![]() |
| Courtesy |
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസിന്റെ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ പി സരിൻ. കേരളത്തിലെ കോണ്‍ഗ്രസിന്റെ അധപതനത്തിന്റെ യഥാർത്ഥ കാരണം വി ഡി സതീശനാണെന്ന് സരിൻ പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ ഉള്‍പാർട്ടി ജനാധിപത്യം സതീശൻ തകർത്തു. ധിക്കാരത്തിന്റേയും ധാർഷ്ട്യത്തിന്റേയും മുഖമാണ് അദ്ദേഹം.
പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് വി ഡി സതീശനെത്തിയത് അട്ടിമറിയിലൂടെയായിരുന്നെന്ന ഗുരുതര ആരോപണവും സരിൻ ഉന്നയിച്ചിട്ടുണ്ട്. ബിജെപിയെ എതിർക്കേണ്ട എന്നതാണ് സതീശന്റെ നിലപാട്. സിപിഐഎം വിരുദ്ധത അണികളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണെന്നും സരിൻ കൂട്ടിച്ചേർത്തു.
"വടകര ലോക്സഭ തിരഞ്ഞെടുപ്പില്‍ നടന്നത് സതീശന്റെ അട്ടിമറിയാണ്. ഷാഫി പറമ്പിലിനെ വടകരയില്‍ സ്ഥാനാർഥിയാക്കിയത് ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് വഴിവെച്ചതിന്റെ സതീശന്റെ തീരുമാനമാണ്, ബിജെപിയെ സഹായിക്കാൻ മാത്രം. പാർട്ടിയെ നിയന്ത്രിക്കുന്നത് മൂന്നംഗ സംഘമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ കുട്ടി സതീശൻകൂടിയാണ്. ഔചിത്യമില്ലാത്ത ആള്‍രൂപമാണ് രാഹുല്‍. പാലക്കാട് രാഹുലിന് തിരിച്ചടിയുണ്ടാകും," സരിൻ വ്യക്തമാക്കി.
വി.ഡി. സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തെന്നും പാർട്ടിയെ ദുർബലപ്പെടുത്തിയെന്നും സരിൻ ആരോപിച്ചു. പാർട്ടിയിൽ ഉടമ -കീഴാള ബന്ധമാണുള്ളത്. സതീശന് പരസ്പര ബഹുമാനമില്ല. പ്രതിപക്ഷ നേതാവായത് അട്ടിമറിയിലൂടെയാണ്. ഇങ്ങനെ പോയാൽ 2026ൽ പാർട്ടി പച്ചപിടിക്കില്ലെന്നും സരിൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
“പരസ്പര ബഹുമാനമില്ലാതെ ഉടമയും അടിമയുമായുള്ള ബന്ധമാണ് ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത്. കേട്ടുകേള്‍വി പോലുമില്ലാത്ത വിധം കോണ്‍ഗ്രസിനെ ഒരു വ്യക്തി ഹൈജാക്ക് ചെയ്യുകയാണ്. ഞാനാണ് പാര്‍ട്ടി എന്ന നിലയിലേക്ക് കോണ്‍ഗ്രസിനെ മാറ്റാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഇങ്ങനെ പോയാല്‍ 2026ല്‍ പച്ചതൊടാന്‍ സാധിക്കില്ല. ശരിയാക്കാന്‍ ഇറങ്ങേണ്ടവര്‍ക്ക് അതിന് താൽപര്യമില്ലാത്ത സ്ഥിതിയാണ്. ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ പ്രതിപക്ഷ-ഭരണപക്ഷ ഐക്യം നിലവിലുണ്ടായിരുന്നു. അത് തകര്‍ത്തത് സതീശനാണ്. സി.പി.എമ്മുമായി ചേര്‍ന്ന് ബി.ജെ.പിയെ എതിര്‍ക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറല്ല. സി.പി.എമ്മാണ് ബി.ജെ.പിയേക്കാള്‍ വലിയ ശത്രു എന്ന ബോധം അദ്ദേഹം പാര്‍ട്ടിയില്‍ അടിച്ചേല്‍പ്പിച്ചു.
ഞാനാണ് രാജ്യമെന്ന് വിളിച്ചുപറഞ്ഞ ചക്രവർത്തിയെപ്പോലെയാണ് സതീശൻ. ഞാനാണ് പാർട്ടിയെന്ന രീതിയിലേക്ക് പാർട്ടിയെ മാറ്റിയെടുത്ത് കോൺഗ്രസിലെ ജനാധിപത്യം തകർത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകൾ മാധ്യമങ്ങൾ ഇനിയെങ്കിലും അന്വേഷിക്കണം. അതൊരു അട്ടിമറി ആയിരുന്നെന്നും അത് എങ്ങനെ നടപ്പിലായതെന്നും മനസിലാക്കാതെ പോയതിന്റെ ഫലമാണ് ഇത്. പുതിയമുഖം കടന്നുവരുന്നതിന്റെ ആവേശത്തിൽ ആയിരുന്ന കോൺഗ്രസ് അതിൽ അസ്വാഭാവികത കണ്ടില്ല. എന്നാൽ അത് നല്ല മാറ്റമല്ലെന്ന് വൈകാതെ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിഞ്ഞു” -സരിൻ പറഞ്ഞു.
