![]() |
| Courtesy |
മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ച സംഭവത്തിൽ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ കുരുക്കിലേക്ക്. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കിയ കെ. ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. ഹാക്കിങ് നടന്നിട്ടില്ലെന്ന് പൊലീസിന്റെ അന്വേഷണത്തിന് ഗൂഗിളും മെറ്റയും മറുപടി നൽകി. തന്റെ ഫോൺ ഹാക്ക് ചെയ്ത് ആരോ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു എന്നാണ് ഗോപാലകൃഷ്ണൻ വാദിച്ചിരുന്നത്.
അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഹാക്കിങ് നടന്നിട്ടില്ലെന്നും ഗൂഗിള്‍ പൊലീസിന് മറുപടി നല്കി.ഗോപാലകൃഷ്ണന് പ്ലേ സ്റ്റോറില്‍ നിന്നല്ലാത്ത ആപ്പുകള്‍ ഉപയോഗിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ ഫോണില്‍ വേറെ ഐ.പി അഡ്രസ് ഉപയോഗിച്ച് ഇടപെടല്‍ നടന്നിട്ടില്ലെന്നും ഗൂഗിള്‍ അറിയിച്ചു. കൂടുതല്‍ വ്യക്തതയ്ക്ക് ഫോറന്‍സിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. നേരത്തെ വാട്സ്ആപ്പ് ഇതേ റിപ്പോർട്ട് തന്നെയാണ് പോലീസിന് നൽകിയിരുന്നത്.
