ശാരീരിക ബന്ധവും സ്ത്രീകളുടെ മരണനിരക്കും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തൽ. ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടാത്ത സ്ത്രീകളിൽ അകാലമരണത്തിനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.2005നും 2010നുമിടയിലെ യുഎസ് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ (NHANES) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിലാണ് ഈ കണ്ടെത്തൽ.
ലൈംഗിക ബന്ധത്തിൽ അപൂർവ്വമായി ഏർപ്പെടുന്ന സ്ത്രീകൾക്ക് ആഴ്ചയിൽ ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെ അപേക്ഷിച്ച് മരണ സാധ്യത 70 ശതമാനം കൂടുതലാണ് എന്നാണ് പഠനം പറയുന്നത്. കൂടാതെ വിഷാദരോഗമുള്ള വ്യക്തികൾക്ക് ആഴ്ചയിൽ ഒരിക്കൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെ അപേക്ഷിച്ച് മരണസാധ്യത 197 ശതമാനമാണ് കൂടുതൽ . ജേണൽ ഓഫ് സൈക്കോസെക്ഷ്വൽ ഹെൽത്തിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്
ലൈംഗികബന്ധത്തിലേർപ്പെടുന്നത് നിരവധി ആരോഗ്യഗുണങ്ങളുണ്ടാക്കുമെന്നത് തെളിയിക്കപ്പെട്ടതാണ്. ഹാപ്പി ഹോർമോണുകളായ എൻഡോർഫിൻ, ഓക്സിടോസിൻ എന്നിവയുടെഉത്പാദനത്തെ ഇത് പ്രോത്സാഹിപ്പിക്കും. ഇത് സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഗുണം ചെയ്യും. രോഗപ്രതിരോധശേഷി കൂട്ടാനും അണുബാധകളിൽ നിന്നു ശരീരത്തെ സംരംക്ഷിക്കാനും ഇത് പ്രയോജനം ചെയ്യും.
ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. നല്ല ഉറക്കവും പ്രദാനം ചെയ്യും. ഇത് പ്രോലക്റ്റിൻ ഉത്പാദനത്തിന് ഗുണം ചെയ്യും. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുക, പ്രത്യുത്പ്പാദനത്തെ സ്വാധീനിക്കുക, സ്ത്രീകളിലും പുരുഷന്മാരിലും മൊത്തത്തിലുള്ള ഹോർമോൺ ബാലൻസ് നിലനിർത്തുകയെന്നതൊക്കെയാണ് ഇതിന്റെ ധർമ്മങ്ങൾ. കൂടാതെ പങ്കാളികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.