Courtesy - Space X / twitter
ബഹിരാകാശ വിക്ഷേപണത്തിൽ പുത്തൻ അധ്യായം എഴുതിച്ചേർത്ത് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ്. ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ഭാഗം വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളിൽ അതേ ലോഞ്ച്പാഡില്‍ വിജയകരമായി തിരിച്ചിറക്കി. ബഹിരാകാശ വിക്ഷേപണ ചരിത്രത്തില്‍ നിർണായകമാണ് ഈ പരീക്ഷണ വിജയം.
ഞായറാഴ്ച നടത്തിയ അഞ്ചാം സ്റ്റാർഷിപ്പ് പരീക്ഷണത്തിലാണ് സ്റ്റാർഷിപ്പിൽ നിന്ന് വേർപെട്ട് താഴേക്കിറങ്ങിയ സൂപ്പർ ഹെവി റോക്കറ്റിനെ കമ്പനി 'മെക്കാസില്ല' എന്ന് വിളിക്കുന്ന പുതിയതായി വികസിപ്പിച്ച യന്ത്രകൈകൾ ഉപയോഗിച്ച് പിടിച്ചുവെച്ചത്.തന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ ഇതിന്റെ വിഡിയോ ഇലോൺ മസ്ക് പങ്കുവച്ചു. ടെക്സസിലെ ബ്രൗണ്‍സ്വില്ലിൽ വിക്ഷേപണം നടന്ന് 7 മിനിറ്റിനുശേഷമാണു സ്റ്റാർഷിപ് റോക്കറ്റിന്റെ ബൂസ്റ്റർ വിക്ഷേപണത്തറയിലേക്കു തിരിച്ചെത്തിയത്. 232 അടി (71 മീറ്റർ) നീളമുള്ള ബൂസ്റ്റർ ഇറങ്ങിവരുമ്പോൾ പിടിക്കാൻ ചോപ്സ്റ്റിക്കുകൾ എന്ന് വിളിക്കപ്പെടുന്ന ഭീമൻ ലോഹക്കൈകൾ ലോഞ്ച്പാഡിൽ ഉണ്ടായിരുന്നു.
ഇന്ത്യൻ സമയം വൈകീട്ട് ആറ് മണിയോടെയാണ് (പ്രാദേശികസമയം രാവിലെ 7.22) ടെക്സാസിലെ ബോക്കാചികയിൽ നിന്ന് സ്റ്റാർഷിപ്പിന്റെ അഞ്ചാ പരീക്ഷണ ദൗത്യം വിക്ഷേപിച്ചത്. രണ്ടാം സ്റ്റേജായ സ്റ്റാർഷിപ്പ് റോക്കറ്റിനെ ബഹിരാകാശത്തെത്തിക്കുന്നതിനായി സൂപ്പർ ഹെവി റോക്കറ്റിലെ റാപ്റ്റർ എഞ്ചിനുകൾ മികച്ച രീതിയിൽ പ്രവർത്തിച്ചു. സ്റ്റാർഷിപ്പിൽ നിന്ന് വേർപെട്ടതിന് ശേഷമാണ് സൂപ്പർഹെവി തിരിച്ചിറങ്ങിയത്.
ടവര്‍ റോക്കറ്റിനെ പിടിച്ചുവെന്ന് സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്ക് എക്സില്‍ കുറിച്ചു. സ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍ ബന്ധിച്ച സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ വിക്ഷേപിച്ച് മിനുട്ടുകള്‍ക്കകം തിരിച്ച് പാഡിലെത്തുകയും വിജയകരമായി പാഡില്‍ ഇറങ്ങുകയുമായിരുന്നു. എഞ്ചിനീയറിങ് ചരിത്ര പുസ്തകങ്ങളിലെ പ്രധാന ദിനമാണിതെന്ന് സ്പേസ് എക്സ് വക്താവ് പറഞ്ഞു.
വിക്ഷേപണശേഷം വിജയകരമായി വേര്‍പെട്ട ശേഷം രണ്ടാംഘട്ടത്തെ അനായാസം ബഹിരാകാശത്തേക്ക് അയച്ച് റോക്കറ്റിന്റെ ഒന്നാം ഭാഗം അഥവാ ബൂസ്റ്റര്‍ തിരികെ ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. രണ്ടാം (മുകൾ) ഭാഗം ഒരു മണിക്കൂറിനുള്ളിൽ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു.
ഇത് ആദ്യമായാണ് സ്റ്റാർഷിപ്പ് പരീക്ഷണ ദൗത്യത്തിൽ ഉപയോഗിച്ച സൂപ്പർ ഹെവി റോക്കറ്റ് വീണ്ടെടുക്കുന്നത്. മുമ്പ് നടത്തിയ പരീക്ഷണ ദൗത്യങ്ങളിലെല്ലാം റോക്കറ്റ് ബൂസ്റ്ററിനെ കടലിൽ പതിപ്പിക്കുകയാണ് ചെയ്ത്.ഫാൽക്കൺ 9 റോക്കറ്റുകളുടെ ബൂസ്റ്ററുകൾ ഈ രീതിയിൽ വീണ്ടെടുക്കാറുണ്ട്. എന്നാൽ ഫാൽക്കൺ 9 ബൂസ്റ്ററുകളിൽ ഘടിപ്പിച്ചിരിക്കുന്ന ലെഗ്ഗുകൾ ഉപയോഗിച്ച് അവയെ തറയിൽ ഇറക്കുകയാണ് പതിവ്. സ്റ്റാർഷിപ്പിന് വേണ്ടി ഉപയോഗിക്കുന്ന ഭാരമേറിയ സൂപ്പർ ഹെവി റോക്കറ്റിൽ ഇത് പ്രായോഗികമല്ലാത്തതിനാലാവണം പ്രത്യേകം യന്ത്രക്കൈകൾ വികസിപ്പിച്ചത്. സ്റ്റാർഷിപ്പിന്റെ രണ്ടാം സ്റ്റേജ് കടലിൽ പതിച്ചതായി കമ്പനി സ്ഥിരീകരിച്ചു.
.