![]() |
| Courtesy |
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ജയിൽമോചിതയായി. കോടതി ഉത്തരവ് വന്നതിനു പിന്നാലെ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ദിവ്യ ജയിലിൽനിന്നു പുറത്തിറങ്ങിയത്. നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണമെന്നും ദിവ്യ മാധ്യമങ്ങളോടു പറഞ്ഞു.
ദിവ്യ പറഞ്ഞത് : നവീന്‍ ബാബുവിന്റെ മരണത്തില്‍ അതിയായ ദുഃഖം എന്നെ സംബന്ധിച്ചുണ്ട്. മാധ്യമപ്രവര്‍ത്തകരായാലും പൊതുജനങ്ങളായാലും പൊതുപ്രവര്‍ത്തന രംഗത്ത് എന്നെ കാണാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ 14 വര്‍ഷം ജനപ്രതിനിധിയെന്ന നിലയില്‍ ഒരുപാട് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി എല്ലാവരുമായി സഹകരിച്ച് പോകുന്നൊരാളാണ് ഞാന്‍.
ഞാന്‍ സദുദ്ദേശപരമായി മാത്രമേ ഉദ്യോഗസ്ഥരോട് സംസാരിക്കാറുള്ളൂ. ഞാനിപ്പോഴും നിയമത്തില്‍ വിശ്വസിക്കുന്നുണ്ട്. എന്റെ ഭാഗം ഞാന്‍ കോടതിയില്‍ പറയും. നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് പോലെ ഞാനും ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണമെന്ന് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. എന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് വേണ്ടിയുള്ള അവസരം എനിക്ക് കോടതിയില്‍ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്.
ജാമ്യ ഉത്തരവിലെ വിശദാംശങ്ങൾ
പിപി ദിവ്യയ്ക്കെതിരേ ചുമത്തിയ ബിഎൻഎസ് 108 ആത്മഹത്യാപ്രേരണക്കുറ്റം കേസിൽ നിലനില്ക്കും എന്ന് കോടതി നിരീക്ഷിച്ചു. 33 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. വിളിക്കാത്ത വേദിയിൽ ചെന്ന് പ്രാദേശിക ചാനലിനെ കൂട്ടിപ്പോയി എ.ഡി.എമ്മിന്റെ ആത്മാഭിമാനത്തെ തകർക്കുന്ന രീതിയിൽ ദിവ്യ പ്രവർത്തിച്ചിട്ടുണ്ട് എന്ന് കോടതി നിരീക്ഷിച്ചു.
മാനുഷികവശങ്ങൾ പരിഗണിച്ചാണ് കോടതി ദിവ്യയ്ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. സ്ത്രീയാണ്, കുടുംബനാഥയാണ്, കുടുംബത്തിലെ നാഥയായ സ്ത്രീ ഇല്ലാതായാൽ കുടുംബത്തിന് എന്ത് സംഭവിക്കും എന്ന കാര്യങ്ങൾ എടുത്ത് പറഞ്ഞാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അസുഖബാധിതനായ പിതാവിനെ പരിചരിക്കാൻ ദിവ്യ വീട്ടിലുണ്ടാകണം എന്ന വാദം നേരത്തെ തന്നെ പ്രതിഭാഗം ഉന്നയിച്ചിരുന്നു. ഇതും കോടതി പരിഗണിച്ചിട്ടുണ്ട്.
