![]() |
| Courtesy |
രസതന്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം മൂന്നുപേർക്ക്. ഡേവിഡ് ബേക്കർ, ഡെമിസ് ഹസ്സാബിസ്, ജോൺ എം. ജംബർ എന്നിവരാണ് പുരസ്കാരം പങ്കിട്ടിരിക്കുന്നത്. പ്രോട്ടീന്റെ ഘടനയും മറ്റുമടങ്ങുന്ന ഗവേഷണങ്ങൾക്കാണു പുരസ്കാരം. കംപ്യൂട്ടേഷനൽ പ്രോട്ടീൻ ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് ബേക്കറിന് പുരസ്കാരം. പ്രോട്ടീനിന്റെ ഘടനാ പ്രവചനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഹസ്സാബിസിനും ജംബർക്കും പുരസ്കാരം.
സിയാറ്റയിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടനിൽ പ്രവർത്തിക്കുകയാണ് ബേക്കർ, ഹസ്സാബിസും ജംബറും ലണ്ടനിലെ ഗൂഗിൾ ഡീപ്മൈൻഡിൽ ജോലി ചെയ്യുന്നു. 2003ലാണ് ബേക്കർ പുതിയ പ്രോട്ടീൻ ഡിസൈൻ ചെയ്തത്. അദ്ദേഹത്തിനു കീഴിലുള്ള ഗവേഷക സംഘം സാങ്കൽപ്പിക പ്രോട്ടീൻ ഒന്നിനു പിന്നാലെ ഒന്നായി സൃഷ്ടിച്ചു. മരുന്നുകളിലും വാക്സീനുകളിലും നാനോമെറ്റീരിയലുകളിലും ചെറിയ സെൻസറുകളിലും ഉപയോഗിക്കാവുന്നവയാണിത്.
ഗവേഷകർ കണ്ടെത്തിയ 200 മില്യൻ പ്രോട്ടീനുകളുടെ ഘടന പ്രവചിക്കാൻ നിർമിതബുദ്ധി ഉപയോഗിച്ചുണ്ടാക്കിയ ഒരു മോഡൽ രൂപപ്പെടുത്തിയതാണ് ഹസ്സാബിസിനെയും ജംബറിനെയും പുരസ്കാരത്തിന് അർഹരാക്കിയത്.
''2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ജീവൻ്റെ തന്ത്രപ്രധാനമായ രാസ ഉപകരണങ്ങളായ പ്രോട്ടീനുകളുമായി ബന്ധപ്പെട്ടുള്ളതാണ്. പുതിയ തരം പ്രോട്ടീനുകൾ നിർമിക്കുകയെന്ന ഏതാണ്ട് അസാധ്യമായ നേട്ടത്തിൽ ഡേവിഡ് ബേക്കർ വിജയിച്ചു. പ്രോട്ടീനുകളുടെ സങ്കീർണ ഘടനകൾ പ്രവചിക്കുകയെന്ന 50 വർഷം പഴക്കമുള്ള പ്രശ്നം പരിഹരിക്കുന്നതിന് എഐ മോഡൽ വികസിപ്പിക്കുന്നതിൽ ഡെമിസ് ഹസാബിസും ജോൺ എം ജംപറും വിജയിച്ചു. ഈ കണ്ടുപിടുത്തങ്ങൾക്ക് വലിയ സാധ്യതകളുണ്ട്,'' നൊബേൽ കമ്മിറ്റി അറിയിച്ചു.
“ഈ വർഷം അംഗീകരിക്കപ്പെട്ട ഒരു കണ്ടുപിടുത്തം അതിശയകരമായ പ്രോട്ടീനുകളുടെ നിർമാണം സംബന്ധിച്ചുള്ളതാണ്. മറ്റൊന്ന്, പ്രോട്ടീൻ ഘടനകളെ അവയുടെ അമിനോ ആസിഡ് സീക്വൻസുകളിൽനിന്ന് പ്രവചിക്കുകയെന്ന 50 വർഷം പഴക്കമുള്ള സ്വപ്നം നിറവേറ്റുന്നതിനെക്കുറിച്ചുള്ളതാണ്. ഈ രണ്ട് കണ്ടെത്തലുകളും വിശാലമായ സാധ്യതകൾ തുറക്കുന്നു,” രസതന്ത്രത്തിനുള്ള നോബൽ കമ്മിറ്റി ചെയർ ഹൈനർ ലിങ്കെ പറഞ്ഞു.
പ്രോട്ടീനുകളിൽ സാധാരണയായി 20 വ്യത്യസ്ത അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു, അവയെ ജീവൻ്റെ നിർമ്മാണ ബ്ലോക്കുകൾ എന്ന് വിശേഷിപ്പിക്കാം. 2003-ൽ ഡേവിഡ് ബേക്കർ ഈ ബ്ലോക്കുകൾ ഉപയോഗിച്ച് മറ്റേതൊരു പ്രോട്ടീനിൽ നിന്നും വ്യത്യസ്തമായ ഒരു പുതിയ പ്രോട്ടീൻ രൂപകൽപ്പന ചെയ്യുന്നതിൽ വിജയിച്ചു.
ഡെമിസ് ഹസാബിസും ജോൺ ജംപറും ചേർന്ന് 2020-ൽ ആൽഫഫോൾഡ്2 എന്ന എഐ മോഡൽ അവതരിപ്പിച്ചു. അതിൻ്റെ സഹായത്തോടെ, ഗവേഷകർ തിരിച്ചറിഞ്ഞ 20 കോടി പ്രോട്ടീനുകളുടെ ഘടന പ്രവചിക്കാൻ അവർക്ക് കഴിഞ്ഞു. തുടന്ന് 190 രാജ്യങ്ങളിൽനിന്നുള്ള 20 ലക്ഷത്തിലധികം ആളുകൾ ആൽഫഫോൾഡ്2 ഉപയോഗിച്ചു. ഗവേഷകർക്ക് ഇപ്പോൾ ആൻറിബയോട്ടിക് പ്രതിരോധം നന്നായി മനസ്സിലാക്കാനും പ്ലാസ്റ്റിക് വിഘടിപ്പിക്കാൻ കഴിയുന്ന എൻസൈമുകളുടെ ചിത്രങ്ങൾ സൃഷ്ടിക്കാനും കഴിയും.
