![]() |
| Courtesy |
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും തായ്ലൻഡും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബുധനാഴ്ച പുലർച്ചെ ഫലം വരും മുൻപ് ഡോണൾഡ് ട്രംപിന്റെ വിജയം പ്രവചിക്കുകയാണ് തായ്ലൻഡിൽ നിന്നുള്ള ഒരു കുഞ്ഞൻ. പ്രായത്തിൽ മാത്രമേ ഇവൻ കുഞ്ഞനായിട്ടുള്ളൂ. തായ്ലൻഡിലെ സി റാച്ചയിലുള്ള ഖാവോ ഖിയോ ഓപ്പൺ മൃഗശാലയിലെ മൂ ഡെങ് ഹിപ്പോയാണ് ഇപ്പോൾ താരം.
മൂ ഡെങ് വെള്ളത്തിൽ നിന്ന് വരുന്നതും അതിന് ഭക്ഷണം കൊടുക്കുന്നതും കാണാം. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിൻ്റെയും ഡെമോക്രാറ്റ് സ്ഥാനാർഥി കമലാ ഹാരിസിൻ്റെയും പേരുകൾ എഴുതിയ രണ്ട് തണ്ണിമത്തനുകളാണ് കുഞ്ഞു ഹിപ്പോയ്ക്ക് നൽകിയത്. ഹിപ്പോ നേരെ റിപ്പബ്ലിക്കൻ നേതാവിൻ്റെ പേരെഴുതിയ തണ്ണിമത്തൻ തോട് ഉപയോഗിച്ച് ഉണ്ടാക്കിയ ഫ്രൂട്ട് ബാസ്ക്കറ്റിലേക്ക് നടന്നു. അത് ആസ്വദിച്ച് കഴിക്കുകയും ചെയ്തു.തായ്ലൻഡിലെ സി റാച്ചയിലുള്ള ഖാവോ ഖിയോ ഓപ്പൺ മൃഗശാലയിലായിരുന്നു പ്രവചനം. മൂ ഡെങിൻ്റെ ഊഹം അധിക വോട്ടെടുപ്പുകളിലും വാതുവെപ്പുകളിും ശരിയാകാറുണ്ട്. ഇത്തവണത്തെ പ്രവചനം ശരിയാണോയെന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം.
അമേരിക്കൻ ഗായകനും നർത്തകനുമായിരുന്ന മൈക്കൽ ജാക്സന്റെ ഐതിഹാസിക ‘മൂൺവാക്ക്’ നൃത്തച്ചുവട് വച്ചാണ് കുഞ്ഞൻ ഹിപ്പോ സമൂഹമാധ്യമങ്ങളിൽ വൈറൽ താരമായത്. ഇപ്പോൾ ട്രംപിന്റെ വിജയം കൂടി പ്രവചിച്ചിരിക്കുന്നു. ഹിപ്പോയുടെ ജനപ്രീതി കാരണം സെപ്റ്റംബർ മുതൽ മൃഗശാലയുടെ വരുമാനത്തിൽ 4 മടങ്ങ് വർധനയുണ്ടെന്ന് അധികൃതർ പറയുന്നു.
