![]() |
| Courtesy |
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം ഊഴം നഷ്ടപ്പെട്ടതിനെ തുടർന്ന് നാടകീയമായ പ്രശ്നങ്ങൾ ഉണ്ടാക്കിയ ഡൊണാൾഡ് ട്രംപ് (78) ഇത്തവണ അധികാരം ഉറപ്പിച്ചു. അമേരിക്കയുടെ 47ാം പ്രസിഡന്റായി ആധികാരിക വിജയം. ഇലക്ടറൽ കോളേജിന് പുറമേ കൂടുതൽ പോപ്പുലർ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ അധികാരത്തിലെത്തുന്നത്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടിയുടെ സമഗ്രാധിപത്യം. 2016-ന് ശേഷം 2024 ലും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതോടെ തുടർച്ചയായി അല്ലാതെ രണ്ടു തവണ പ്രസിഡന്റാകുന്ന രണ്ടാമനായി ട്രംപ് മാറി. 1885 മുതൽ 1889 വരേയും 1893 മുതൽ 1897 വരേയും അധികാരത്തിലിരുന്ന ഗ്രോവൻ ക്ലീവ്ലാൻഡായിരുന്നു മുൻപ് ഈ റെക്കോർഡിന് ഉടമ.
2016-ൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയാണ് റിപ്പബ്ലിക്കനായ ട്രംപ് അമേരിക്കയുടെ 45-ാമത് പ്രസിഡൻ്റാകുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ, 70 വയസ്സുള്ളപ്പോൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റുമാരിൽ ഒരാളാണ് അദ്ദേഹം. ദേശീയവാദം കൈമുതലാക്കിയ ട്രംപ് തന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകൊണ്ടും കൂട്ട നാടുകടത്തലുകളാലും ശ്രദ്ധനേടി.
'മേക്ക് അമേരിക്ക ഗ്രേറ്റ്' കാമ്പെയ്നിന്റെ ഭാഗമായി സാമ്പത്തിക പരിഷ്കരണം, നികുതി ലളിതമാക്കൽ, കോർപ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കൽ എന്നിവയും വാഗ്ദാനം ചെയ്തു. അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട ഒട്ടേറെ പരിഷ്കരണങ്ങൾ നടപ്പിലാക്കിയതിനുപുറമേ ഊർജ വിനിമയത്തിലും നവീകരണം കൊണ്ടുവന്നു.കോവിഡ്-19 പകർച്ചവ്യാധിയുടെ സമയത്ത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ദേശീയ സമാഹരണം ആരംഭിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ആശ്വാസ പാക്കേജാണ് ട്രംപ് ഭരണകൂടം നടപ്പാക്കിയത്. റെക്കോഡ് സമയത്തിനുള്ളിൽ വാക്സിൻ നൽകാനും വൈറസിനെ പരാജയപ്പെടുത്താനും ഓപ്പറേഷൻ വാർപ്പ് സ്പീഡിനും തുടക്കം കുറച്ചത് ട്രംപാണ്.
1868-ൽ ആൻഡ്രൂ ജോൺസണും 1998-ൽ ബിൽ ക്ലിൻ്റനും ശേഷം അമേരിക്കൻ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത മൂന്നാമത്തെ പ്രസിഡൻ്റാണ് ട്രംപ്. വിശേഷണം അവിടെയും തീർന്നില്ല, കാരണം രണ്ടുതവണ ഇംപീച്ച്മെന്റ് നേരിട്ട ഏക പ്രസിഡൻ്റുകൂടിയാണ് അദ്ദേഹം. 2019-ൽ അധികാര ദുർവിനിയോഗത്തിനും 2021-ൽ യു.എസ്. പാർലമെന്റ് മന്ദിരമായ കാപ്പിറ്റോൾ ആക്രമണത്തിന് പ്രേരണ നൽകിയതിനുമായിരുന്നു നടപടി. യു.എസ്. സെനറ്റ് കുറ്റവിമുക്തനായി പ്രഖ്യാപിച്ചതോടെ ഇംപീച്ച്മെന്റ് അവസാനിച്ചു.
2020-ൽ തുടർഭരണ സാധ്യത തേടി മത്സരിച്ചെങ്കിലും 232-നെതിരേ 306 ഇലക്ടറൽ കോളേജ് വോട്ടിന് ജോ ബൈഡന് മുൻപിൽ അടിയറ പറയേണ്ടിവന്നു. അമേരിക്കൻ പ്രസിഡന്റായിരുന്ന വ്യക്തി എന്ന നിലയിൽ ട്രംപിന് പ്രത്യേകതകൾ ഏറെയാണ്. നീലച്ചിത്രനടി സ്റ്റോമി ഡാനിയൽസുമായുണ്ടായ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഒരു കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ മുൻ പ്രസിഡൻ്റെന്ന ഖ്യാതി ട്രംപ് സ്വന്തമാക്കി.
