![]() |
| Courtesy - Reuters |
വായിക്കുമ്പോൾ അറപ്പ് തോന്നാം കിഴക്കൻ ചൈനയിലെ പ്രൈമറി വിദ്യാലയങ്ങളിലും പ്ലേ സ്കൂളുകളിലും വൈകുന്നേരമാവുമ്പോഴേക്ക് നഗരത്തിലെ മുട്ട വിൽപനക്കാരെല്ലാവരുമെത്തും. നാട്ടുകാരുടെ പ്രിയപ്പെട്ട ഒരു ലഘുഭക്ഷണം തയ്യാറാക്കാൻ ആവശ്യമായ മൂത്രം ശേഖരിക്കാനാണ് ഇവർ വരുന്നത്. ടോയ്ലറ്റുകൾക്കടുത്തുവെച്ച മൂത്രം നിറഞ്ഞ ബക്കറ്റുകൾ ഇവർ കടയിലേക്ക് കൊണ്ടുപോകും. ചെറിയ പ്രായത്തിലുള്ള ആൺകുട്ടികളുടെ മൂത്രത്തിൽ മുട്ട കുതിർത്തുവെച്ചുണ്ടാക്കുന്ന 'യൂറിൻ എഗ്ഗ്' എന്ന കൗതുകമുണർത്തുന്ന വിഭവമുണ്ടാക്കാനാണ് ഇതുപയോഗിക്കുന്നത്. 'വിർജിൻ ബോയ് എഗ്ഗ്സ്' എന്നും ഈ വിഭവത്തിന് പേരുണ്ട്.
നൂറ്റാണ്ടുകളായി ചൈനയിൽ നിലനിൽക്കുന്ന ഒരു വിചിത്ര വിശ്വാസമാണ് ഈ വിഭവത്തിന് പിന്നിൽ. ദുരാത്മാക്കളിൽ നിന്ന് രക്ഷ നേടാനും ഭാഗ്യം കൂട്ടാനും ഊർജ്ജം വർദ്ധിപ്പിക്കാനും പനി കുറയ്ക്കാനും മൂത്രം സഹായിക്കുമെന്നാണ് ചൈനയിലെ ഒരു വിഭാഗം ആളുകൾ കരുതുന്നത്. പത്ത് വയസിന് താഴെയുള്ള ആൺകുട്ടികളുടെ മൂത്രത്തിനാണ് കൂടുതൽ ശക്തിയുള്ളതെന്നാണ് വിശ്വാസം, പ്രത്യേകിച്ച് ഒരു മാസം പ്രായമാവുന്നതിന് മുമ്പ് ഉറക്കമെഴുന്നേറ്റുള്ള ആദ്യത്തെ മൂത്രത്തിന്.
ഈ മുട്ട വിഭവമുണ്ടാക്കാൻ ഒരു ദിവസം വേണം. ആദ്യം മൂത്രത്തിൽ കുതിർക്കുന്ന മുട്ടകൾ അതിലിട്ടുതന്നെ തിളപ്പിക്കും. മുട്ടയുടെ പുറംതോൽ പൊട്ടുന്നതുവരെ തിളപ്പിക്കും. മുട്ടകൾ അമിതമായി ചൂടാവാതിരിക്കാനും വേവ് കൂടാതിരിക്കാനും തീ എപ്പോഴും പാകത്തിനായിരിക്കണം. ഏകദേശം ഈ വിഭവത്തിന് 1.50 യുവാനാണ് വില. അതായത് സാധാരണ വിൽക്കുന്ന പച്ച മുട്ടയുടെ ഇരട്ടി വില നൽകണം.
മുട്ട ശരീരത്തിലെ ചൂട് കുറയ്ക്കുകയും മെച്ചപ്പെട്ട രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ഡോങ്യാങ്ങിലെ ആളുകൾ പറയുന്നു. പൂർവ്വികർ കൈമാറിയ പാരമ്പര്യത്തിൽ തങ്ങൾ വിശ്വസിക്കുന്നുവെന്നും ശരീരത്തെ പുനരുജ്ജീവിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
'ഈ മുട്ട കഴിച്ചാൽ ഞങ്ങൾക്ക് ഹീറ്റ് സ്ട്രോക്ക് വരില്ല. ഞങ്ങൾക്ക് ഇത് ദുർഗന്ധമല്ല, സുഗന്ധമാണ്. ഇതിന് പല ആരോഗ്യ ഗുണങ്ങളുമുണ്ട്. ഇത് കഴിച്ചാൽ ഞങ്ങളുടെ അരക്കെട്ടിലും കാലുകളിലും സന്ധികളിലും വേദനയുണ്ടാവില്ല. കൂടാതെ, ജോലി ചെയ്യുമ്പോൾ കൂടുതൽ ഊർജ്ജം ലഭിക്കും.'-ഡോങ്യാങ്ങിൽ കട നടത്തുന്ന 51-കാരനായ ജി യോഹുവ പറയുന്നു.ഈ മുട്ടകൾ തെരുവുകളിലെ കടകളിൽ മാത്രമല്ല വിൽക്കുന്നത്. ആളുകൾ വീടുകളിലും ഈ വിഭവമുണ്ടാക്കാറുണ്ട്. അതിനായി വീടിന് അടുത്ത സ്കൂളുകളിൽ നിന്നാണ് മൂത്രം ശേഖരിക്കാറുള്ളത്.
അതേസമയം ചൈനയിലെ മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നവർ ഈ വിഭവത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. വൃത്തിഹീനമായ ചുറ്റുപാടിൽ നിന്ന് മൂത്രം ശേഖരിക്കുന്നതുകൊണ്ടും ആരോഗ്യ ഗുണങ്ങൾ ഇല്ലാത്തതിനാലും ഇത് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്.
ഡോങ്യാങ്ങിലുള്ള ചില ആളുകൾക്കും ഈ മുട്ട അത്ര ഇഷ്ടമല്ല. 'ജലദോഷം ഉൾപ്പെടെയുള്ള രോഗങ്ങൾ ഈ മുട്ട കഴിച്ചാൽ മാറുമെന്നാണ് വിശ്വാസം. എന്നാൽ ഞാൻ ഇതൊന്നും കാര്യമാക്കുന്നില്ല. അതിൽ വിശ്വാസവുമില്ല. അതുകൊണ്ട് ഈ മുട്ട വിഭവം കഴിക്കാറുമില്ല.'-38-കാരനായ വാങ് ജുങ്സിങ് വ്യക്തമാക്കുന്നു.
