ആരാലും അറിയപ്പെടാത്ത, മാപ്പിള മലയാളത്തിൽ തിരുവിതാംകൂറിന്റെ ചരിത്രം പറയുന്ന പൊന്നാനി വി.എ. മുഹമ്മദ് മുസ്ല്യാർ 1929-ൽ എഴുതിയ 'ബഹുവിശേഷ വിനോദകീർത്തനം നൂദന കിസ്സ' എന്ന അപൂർവകൃതിയാണ് മലയാളംലിപിയിൽ പുറത്തിറക്കിയത്.പുസ്തകക്കൂമ്പാരങ്ങൾക്കിടയിൽ മറഞ്ഞുകിടന്നൊരു അമൂല്യപുസ്തകം.
മലപ്പുറം പൊന്നാനി പച്ചാട്ടിരി പരിയാവൂർ സ്വദേശിയായ മുഹമ്മദ് മുസ്ല്യാർ തിരുവനന്തപുരം ചാല കരുപ്പട്ടിക്കട തെരുവിൽ താമസിച്ച് എഴുതിയതായി കരുതുന്ന താളനിബദ്ധമായ ഈ 'തിരുവിതാംകൂർ മാല', പാട്ടിനുമപ്പുറം ചരിത്രകാരൻമാർപോലും കണ്ടെത്താത്ത അറിവുകളിലേക്കാണ് വെളിച്ചംവീശുന്നത്.
ശ്രീമൂലം തിരുനാളിന്റെ വിയോഗം, അന്നത്തെ ദുഃഖസാന്ദ്രമായ നഗരം, ചിത്തിര തിരുനാളിന്റെ പട്ടാഭിഷേകം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രചരിത്രം, നവരാത്രി ഉത്സവം, തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെയും സെക്രട്ടേറിയറ്റിന്റെയുമൊക്കെ നിർമാണം, വൈദ്യുതീകരണം തുടങ്ങി ആധുനികതയിലേക്കുള്ള കേരളത്തിന്റെ പരിവർത്തനഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് പുസ്തകം.
മലബാറിൽനിന്നൊരു മുസ്ല്യാർ തിരുവിതാംകൂർ ചരിത്രംകണ്ടറിഞ്ഞ് എഴുതിയതെന്ന പ്രത്യേകതയുമുണ്ട്. ഒരു ചരിത്രകാരന്റെ ഗവേഷണതാത്പര്യവും കവിയുടെ പാടവവും ഒരേസമയം ഇതിലുണ്ടെന്ന് ചരിത്രകാരനും മാധ്യമപ്രവർത്തകനുമായ മലയിൻകീഴ് ഗോപാലകൃഷ്ണൻ പറയുന്നു. തമ്പാനൂർ റെയിൽവേസ്റ്റേഷൻ നിർമാണത്തിന് എണ്ണൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചതിനെപ്പറ്റിപ്പോലും കവി എഴുതിയിട്ടുണ്ട്. ''ഏറെ ഗൃഹങ്ങൾ പലെ ജാതികൾ..പൊന്നും ബിലയും കൊടുത്ത് ഒഴിച്ചാ വീടുകൾ. പാവപ്പെട്ടോർ അനേകർ തലംമാറി''-എന്നുതുടങ്ങി ഒരുനൂറ്റാണ്ടുമുൻപത്തെ അന്തരീക്ഷം വ്യക്തമാക്കുന്നു. കാലിക്കറ്റ് സർവകലാശാലയിലെ മാപ്പിള ഹെറിറ്റേജ് ലൈബ്രറിയുടെ ഗവേഷണത്തിലാണ് കൃതി കണ്ടെത്തിയത്.
ബാലരാമപുരം സ്വദേശിയായ എഴുത്തുകാരൻ അബ്ദുൾ മജീദ് നദ്വിയാണ് പ്രയാസമേറിയ അറബിമലയാള പദങ്ങളുടെ അർഥം ചേർത്തും മൂലകൃതിയുടെ ശൈലി ചോരാതെയും മലയാളം ലിപിയിൽ പുതിയപുസ്തകം തയ്യാറാക്കിയത്.
~3.jpg)