എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് ജാമ്യം. രണ്ടാള് ജാമ്യം, ജില്ല വിട്ടു പോകരുത്, തിങ്കളാഴ്ചകളില്‍ രാവിലെ 9 നും 11 നുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം ജില്ല വിട്ടുപോകരുത് തുടങ്ങി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടാളുടെ പേരിലാണ് ജാമ്യം അനുവദിച്ചത്.
തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതേ കോടതി തന്നെയായിരുന്നു ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയത്. ഇത്തരത്തില്‍ ഒരു വേദിയിലെത്തി സംസാരിച്ചത് തെറ്റാണെന്ന് ദിവ്യ തന്നെ ജാമ്യഹര്‍ജിയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിച്ചതെന്നും ദിവ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ജാമ്യം കിട്ടിയതിൽ സന്തോഷമെന്ന് ദിവ്യയുടെ അഭിഭാഷകൻ വിശ്വൻ പറഞ്ഞു. കോടതിയിൽ വിശ്വാസമുണ്ടായിരുന്നു. വസ്തുതുകൾ പരിശോധിച്ചാണ് കോടതി വിധി പറഞ്ഞത്. പ്രതീക്ഷിച്ച വിജയം തന്നെയാണുണ്ടായത്. ചാരത്തിനിടയ്ക്ക് കനൽകട്ട പോലെ സത്യമുണ്ട്. നിരവധി കാര്യങ്ങൾ കോടതിയെ ധരിപ്പിക്കാനുണ്ട്. നിലവിലുള്ള ശാസ്ത്രീയ തെളിവുകൾ അടക്കം സഹായിക്കും. സത്യത്തെ മറച്ചുവയ്ക്കാനാകില്ല. അന്വേഷണത്തിന്റെ ഭാഗമായി പലതും പുറത്തുവരാനുണ്ട്. വിധി ദിവ്യയ്ക്ക് ആശ്വാസകരമാണ്. ഇന്ന് തന്നെ അവരെ ജയിൽ മോചിതയാക്കാനുള്ള ശ്രമമമാണ് നടത്തുന്നത്. സുപ്രധാന തെളിവുകൾ ഇനിയും പരിശോധിക്കപ്പെടേണ്ടതുണ്ട്. ദിവ്യ ജയിൽ മോചിതയാകുന്നതോടെ നിയമപോരാട്ടത്തിനു പുതിയ മുഖം വരുമെന്നും വിശ്വൻ പറഞ്ഞു.
