![]() |
| പ്രതീകാത്മക ചിത്രം.Courtesy |
ചൊവ്വയില്‍ മനുഷ്യരെ അയക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം. ഭാവിയില്‍ ചൊവ്വ മനുഷ്യരുടെ ആവാസകേന്ദ്രമാക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. എങ്കിലും അവിടുത്തെ പ്രതികൂലമായ അന്തരീക്ഷം മനുഷ്യവാസത്തിന് അനുയോജ്യമല്ലെന്നാണ് ഒരു കൂട്ടം വിദഗ്ധരുടെ വാദം. അവിടെ മനുഷ്യര്‍ താമസിക്കുമ്പോള്‍ ശരീരത്തിന്റെ നിറം മാറിയേക്കാമെന്നും കാഴ്ച ശക്തി തകരാറിലാവാൻ ഇടയുണ്ടെന്നും അവര്‍ വ്യക്തമാക്കി. ചൊവ്വയില്‍ മനുഷ്യന് അതിജീവിക്കാന്‍ വലിയ പ്രയാസമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതിനുള്ള പ്രധാനകാരണം അവിടുത്തെ സങ്കീർണമായ പരിതസ്ഥിതിയാണ്. ചൊവ്വയിൽ മനുഷ്യർ സ്ഥിരതാമസമാക്കിയാൽ അത് അവരുടെ തൊലിയുടെ നിറം പച്ചയായി മാറാനും കാഴ്ച നഷ്ടപ്പെടാനും ഇടയാക്കുമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ചൊവ്വയിൽ ജീവിക്കുന്ന മനുഷ്യർക്ക് ജനിക്കുന്ന കുട്ടികൾക്ക് ജനിതകവും പരിണാമപരവുമായ വിവിധ മാറ്റങ്ങൾ സംഭവിക്കുമെന്ന് യുഎസിലെ ടെക്സാസിലെ റൈസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബയോളജിസ്റ്റ് ഡോ സ്കോട്ട് സോളമൻ പറയുന്നു.
ചൊവ്വയിലെ ഉപരിതലത്തിലെ അതികഠനിമായ സാഹചര്യങ്ങളെ തുടർന്ന് അവിടെ മനുഷ്യർക്ക് അതിജീവിക്കുക വളരെ പ്രയാസകരമാകുമെന്ന് ഡോ. സോളമൻ തന്റെ ഫ്യൂച്ചർ ഹ്യൂമൻസ് എന്ന പുസ്തകത്തിൽ അവകാശപ്പെടുന്നു.
ഗുരുത്വാകർഷണം കുറയുന്നതും ഉയർന്ന റേഡിയേഷനും ഈ ജനിതകമാറ്റങ്ങൾക്ക് കാരണമാകുമെന്നും അത് തൊലിയുടെ നിറം പച്ചയാകുന്നതിനും പേശികൾ ദുർബലപ്പെടുന്നതിനും കാഴ്ച നഷ്ടമാകുന്നതിനും അസ്ഥികൾ പൊട്ടുന്നതിനും ഇടയാക്കുമെന്നും ഡോ. സോളമൻ വിശദീകരിച്ചു.
ഭൂമിയേക്കാൾ ചെറിയ ഗ്രഹമാണ് ചൊവ്വ. ഗുരുത്വാകർഷണ ബലം ഭൂമിയേക്കാൾ 30 ശതമാനം കുറവാണ് അവിടെ. ഭൂമിയേ പോലെ സൂര്യനിൽ നിന്നുള്ള വികിരണങ്ങളെ തടയുന്ന കാന്തിക ക്ഷേത്രവും ഓസോൺ പാളിയും ചൊവ്വയ്ക്കില്ല. ഇക്കാരണത്താൽ അൾട്രാ വയലറ്റ് രശ്മികളും ചാർജുള്ള കണികകളും വികിരണങ്ങളും യാതൊരു തടസവുമില്ലാതെ ചൊവ്വയിൽ പതിക്കും.
ഇത്തരത്തിലുള്ള പരിസ്ഥിതി മനുഷ്യരില്‍ പരിണാമത്തിന് കാരണമാകും. ഇതിന്റെ ഫലമായി ചര്‍മത്തിന്റെ നിറം മാറുമെന്നും റേഡിയേഷനെ നേരിടാന്‍ സഹായിക്കുമെന്നും ഡോ. സോളമന് പറഞ്ഞു.‘‘വലിയ അളവിലുള്ള റേഡിയേഷന് ഉണ്ടാകുമ്പോള്‍ അത് നേരിടാന്‍ സഹായിക്കുന്നതിന് ചര്‍മം പുതിയ പിഗ്മെന്റ് ഉത്പാദിപ്പിച്ചേക്കാം,’’ ഫ്യൂച്ചര്‍ ഹ്യൂമന്‍സ് എന്ന പുസ്തകത്തില്‍ ഡോ. സോളമന് പറഞ്ഞു.
ഗുരുത്വാകര്‍ഷബലം ഇല്ലാത്തതിനാല്‍ അസ്ഥികള്‍ വേഗത്തില്‍ ഒടിയുമെന്നും ഇത് പ്രസവസമയത്ത് സ്ത്രീകളുടെ ഇടുപ്പ് തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ ചുറ്റുപാടില്‍ മനുഷ്യര്‍ ഒരുമിച്ച് താമസിക്കുന്നതിനാല്‍ ദൂരേയ്ക്ക് നോക്കേണ്ട ആവശ്യം കുറയുമെന്നും അത് കാഴ്ച ശക്തിയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
