![]() |
| Courtesy |
സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് കമല ഹാരിസ്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്യുകയായിരുന്നു കമല. ജനവിധി അംഗീകരിച്ച കമല ഡൊണാള്‍ഡ് ട്രംപിനെ വേദിയില്‍ വെച്ച് അഭിനന്ദിക്കുകയും ചെയ്തു.പ്രതീക്ഷിച്ച തെരഞ്ഞെടുപ്പ് ഫലമല്ല വന്നതെന്നും എന്തിനുവേണ്ടിയാണോ പോരാടിയത്, എന്തിനു വേണ്ടിയാണോ വോട്ടു ചെയ്തത്, അതല്ല ലഭിച്ചതെന്നും കമല പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയിലെ ഹോവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വെച്ചായിരുന്നു കമലയുടെ പ്രസംഗം.
‘ഇന്ന് എന്റെ മനസ്സും ഹൃദയവും അങ്ങേയറ്റം നിറഞ്ഞിരിക്കുന്നു. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി. നാം പ്രതീക്ഷിച്ചതോ നാം പോരാടിയതിന്റെയോ നാം വോട്ട് ചെയ്തതിന്റെയോ ഫലമല്ല തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. എന്നാൽ നാം തളരാത്ത കാലത്തോളം, പോരാടുന്ന കാലത്തോളം അമേരിക്കയുടെ വാഗ്ദാനത്തിന്റെ വെളിച്ചം കെട്ടുപോകുകയില്ല. അതെന്നും ജ്വലിച്ചു നിൽക്കും.’– കമല പറഞ്ഞു. ഈ തിരഞ്ഞെടുപ്പു കാലത്ത് തന്നെ ചേർത്തു നിർത്തിയ കുടുംബത്തിനും പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റിക് പ്രവർത്തകർക്കും കമല നന്ദി അറിയിച്ചു. നടത്തിയ പോരാട്ടത്തിലും അത് നടത്തിയ രീതിയിലും ഏറെ അഭിമാനമുണ്ടെന്നും കമല കൂട്ടിച്ചേർത്തു.
‘‘വിവിധ ജനസമൂഹത്തെയും കൂട്ടുകെട്ടുകളെയും ഒന്നിപ്പിക്കുന്നതായിരുന്നു എന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. അതിൽ ഞാനും എന്റെ സംഘവും ഏറെ അഭിമാനിക്കുന്നു. രാജ്യത്തിന്റെ ശോഭനമായ ഭാവിയും അമേരിക്കയോടുള്ള സ്നേഹവുമാണ് തന്നെയും ഒപ്പമുള്ളവരെയും ചേർത്തുനിർത്തിയതും മുന്നോട്ടു നയിച്ചതും. തങ്ങളെ വേർതിരിക്കുന്നതിനേക്കാൾ കൂടുതൽ സാമ്യതകളുണ്ടെന്ന ജനത്തിന്റെ ധാരണയാണ് ഞങ്ങളുടെ പ്രചാരണത്തിന് ഊർജ്ജം പകർന്നത്. ഇപ്പോൾ, ഈ സമയം നിങ്ങളുടെ മനസ്സിലൂടെ എന്താണ് കടന്നു പോകുന്നതെന്ന് എനിക്ക് അറിയാം. എന്നാൽ തിരഞ്ഞെടുപ്പു ഫലം നാം അംഗീകരിച്ചേ മതിയാകൂ. ഞാൻ ട്രംപിനോട് സംസാരിക്കുകയും അദ്ദേഹത്തിന് വിജയാശംസകൾ നേരുകയും ചെയ്തു. സമാധാനപരമായ ഭരണ കൈമാറ്റത്തിന് തയാറാണെന്നും അറിയിച്ചു. തിരഞ്ഞെടുപ്പു ഫലം എന്തായാലും അത് അംഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ്. അതാണ് ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിൽനിന്ന് വേർതിരിക്കുന്നത് കമല പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ജയിക്കാന്‍ വേണ്ടി 270 എന്ന സംഖ്യയേയും മറികടന്ന് 280 ഇലക്ട്രല്‍ വോട്ടുകള്‍ നേടി ട്രംപ് വിജയം നേടി. കമല ഹാരിസിന് 224 ഇലക്ട്രല്‍ വോട്ടുകള്‍ മാത്രമാണ് നേടാനായത്.