ഇതിനുപുറമേ പ്രസിഡന്റായി പ്രവർത്തിച്ച അവസാന ഓഫീസ് ദിനത്തിൽ വൈറ്റ് ഹൗസിൽനിന്ന് ഒട്ടേറെ രഹസ്യരേഖകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട കേസുകളിലും 2020-ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ബൈഡൻ്റെ വിജയത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിലും കുറ്റാരോപിതനായി.2024 ഏപ്രിൽ 15-ന് ബിസിനസ് റെക്കോർഡ്സ് കേസിൽ വിചാരണ ആരംഭിച്ചതോടെ, ക്രിമിനൽ കുറ്റങ്ങൾ ചുമത്തി വിചാരണ നേരിടുന്ന ആദ്യത്തെ മുൻ പ്രസിഡൻ്റായും മാറി. എന്നിരുന്നാലും പ്രസിഡന്റ് സ്ഥാനാർഥിയാവാൻ റിപ്പബ്ലിക്കൻ പാർട്ടിയുടെ നാമനിർദേശം നേടുന്നതിന് ആവശ്യമായ പ്രതിനിധികളെ സമാഹരിക്കാൻ അദ്ദേഹത്തിനായി.
പ്രവചനം ഫലിച്ചാൽ മൂപ്പരുടെ പ്രത്യേക സമ്മാനം പ്രതീക്ഷിക്കാം...!
റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ഫ്രെഡറിക് ക്രിസ്റ്റ് ട്രംപിന്റെയും മേരി മക്ലിയോഡിന്റെയും അഞ്ച് മക്കളിൽ നാലാമനായി 1946 ജൂൺ 14-ന് ന്യൂയോർക്കിലാണ് ഡൊണാൾഡ് ട്രംപ് ജനിച്ചത്. 1968-ൽ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂൾ ഓഫ് ഫിനാൻസിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ട്രംപ് തൻ്റെ പിതാവിൻ്റെ പാത പിന്തുടർന്ന് റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കെത്തി.
പതിനാലിലധികം ബെസ്റ്റ് സെല്ലറുകളുള്ള പ്രഗത്ഭനായ ഒരു എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം. 1987-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിൻ്റെ ആദ്യ പുസ്തകമായ 'ദി ആർട്ട് ഓഫ് ദി ഡീൽ' ഒരു ബിസിനസ് ക്ലാസിക് ആയി കണക്കാക്കപ്പെടുന്നു. മറ്റ് പ്രധാന കൃതികൾ- ട്രംപ്: ദി ആർട്ട് ഓഫ് ദി കംബാക്ക് (1997), വൈ വി വാണ്ട് യു ടു ബി റിച്ച് (2006), ട്രംപ് 101: ദി വേ ടു സക്സസ് (2006), ട്രംപ് നെവർ ഗിവ് അപ്: ഹൗ ഐ ടേൺഡ് മൈ ബിഗ്ഗസ്റ്റ് ചലഞ്ചസ് ഇൻടു സക്സസ് (2008).
1977-ൽ ട്രംപ് ഒരു ചെക്ക് മോഡലായ ഇവാന സെൽനിക്കോവ വിങ്ക്ൽമറെയെ വിവാഹം കഴിച്ചു. അവർക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു. ദമ്പതികൾ 1992-ൽ വിവാഹമോചനം നേടി. 1993-ൽ അമേരിക്കൻ നടി മാർല മാപ്പിൾസിനെ ട്രംപ് വിവാഹം കഴിച്ചു. 1999-ൽ ഇരുവരും വിവാഹമോചിതരായി. 2005-ൽ വിവാഹംചെയ്ത സ്ലോവേനിയൻ മോഡലായ മെലാനിയ ട്രംപാണ് ഇപ്പോഴത്തെ ജീവിത പങ്കാളി.
ഇത് അമേരിക്കയുടെ സുവർണയുഗം: ട്രംപ്
ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റത്തിനാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പു സാക്ഷ്യം വഹിച്ചതെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. വോട്ടർമാർക്കു നന്ദി പറഞ്ഞ ട്രംപ് ഇതു ചരിത്ര വിജയമാണെന്നും കൂട്ടിച്ചേർത്തു. ഫ്ളോറിഡയിൽ അണികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്. സ്വിങ് സീറ്റുകളിലുൾപ്പെടെ മികച്ച വിജയം നേടി അധികാരത്തിലേക്കു നീങ്ങുന്ന ട്രംപിനെ ഹർഷാരവത്തോടെയാണ് അണികൾ സ്വീകരിച്ചത്.
‘‘ഇത് അമേരിക്കയുടെ സുവർണയുഗമാണ്. അമേരിക്കൻ ജനതയെ സംബന്ധിച്ചിടത്തോളം ചരിത്ര വിജയമാണ്. നാം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യം ഇതുവരെ കാണാത്ത രാഷ്ട്രീയ വിജയമാണിത്. അമേരിക്കൻ ജനതയ്ക്കു നന്ദി പറയുന്നു. ജീവിതത്തിലെ സുപ്രധാന ദിവസങ്ങളായി അമേരിക്കൻ ജനത ഇക്കാലത്തെ വിലയിരുത്തും’’ ട്രംപ് പറഞ്ഞു. കുടുംബത്തിനും ട്രംപ് നന്ദി അറിയിച്ചു. ഭാര്യ മെലനിയയെ ഫസ്റ്റ് ലേഡിയെന്നു വിശേഷിപ്പിച്ചാണ് ട്രംപ് അവർക്കു നന്ദി പറഞ്ഞത്.
യുഎസിന്റെ അടുത്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ആണെന്നു പ്രഖ്യാപിച്ച ഡോണൾഡ് ട്രംപ് അദ്ദേഹത്തെ അഭിനന്ദിക്കുകയും പ്രസംഗിക്കാനായി വേദിയിലേക്കു ക്ഷണിക്കുകയും ചെയ്തു. ഔദ്യോഗികമായി വിജയ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും വിജയിച്ചതായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.
