാസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത്, 1948-ലാണ് ഈ ട്രെയിൻ സർവീസ് ആരംഭിച്ചത്. ഭക്രാ- നംഗൽ ഡാമിൻറെ പണി നടന്നുകൊണ്ടിരുന്ന സമയം ആയതിനാൽ മെഷീനറികളും ആളുകളെയും റെയിൽമാർഗം എത്തിക്കുകകൂടി ലക്ഷ്യമിട്ടാണ് ഈ സർവീസ് ആരംഭിച്ചത്. സ്റ്റീം എഞ്ചിനുകളാണ് തുടക്ക കാലത്ത് ട്രെയിനിൽ ഉപയോഗിച്ചിരുന്നത്. പിന്നീട് 1953-ൽ മൂന്ന് ആധുനിക എഞ്ചിനുകൾ അമേരിക്കയിൽനിന്ന് എത്തിക്കുകയായിരുന്നു.എന്നാൽ ട്രെയിനിന്റെ അറുപതു വർഷം പഴക്കമുള്ള എഞ്ചിൻ ഇപ്പോഴും ഉപയോഗത്തിലുണ്ട്.
എല്ലാദിവസവും രാവിലെ 7.05-ന് നംഗൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 8.20-ന് ഭക്രയിൽ എത്തും. വൈകുന്നേരം 3.05-നാണ് മറ്റൊരു ട്രിപ്പുള്ളത്. ഇത് 4.20 ആകുമ്പോഴേക്ക് ഭക്രയിലെത്തും. ഇന്ത്യൻ റെയിൽവേയുടെ മേൽനോട്ടത്തിലല്ല, ഭക്ര ബീസ് മാനേജ്മെന്റ് ബോർഡ് ആണ് ഈ റെയിൽവേ സർവീസ് നടത്തുന്നത് എന്നതും സവിശേഷതയാണ്.
ഈ തീവണ്ടിയുടെ ബോഗികളും പ്രത്യേകത ഉള്ളവയാണ്. കറാച്ചിയിൽ നിർമിച്ചതാണ് അവ. ട്രെയിനുള്ളിലെ സീറ്റുകൾ ബ്രിട്ടീഷ് കാലഘട്ടത്തിൽ രാജ്യത്തുണ്ടായിരുന്നു ഓക്കുമരങ്ങൾ കൊണ്ട് നിർമിച്ചവയാണ്. ഓരോ മണിക്കൂറിലും 18 മുതൽ 20 ലിറ്റർ വരെ ഇന്ധനം ആവശ്യമാണ് ഈ ട്രെയിനിന്. എന്നിട്ടും ഈ സേവനം സൗജന്യമായി തന്നെ മുന്നോട്ടു കൊണ്ടുപോകാൻ ഭക്ര ബിയാസ് മാനേജ്മെന്റ് ബോർഡ് (ബിബിഎംബി) തീരുമാനിക്കുകയായിരുന്നു.
ചെലവുകൾ താങ്ങാനാകാത്തതിനാൽ സൗജന്യ സേവനം അവസാനിപ്പിച്ചാലോ എന്ന് 2011-ൽ ഭക്ര ബിയാസ് മാനേജ്മെന്റ് ബോർഡ് (ബിബിഎംബി) ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് ആ തീരുമാനം മാറ്റി. വരുമാനം ഉണ്ടാക്കുക എന്നതിനപ്പുറം വളരെ പ്രധാനപ്പെട്ട കാര്യമാണ് ജനങ്ങൾക്കായി ഈ ട്രെയിൻ സർവീസ് വഴി തങ്ങൾ ചെയ്യുന്നതെന്ന് മനസിലാക്കിയും പ്രദേശത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്ന് തീരുമാനിച്ചും ഭക്ര ബിയാസ് മാനേജ്മെന്റ് ബോർഡ് ഇന്നും ഈ സേവനം തുടരുന്നു
