![]() |
| Courtesy |
നേതൃത്വത്തോട് ഇടഞ്ഞ് വിമത സ്വരം ഉയര്‍ത്തിയ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍.കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് ഷാൾ അണിയിച്ചാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്.ദീപാദാസ് മുൻഷി, ബെന്നി ബെഹനാന്, ഷാഫി പറമ്പിൽ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് സന്ദീപ് വാര്യരെ സ്വീകരിക്കാൻ വേദിയിൽ അണിനിരന്നത്.
കോൺഗ്രസിനെ സംബന്ധിച്ച് ഇന്ന് ഏറെ സന്തോഷമുള്ള ദിവസമാണെന്ന് സുധാകരൻ പറഞ്ഞു. കുറേക്കാലമായി ബി ജെ പിയുടെ മുഖവും ശബ്ദവുമായിരുന്നു സന്ദീപ് വാര്യർ. പക്ഷേ മതേതരത്വ - ജനാധിപത്യ പാർട്ടിയിൽ പ്രവർത്തിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം കൊണ്ടാണ് കോൺഗ്രസിനെ തിരഞ്ഞെടുത്തത്. സന്ദീപ് വാര്യരെ നെഞ്ചോട് ചേർത്ത് സ്വാഗതം ചെയ്യുകയാണ്. അദ്ദേഹത്തിൽ വളരെ പ്രതീക്ഷയുണ്ട്.'- സുധാകരൻ പറഞ്ഞു.
'ഒരു കാലഘട്ടത്തിൽ സന്ദീപ് വാര്യർ കേരളത്തിലെ ബിജെപിയുടെ മുഖവും ശബ്ദവുമായിരുന്നു. അദ്ദേഹം വർഗീയതയുടെ, വെറുപ്പിന്റെ, വിദ്വേഷത്തിന്റെ രാഷ്ട്രീയത്തോട് വിടപറഞ്ഞ് സനേഹത്തിന്റെയും ചേർത്തുനിർത്തലിന്റെയും രാഷ്ട്രീയത്തിലേക്ക് വരികയാണ്. ഞാൻ ഹൃദയപൂർവം അദ്ദേഹത്തെ സ്വാഗതം ചെയ്യുകയാണ്.'- വി ഡി സതീശൻ പറഞ്ഞു.
സ്നേഹത്തിൻ്റെ കടയിൽ മെമ്പർഷിപ്പ് എടുത്തു ; സന്ദീപ്
പാർട്ടി മാറിയ സന്ദീപ് പ്രവേശനം കിട്ടിയ പാർട്ടിയെ ആദ്യ പ്രസംഗത്തിൽ തന്നെ മുൻപ് ചാനൽ ചർച്ചകളിലും മറ്റു പറഞ്ഞ പരാമർശങ്ങൾ എല്ലാം വിഴുങ്ങി പച്ചയ്ക്ക് പുകഴ്ത്തി.ബിജെപിയോട് കലഹിച്ച് കോൺഗ്രസിൽ ചേർന്ന സംഭവത്തിൽ വിശദീകരണവുമായി സന്ദീപ് വാര്യർ. താൻ ത്രിവർണ ഷാൾ അണിഞ്ഞതിന് കാരണക്കാരൻ സുരേന്ദ്രനാണെന്ന് സന്ദീപി പറഞ്ഞു. മാനവികമായി മനുഷ്യത്തമായ ചിന്തിക്കുക എന്നത് പ്രധാനം.വെറുപ്പ് മാത്രം ഉല്പാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്ന് സ്നേഹം പ്രതീക്ഷിച്ചു. എന്നാൽ ബിജെപിയിൽ സ്വന്തം അഭിപ്രായം പറയാൻ കഴിഞ്ഞിരുന്നില്ല. അവിടെ താൻ എഫ്ബി പോസ്റ്റിന്റെ പേരിൽ നടപടി നേരിട്ടയാളാണ്. ഒരുവർഷക്കാലം വിലക്ക് ലഭിച്ചയാളാണ് താനെന്നും സന്ദീപ് വാര്യർ പറഞ്ഞു.
സന്ദീപ് വാരിയറുടെ വാക്കുകൾ
എന്തിനാണ് ഒരു സംഘടനയിൽ പ്രവർത്തിക്കുന്നത്? സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ താങ്ങ് നമ്മൾ പ്രതീക്ഷിക്കും. എല്ലായിപ്പോഴും വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന സംഘടനയിൽനിന്നു പിന്തുണയും സ്നേഹവും പ്രതീക്ഷിച്ചതാണു ഞാൻ ചെയ്ത തെറ്റ്. കെ.സുരേന്ദ്രനും സംഘവുമാണ് ഞാൻ കോൺഗ്രസിലേക്കു വരാനുള്ള ഏക കാരണം. ബിജെപി നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റുകൾ കണ്ടു മടുത്താണു പാർട്ടി മാറുന്നത്. കരുവന്നൂർ തട്ടിപ്പ് എതിർത്തതിനാണു എന്നെ ബിജെപി ഒറ്റപ്പെടുത്തിയത്. സ്നേഹത്തിന്റെ കടയിൽ അംഗത്വം എടുക്കാനാണ് എന്റെ തീരുമാനം. ഇത്രയും കാലം ബിജെപിയിൽ പ്രവർത്തിച്ചതിൽ ജാള്യത തോന്നുന്നു.
ശ്രീനിവാസൻ വധക്കേസിൽ യുഎപിഎ ചുമത്തപ്പെട്ട 17 പ്രതികൾക്കു ജാമ്യം കിട്ടിയത് എങ്ങനെയാണെന്നു ബിജെപി നേതൃത്വം മറുപടി പറയണം. ബലിദാനിയായ ശ്രീനിവാസനുവേണ്ടി എന്താണു മികച്ച അഭിഭാഷകനെ ഹാജരാക്കാതിരുന്നത്? ആരാണതിനു പിന്നിൽ കളിച്ചത്? ബലിദാനികളെ ഒറ്റിക്കൊടുത്തത് ഞാനല്ല, നിങ്ങളുടെ കൂട്ടത്തിലാണെന്നു ബിജെപി അണികൾ അറിയണം.
ഒറ്റുകാരന്റെ വിശേഷണം ചേരുന്നതു ബിജെപി നേതൃത്വത്തിനാണ്, എനിക്കല്ല. ബിജെപി പ്രവർത്തകർ ചോദ്യം ചെയ്യേണ്ടതു പാർട്ടി നേതൃത്വത്തെയാണ്, എന്നെയല്ല. വിദ്വേഷത്തിന്റെ ക്യാംപിൽനിന്നു പുറത്തുവന്നതിന്റെ സന്തോഷത്തിലാണു ഞാൻ. എന്നെ കോൺഗ്രസിലേക്കു സ്വീകരിച്ച നേതാക്കൾക്കു നന്ദി. ഇനി കോൺഗ്രസുകാരനായി പ്രവർത്തിക്കും. കോൺഗ്രസിന്റെ ആശയമെന്നത് ഇന്ത്യയുടെ ആശയമാണ്. ഇന്ത്യയിൽ ജനിച്ചുവീഴുന്ന എല്ലാ കുട്ടികളുെടയും ഡിഎൻഎയിൽ കോൺഗ്രസിന്റെ ആശയമുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയം വിട്ടതിന്റെ ആഹ്ലാദത്തിലാണു ഞാൻ.
