![]() |
| ട്രൈഫാലിയ എന്നറിയപ്പെടുന്ന മൂന്ന് ലിംഗങ്ങളുള്ള അവസ്ഥ രേഖാചിത്രത്തിലൂടെ . Courtesy |
മരണാനന്തരം തന്റെ ശരീരം പഠനത്തിനായി നൽകിയ എഴുപത്തെട്ടുകാരന് തനിക്ക് മൂന്ന് ലിംഗങ്ങൾ ഉണ്ടായിരുന്ന കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് നിഗമനം. യൂണിവേഴ്സിറ്റിഓഫ് ബർമിങ്ഹാം മെഡിക്കൽ സ്കൂൾ ഫോർ റിസർച്ച് ഈ എഴുപത്തെട്ടുകാരന്റെ മൃതശരീരം പഠനത്തിന് വിധേയമാക്കിയപ്പോഴാണ് ഇദ്ദേഹത്തിന്റെ ശരീരത്തിൽ മൂന്ന് ലിംഗങ്ങളുണ്ടായിരുന്ന കാര്യം വ്യക്തമായത്. ജേണൽ ഓഫ് മെഡിക്കൽ കേസ് റിപ്പോർട്ട്സിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആറടി ഉയരക്കാരനായ ഈ ബ്രിട്ടൻ സ്വദേശിയുടെ ശരീരത്തിന് പുറമേ നിന്ന് നോക്കുമ്പോൾ ഒരു സാധാരണ മനുഷ്യന്റേതിന് സമാനമായുള്ള ലൈംഗികാവയവങ്ങളാണുള്ളത്. എന്നാൽ ഇദ്ദേഹത്തിന്റെ ശരീരത്തിന്റെ കീറി മുറിച്ചുള്ള പരിശോധന വ്യക്തമാക്കിയത് അരക്കെട്ടിന്റെ ഉള്ളിലായി രണ്ട് ലിംഗങ്ങൾ കൂടി ഉണ്ടായിരുന്നുവെന്നാണ്. പുറത്തുകാണപ്പെട്ട പ്രാഥമികമായ ലിംഗത്തിന് താഴെയായി അടിവയറിനുള്ളിൽ ഓരോ ലിംഗത്തിനും വ്യക്തമായ വിധത്തിൽ കോർപ്പറ കാവർനോസയും (ലിംഗത്തിലെ സ്പോഞ്ച് പോലുള്ള കലകൾ) ഗ്ലാൻസ് പെനിസും ( ലിംഗാഗ്രം) വ്യക്തമായി കാണപ്പെട്ടിരുന്നു.
പ്രാഥമിക ലിംഗത്തിനും ഉള്ളിലെ രണ്ടാമത്തെ ലിംഗത്തിനും പൊതുവായ മൂത്രനാളിയാണുള്ളത്. മൂന്നാമത്തേതും താരതമ്യേന വലിപ്പം കുറഞ്ഞതുമായ ലിംഗത്തിന് മൂത്രനാളി പോലുള്ള ഭാഗം ഉണ്ടായിരുന്നില്ലെന്ന് പരിശോധനാഫലം ഉൾക്കൊള്ളിച്ചു തയ്യാറാക്കിയ റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്നു. രണ്ടാമത്തെ ലിംഗത്തിൽ നിന്നാണ് മൂത്രനാളി ആരംഭിച്ചിരിക്കുന്നതെങ്കിലും അതിന്റെ വളർച്ച പൂർത്തിയാകാത്തതിനാൽ മൂത്രനാളി പ്രാഥമിക ലിംഗത്തിലേക്ക് വികസിക്കുകയും വളർച്ച പൂർത്തീകരിക്കുകയുമായിരുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
പോളിഫാലിയ ( polyphallia) എന്നറിയപ്പെടുന്ന ഒന്നിലധികം ലിംഗങ്ങളുള്ള ശാരീരികാവസ്ഥ വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്നതാണ്. അൻപത് മുതൽ അറുപത് ലക്ഷത്തിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന അവസ്ഥയാണിത്. 1606 മുതൽ 2023 വരെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തതായി രേഖകളുണ്ട്. എന്നാൽ ട്രൈഫാലിയ (triphalia) എന്നറിയപ്പെടുന്ന മൂന്ന് ലിംഗങ്ങളുള്ള അവസ്ഥ ഇതിനുമുമ്പ് ഒരിക്കൽ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരുപക്ഷേ ഇദ്ദഹത്തിന്റെ ശരീരം പഠനത്തിന് നൽകിയിരുന്നില്ലെങ്കിൽ ഇക്കാര്യം അജ്ഞാതമായി തുടരുമായിരുന്നതായും ഗവേഷകർ പറയുന്നു.
ഗർഭകാലത്തിന്റെ ആദ്യഘട്ടത്തിൽ ഏകദേശം നാല് മുതൽ ഏഴ് ആഴ്ച വരെയുള്ള കാലയളവിലാണ് പുരുഷലൈംഗികാവയങ്ങൾ രൂപപ്പെടുന്നത്. ഹോർമോണുകളുടെ പ്രധാനമായും ആൻഡ്രജൻ എന്ന ഹോർമോണിന്റെ അസന്തുലിതാവസ്ഥയാണ് ലൈംഗികാവയവങ്ങളുടെ വികസനത്തിലെ അസ്വാഭാവികതയ്ക്ക് കാരണമെന്നാണ് വിദഗ്ധാഭിപ്രായം.
