![]() |
| Courtesy |
പി.വി. അൻവർ രൂപികരിക്കുന്ന പുതിയ പാർട്ടിയിലേക്കില്ലെന്ന് കെ.ടി. ജലീൽ. ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകുമെന്നും ജലീൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.തൻ്റെ പാർലമെൻറി രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന വ്യക്തമാക്കി കെ.ടി. ജലീൽ എംഎൽഎ.20 വർഷത്തിനിടെ അഞ്ച് തവണ മന്ത്രിയായി. ഇടതുമുന്നണിയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. പൊതു പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും തുടരുമെന്നും കെ.ടി. ജലീൽ പറഞ്ഞു.
ഇടതുപക്ഷത്തെ ബി.ജെ.പി. അനുകൂലികളാക്കാൻ ആണ് ശ്രമം നടക്കുന്നത്. പാർട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ല. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാൽ ഒരു വിഭാഗം സംശയത്തിൻ്റെ നിഴലിൽ നിർത്തപ്പെടും. അത് കേരളത്തെ വലിയ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടായിക്കൂടായെന്നും ജലീൽ പറഞ്ഞു.
‘‘അൻവറുമായിട്ടുള്ള സൗഹൃദം നിലനിൽക്കും. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളോട്, രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനോട് ശക്തമായി വിയോജിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഉറച്ചുനിൽക്കുകയും പൊതുപ്രവർത്തനം തുടരുകയും ചെയ്യും.’’– ജലീൽ പറഞ്ഞു. മലപ്പുറം വളാഞ്ചേരിയിൽ വിളിച്ച് വാർത്താസമ്മേളനത്തിലായിരുന്നു ജലീലിന്റെ പരാമർശം.
പിവി അൻവർ കേരളത്തിലെ പൊലീസ് സേനയെ കുറിച്ച് അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. അതിൽ ശരികൾ ഉണ്ടെന്ന് അന്ന് താൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മുഖ്യമന്ത്രിയേയും പാർട്ടിയേയും നേരിൽ കണ്ട് അത് അറിയിക്കുകും ചെയ്തു. കേരളത്തിലെ മുഴുവൻ പൊലീസ് സേനയിൽ പ്രശ്നമുണ്ടെന്ന് അദ്ദേഹവും പറഞ്ഞിട്ടില്ല. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സംഘം രൂപീകരിച്ചത്. റിപ്പോർട്ട് വരുന്ന വരെ കാത്തിരിക്കാം എന്ന് പി വി അൻവറിനോട് അഭ്യർത്ഥിച്ചു. അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തതാണ്. എന്നാൽ പിന്നീട് കാര്യങ്ങൾ കൈവിട്ട് പോയെന്നും കെ ടി ജലീൽ പറഞ്ഞു.
വർഗീയ താൽപര്യമുള്ളവർ കുറച്ചുകാലങ്ങളായി പൊലീസിൽ ഉണ്ട്. വർഗീയത വെച്ചുപുലർത്തുന്നവരെ ഒരിക്കലും പൊലീസ് സേനയിൽ നിലനിർത്തില്ല. പൊലിസിൽ വർഗീയത തുടങ്ങി വെച്ചത് കോൺഗ്രസ്സും ലീഗുമാണ്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രമ സമാധാന ചുമതലയിൽ നിന്ന് മാത്രമല്ല ആകെ മാറ്റേണ്ട ഒരാളാണ് എഡിജിപി അജിത് കുമാർ. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് ന്യായീകരിക്കാനാവില്ല. എഡിജിപി എസ്ഡിപിഐ, ജമാത്ത് ഇസ്ലാമി നേതാക്കളെയും കാണാൻ പാടില്ല. ഇ എൻ മോഹൻദാസിന് ആർഎസ്എസ് ബന്ധമാണെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി ശശിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന വാദവും താൻ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ധു നിയമന വിവാദത്തിലും കെ ടി ജലീൽ പ്രതികരിച്ചു. ബന്ധു നിയമന വിവാദത്തിൽ സിറിയക്ക് ജോസഫിനെ ലീഗ് നേതാക്കൾ സ്വാധീനിച്ചു. ബന്ധു നിയമനം എന്ന പേരിൽ ലീഗ് പല പ്രചാരണം നടത്തി. തന്നോട് ചോദിക്കുക പോലും ചെയ്യാതെ ആണ് തനിക്ക് എതിരായി ലോകായുക്ത വിധിച്ചത്. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകി. പിന്നീട് അത് തിരുത്താൻ മാധ്യമങ്ങൾ തയ്യാറായില്ല. പൊതുപ്രവർത്തന രംഗത്ത് വലിയ വിഷമം ഉണ്ടാക്കിയ സംഭവമാണതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ ഗാന്ധി വിരുദ്ധ പരാമർശമാണ് 'സ്വർഗ്ഗസ്ഥനായ ഗാന്ധിജി' എന്ന പുസ്തകം എഴുതാൻ കാരണമായതെന്നും കെ ടി ജലീൽ പറഞ്ഞിരുന്നു.
