കാലം ചെയ്ത യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവയുടെ (95) സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പുത്തൻകുരിശിൽ നടക്കും. ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവയുടെ ഭൗതിക ശരീരം വ്യാഴാഴ്ച രാത്രി കോതമംഗലം ചെറിയ പള്ളിയിൽ എത്തിക്കും. രാവിലെ പ്രാർത്ഥനകൾക്ക് ശേഷം സുന്നഹാദോസ് ചേരും. പിന്നീട് പ്രാർത്ഥനകൾക്ക് ശേഷം കോതമംഗലം വലിയ പള്ളിയിലേക്ക് മൃതദേഹം കൊണ്ടു പോകും. വെള്ളിയാഴ്ച വൈകീട്ട് 4 മുതൽ ശനിയാഴ്ച വൈകിട്ട് മൂന്ന് വരെ എറണാകുളം പുത്തൻകുരിശ് പത്രിയാർക്കീസ് സെന്ററിൽ പൊതുദർശനം നടക്കും. തുടർന്ന് ശനിയാഴ്ച 3 മണിക്ക് ശേഷം 5 മണി വരെ കബറടക്ക ശുശ്രൂഷ നടക്കും. പുത്തൻകുരിശ് പള്ളിയിൽ ബാവ നിർദേശിച്ചിടത്ത് സംസ്കാരം നടത്തും.
എറണാകുളം ജില്ലയിൽ പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായിയുടെയും കുഞ്ഞയുടെയും മകനായി ജനനം. സി.എം. തോമസ് എന്നായിരുന്നു ആദ്യനാമം. 1958 ഒക്ടോബർ 21-ന് വൈദികപട്ടം സ്വീകരിച്ചു. 1974-ൽ തോമസ് മോർ ദീവന്ന്യാസിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 1998 ഫെബ്രുവരി 22-ന് സുന്നഹദോസ് പ്രസിഡന്റായി നിയോഗിതനായി. 2000 ഡിസംബർ 27-ന് പുത്തൻകുരിശിൽ ചേർന്ന പള്ളിപ്രതിപുരുഷയോഗം നിയുക്ത കാതോലിക്കയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 2002 ജുലൈ 26-ന് ബസേലിയോസ് തോമസ് പ്രഥമൻ എന്ന പേരിൽ മഫ്രിയോനോ ആയി അഭിഷിക്തനായി.
2019ൽ, അദ്ദേഹം തൻ്റെ ഭരണപരമായ ചുമതലകൾ ഉപേക്ഷിക്കുകയും "മെട്രോപൊളിറ്റൻ ട്രസ്റ്റി" സ്ഥാനം രാജിവെക്കുകയും ചെയ്തു. പ്രായാധിക്യത്തെത്തുടർന്ന് ബസേലിയോസ് രണ്ട് സ്ഥാനങ്ങളിൽനിന്നും സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അന്ത്യോഖ്യാ പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ അദ്ദേഹത്തോട് കാതോലിക്കാ ആയി തുടരാൻ ആവശ്യപ്പെട്ടിരുന്നു.
നിരവധി യാക്കോബായ പള്ളികൾ ഏറ്റെടുക്കുന്നതിനെതിരായ സമരങ്ങളുടെ മുൻനിരയിലും ബാവയുണ്ടായിരുന്നു. യാക്കോബായ സഭയുടെ അഭിമാനമായ പുത്തന്കുരിശ് പാത്രിയര്ക്കാസെന്ററിന്റെ സ്ഥാപകനായ ബാവ അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്സെന്ററും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പുത്തന്കുരിശ് കണ്വെന്ഷന് തുടക്കമിട്ടതും ബാവയാണ്. പതിമൂന്ന് മെത്രോപ്പോലീത്തമാരെ വാഴിക്കുകയും 350 വൈദികർക്ക് പട്ടം നൽകുകയും ചെയ്തു. എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുമായി ആഴത്തിലുള്ള സൗഹൃദം മെത്രോപ്പൊലീത്ത പുലർത്തിയിരുന്നു.
1974ൽ മെത്രാപ്പോലീത്ത ആയതുമുതലുള്ള അരനൂറ്റാണ്ടു മുഴുവൻ യാക്കോബായ വിഭാഗത്തിനായുള്ള സമരമായിരുന്നു ആ ജീവിതം. അന്ത്യോക്യയിൽ വിശ്വാസമർപ്പിച്ച പാവങ്ങൾക്കായി ബാവ നടത്തിയ പോരാട്ടമാണ് പുത്തൻകുരിശ് ആസ്ഥാനമായി മലങ്കര യാക്കോബായ സുറിയാനി സഭയുടെ പിറവിക്കു പിന്നിൽ.
"മുക്കാൽ നൂറ്റാണ്ടായി കുരിശു ജീവിതം നയിക്കുന്ന സഭാ മക്കളേ," 2002ൽ മലങ്കര യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷനായി ചുമതലയേറ്റ് കാതോലിക്കയായി വാഴിക്കപ്പെട്ടപ്പോൾ ബസേലിയോസ് തോമസ് പ്രഥമൻ ബാവ പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്. ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങളായി പിരിഞ്ഞ് സംഘർഷഭരിതമായ കാലത്തുമുഴുവൻ സഹനത്തിന്റെ കുരിശ് ചുമന്നവരിൽ മുൻ നിലയിലുണ്ടായിരുന്നത് അന്നു ചുമതലയേറ്റ ഈ കാതോലിക്കാ ബാവയായിരുന്നു.
ഓർത്തഡോക്സ് വിഭാഗം കോട്ടയം ആസ്ഥാനമായി പ്രത്യേകം തീരുമാനങ്ങൾ എടുക്കാൻ തുടങ്ങിയപ്പോൾ അന്ത്യോക്യയാണ് അവസാനവാക്കെന്ന് തീരുമാനിച്ചത് തോമസ് മാർ ദിവന്നാസിയോസിന്റെ നേതൃത്വത്തിലാണ്. യാക്കോബായ വിഭാഗത്തിന്റെ അന്ത്യോക്യാ ബന്ധം കാത്തുസൂക്ഷിച്ച് നടത്തിയ നിയമ പോരാട്ടങ്ങളാണ് 2002ൽ കാതോലിക്കാ ബാവയായുള്ള അഭിഷേകത്തിലേക്ക് എത്തിച്ചത്. മലങ്കര യാക്കോബായ സഭ അന്ത്യോക്യാ സിംഹാസനത്തെ അംഗീകരിച്ച് നിലവിൽ വരുന്നത് അങ്ങനെയാണ്. പുത്തൻകുരിശ് നൂറ്റാണ്ടുകൾ പഴകിയ വിശ്വാസധാരയുടെ ഇന്ത്യയിലെ ആസ്ഥാനവുമായി.
ബാവ കിഴക്കിന്റെ മാഫ്രിയോനോയും ഇന്ത്യയുടെ കാതോലിക്കയുമായി. കോട്ടയത്ത് പരിശുദ്ധ ബാവയെ വാഴിച്ച് ഓർത്തഡോക്സ് സഭ പ്രത്യേകമായും നിലകൊണ്ടു. കാതോലിക്കാ ബാവയായ കാലം മുഴുവൻ കേസുകളുടേതുമായിരുന്നു. ഓരോ ദിവസവും സംഘർഷഭരിതമായിരുന്നു. ശാരീരിക അവശതയുള്ളപ്പോഴും സമരംചെയ്ത വിശ്വാസികൾക്കൊപ്പം രാപകൽ ഇല്ലാതെ കാതോലിക്ക ബാവയും നിലകൊണ്ടു.