ഏകീകൃത സിവിൽകോഡ് വിഷയത്തിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ഐക്യമുണ്ടാക്കി ബിജെപിക്കെതിരെ സമരം ചെയ്തു. അങ്ങനെ ചെയ്താൽ പ്രതിപക്ഷത്തിന് വിലയില്ലെന്ന് വരുത്തി. ബിജെപിയെ അല്ല സിപിഎമ്മിനെ ആണ് നേരിടേണ്ടതെന്ന് വരുത്താനുള്ള ശ്രമം നടത്തി. സിപിഎം വിരുദ്ധതയുടെ മേലങ്കിയണിഞ്ഞ് മൃദു ബിജെപി സമീപനത്തിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തെ അപകടപ്പെടുത്തുന്ന രീതിയിലേക്ക് സതീശൻ വഴിതിരിച്ചുവിട്ടു. ഇത് ചോദ്യംചെയ്തില്ലെങ്കിൽ കോൺഗ്രസ് തകരും.
2024ലെ വടകര ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ തോൽപ്പിക്കേണ്ടത്, ബിജെപി ഏതുനിമിഷവും പിടിച്ചെടുക്കാവുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയെക്കൊണ്ടു തന്നെയാണെന്ന് കോൺഗ്രസ് തീരുമാനിച്ചത് എന്തിനാണ്. പാലക്കാട്ടെ കോൺഗ്രസിന്റെ നീക്കത്തിൽ ആത്യന്തിക ഗുണഭോക്താവ് ബിജെപിയായിരിക്കും എന്നറിഞ്ഞിട്ടും വടകരയിൽ ഷാഫിയെ മത്സരിപ്പിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കൽപ്പാത്തി രഥോത്സവമായ 13ന് മുമ്പ് നടത്തണമെന്ന് പ്രതിപക്ഷനേതാവ് ബോധപൂർവം കത്തെഴുതിയത് 13ന് തന്നെ തിരഞ്ഞെടുപ്പ് നടക്കണമെന്ന നിർബന്ധബുദ്ധിയോടെയാണ്. 13ന് തന്നെ തിരഞ്ഞെടുപ്പ് നടന്നാൽ ചില വോട്ടുകൾ കൂടുതലായി ചിലർക്ക് കിട്ടും എന്നത് യാഥാർഥ്യമാണ്.
ഒരാഴ്ച മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ എന്നെ വിളിച്ചിരുന്നു. ഭീഷണിയുടെയോ താക്കീതിന്റെയോ സ്വരത്തിലായിരുന്നു സംസാരം. പ്രതിപക്ഷനേതാവിനെ മാതൃകയാക്കിയാണ് രാഹുലിന്റെ പ്രവർത്തനം. വളർന്നുവരുന്ന കുട്ടി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ. മണിയടി രാഷ്ട്രീയത്തിന്റെ വക്താവാണ് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിലെ, കെഎസ്യുവിലെ, യൂത്ത് കോൺഗ്രസിലെ യുവാക്കളെ വഴിതെറ്റിക്കും.
ഷാഫി പറമ്പിലിനെതിരെയും വിമർശനമാണ് സരിൻ ഉന്നയിച്ചിരിക്കുന്നത്. ബിജെപിയോട് മൃദുസമീപനവും സിപിഐഎമ്മിനോട് വിരുദ്ധതയുമുണ്ടാകുന്ന രാഷ്ട്രീയ ഗുണം ഷാഫി എവിടെ നിന്നാണ് പഠിച്ചതെന്ന് സരിൻ ചോദിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെന്ന അവകാശപ്പെടുന്ന ഷാഫിക്ക് അതിനുള്ള അർഹതയില്ല. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ സംസ്കാരം ഇതല്ല. കേരള രാഷ്ട്രീയം മലീമസമാക്കുന്നതില്‍ ഷാഫിക്കും പങ്കുണ്ടെന്നും സരിൻ ആരോപിച്ചു.
പാലക്കാട് നഗരസഭ ബിജെപിക്ക് വിട്ടുകൊടുത്തത് നവംബർ 13ന്റെ സെറ്റില്‍മെന്റാണോയെന്നും സരിൻ ചോദിച്ചു. ഷാഫിക്ക് ലഭിക്കുന്നുണ്ടെന്ന് കരുതപ്പെടുന്ന സിപിഐഎം വോട്ടുകള്‍ രാഹുലിന് ലഭിക്കില്ല. സിപിഐഎമ്മിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും നിരന്തര വിമർശകനാണ് രാഹുല്‍. അതിനാല്‍ സിപിഐഎം വോട്ടുകള്‍ രാഹുലിന് ലഭിക്കില്ല. പിന്നെ, എവിടുന്ന് വോട്ടുകണ്ടെത്തുമെന്ന കാര്യം അന്വേഷിച്ച് കണ്ടെത്തേണ്ടതാണെന്നും സരിൻ പറഞ്ഞു.പരാതി പറയാൻ പാർട്ടി ഫോറമെന്നൊരു സംവിധാനം കോൺഗ്രസിലില്ല. നേതാക്കൾക്ക് തോന്നിയ പോലെയാണ് പ്രവർത്തിക്കുന്നത്.
വാർത്താ സമ്മേളനം ; റിമൂവ് ചെയ്തു
പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പി.സരിനെ പുറത്താക്കി കോൺഗ്രസ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിനു പിന്നാലെ പാർട്ടിയുമായി ഇടഞ്ഞ് പത്രസമ്മേളനം വിളിച്ച് അതൃപ്തി വ്യക്തമാക്കിയതിനു പിന്നാലെയാണ് നടപടി. ‘ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പുറത്താക്കി‘–ജനറൽ സെക്രട്ടറി എം.ലിജു വാർത്താക്കുറിപ്പിൽ അറിയിച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