മന്ത്രിയായ ഘട്ടത്തിൽ സ്വർണ്ണക്കടത്തിൻ്റെ പേരിൽ വലിയ ദുരാരോപണമാണ് ഉയർന്നത്. അതിൽ ഒരു തരിമ്പ് സത്യമുണ്ട് എന്ന് വിവിധ ഏജൻസികൾ അന്വേഷിച്ചിട്ട് കണ്ടെത്താനായിട്ടില്ല. ബന്ധു നിയമനത്തിൻ്റെ പേരിൽ വസ്തുതകൾ മനസ്സിലാക്കാതെ പ്രതിപക്ഷം മാധ്യമങ്ങൾ വേട്ടയാടിയെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ഏകപക്ഷീയമായാണ് തന്നെ പുറത്താക്കിയത്. തുടർന്നാണ് ഇടതുപക്ഷത്തോടൊപ്പം ചേർന്നതും കുറ്റിപ്പുറത്ത് മത്സരിച്ചതും. ഒരു നിലപാടിൻ്റെ അടിസ്ഥാനത്തിലാണ് മത്സരിച്ച് ജയിച്ചത്. മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും തള്ളിപ്പറയാൻ തയ്യാറല്ല. സിപിഎം സഹയാത്രികനായി തന്നെ യാത്ര തുടരുമെന്നും ജലീൽ പറഞ്ഞു.
തനിക്കൊന്നും വേണ്ട. ഒരു പദവിയും വേണ്ട. പാർട്ടിയിൽ നിന്നും ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല. എഴുത്ത്, യാത്ര, പഠനങ്ങൾ തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും ജലീൽ വ്യക്തമാക്കി. മീസാൻ കല്ലിൽ പേരെഴുതുംവരെ അല്ലെങ്കിൽ പാർലമെൻ്റിൽ കിടന്ന് മരിക്കണം, നിയമസഭയിൽ കിടന്ന് മരിക്കണമെന്ന് ചിന്തിക്കുന്നവർ ഈ പാർട്ടിയിൽ ഇല്ല. മത്സരിച്ച് മത്സരിച്ച് ഈ പഹയൻ ഒന്ന് ചത്ത് കിട്ടിയാൽ മതി എന്ന് കരുതുന്നവർ മറ്റ് പാർട്ടിയിൽ ഉണ്ടെന്ന് ജലീൽ പറഞ്ഞു.
2006 ലാണ് ആദ്യമായി എൽഡിഎഫ് പിന്തുണയോട് കൂടി കുറ്റിപ്പുറത്ത് നിന്ന് വിജയിക്കുന്നത്. 2011ൽ തവനൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചു. 18 വർഷമായി സിപിഎം സ്വതന്ത്ര എംഎൽഎയായി തുടരുകയാണ് ജലീൽ
