![]() |
| Courtesy |
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണവിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ നടപടിയെടുത്ത് സിപിഎം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു ദിവ്യയെ നീക്കി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം ദിവ്യ അംഗീകരിച്ചു. അഡ്വ. കെ.കെ. രത്നകുമാരിയായിരിക്കും പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. നിലവിൽ ആരോഗ്യം- വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷയാണ്.രാത്രി 10മണിക്ക് ശേഷമാണ് സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനം പുറത്തുവിട്ടത്.
സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന:
കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
'പാർട്ടി നിലപാട് ശരിവെയ്ക്കുന്നു'; ദിവ്യ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കിക്കൊണ്ടുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം അംഗീകരിച്ച് പി.പി. ദിവ്യ. എഡിഎം നവീന്‍ ബാബുവിന്റെ വേർപാടില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും ദിവ്യ വാർത്താക്കുറിപ്പില്‍ അറിയിച്ചു. പൊലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും ദിവ്യ പറഞ്ഞു.നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശ്യവിമർശനമാണ് നടത്തിയതെങ്കിലും, പ്രതികരണങ്ങളില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ശരിവെയ്ക്കുന്നുവെന്നും ദിവ്യ വാർത്താക്കുറിപ്പില്‍ പറയുന്നു.

