![]() |
| Courtesy |
ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം. തെക്കുകിഴക്കൻ മൊറോക്കോയിൽ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്നാണിത്. സഹാറ മരുഭൂമിയുടെ ചില ഭാഗങ്ങൾ കടുത്ത വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് മൊറോക്കയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇറിക്വി തടാകം പ്രളയത്തിൽ നിറഞ്ഞു കവിഞ്ഞു. അരനൂറ്റാണ്ടായി ഈ തടാകം വരണ്ട അവസ്ഥയിലായിരുന്നു. നാസ പകർത്തിയ ഉപഗ്രഹ ചിത്രങ്ങളിൽ തടാകം നിറഞ്ഞു കവിഞ്ഞൊഴുകുന്നത് കാണാം.
ഒരു വർഷത്തെ ശരാശരി കണക്കുകളെപ്പോലും മറികടന്ന് പെയ്ത കനത്ത മഴ മരുഭൂമിയുടെ പല ഭാഗങ്ങളെയും 'വെള്ള'ത്തിലാക്കിയിരിക്കുകയാണ്. മൊറോക്കോയിലെ ടാഗോനൈറ്റ് എന്ന മരുഭൂമി ഗ്രാമത്തിൽ മാത്രം 24 മണിക്കൂറിൽ 100 എംഎം മഴ വരെ പെയ്തിട്ടുണ്ട്. ഇതോടെ വറ്റിവരണ്ടുപോയ മരുഭൂമിയിലെ പല ചെറുതടാകങ്ങളും മറ്റും വീണ്ടും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
![]() |
| Courtesy |
അതേസമയം എക്സ്ട്രാ ട്രോപ്പിക്കൽ സ്റ്റോം എന്ന് വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസം കാലാവസ്ഥയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ചില വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.മൊറോക്കോയുടെ തെക്ക്- കിഴക്കൻ മേഖലയിൽ വേനൽക്കാലത്ത് മഴ ലഭിക്കുന്ന പതിവില്ല. എന്നാൽ സെപ്തംബർ ശക്തമായ മഴയാണ് ഇവിടെ പെയ്തത്. രാജ്യത്ത് കഴിഞ്ഞ മാസം കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 18 പേർ മരിച്ചിരുന്നു
ഒൻപത് ദശലക്ഷം ചതുരശ്ര കിലോ മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് സഹാറ മരുഭൂമി. ഇവിടുത്തെ തീവ്രമായ കാലാവസ്ഥാ വ്യതിയാനം വലിയ ഭീഷണികളാണ് ഉയർത്തുന്നത്. വായു കൂടുതൽ ഈർപ്പമുള്ളതായി മാറുമെന്നും അത് ഭാവിയിൽ ഉയര്ന്ന ബാഷ്പീകരണത്തിനും കൊടുങ്കാറ്റിനും കാരണമാകുമെന്നുമാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ വർഷത്തിനിടയിൽ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയാണ് ഇതെന്നാണ് മൊറോക്കോയിലെ കാലാവസ്ഥാ കേന്ദ്രം പറയുന്നത്. 'എക്സ്ട്രാട്രോപ്പിക്കൽ സ്റ്റോം' എന്ന് വിദഗ്ധർ വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസം പ്രദേശത്തെ കാലാവസ്ഥയെത്തന്നെ തകിടം മറിക്കാൻ ശേഷിയുള്ളതാണ്. വരുമാന വർഷങ്ങളിലും മരുഭൂമിയിൽ ഈ പ്രതിഭാസം മഴ പെയ്യിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ.

