പൊതുനന്മയ്ക്കുള്ള പൊതുസ്വത്ത് (മെറ്റീരിയൽ റിസോഴ്സസ് ഓഫ് ദ് കമ്യൂണിറ്റി) എന്നതിന്റെ പരിധിയിലാക്കി എല്ലാ സ്വകാര്യവസ്തുക്കളും ഏറ്റെടുക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി ഭൂരിപക്ഷ വിധിയിലൂടെ വ്യക്തമാക്കി. സ്വകാര്യ വസ്തുക്കളെ പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനർവിതരണം ചെയ്യാൻ സർക്കാരുകൾക്ക് അധികാരമുണ്ടോ എന്ന വിഷയമാണ് കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒൻപതംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ഭരണഘടനാ അനുച്ഛേദം 39(ബി) അനുശാസിക്കുന്ന 'സമൂഹ ഭൗതിക വിഭവങ്ങൾ' എന്ന പരിധിയിൽ എല്ലാ സ്വകാര്യ സ്വത്തുക്കളെയും കണക്കാക്കാമെന്ന് 1978ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് 8:1 ഭൂരിപക്ഷത്തിലുള്ള വിധി.
അനുച്ഛേദം 39(ബി) പ്രകാരം, സമൂഹത്തിൻ്റെ ഭൗതിക വിഭവങ്ങളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും പൊതുനന്മ നിലനിർത്തുന്നതിന് ഏറ്റവും മികച്ച രീതിയിൽ വിതരണം ചെയ്യപ്പെടേണ്ടതുണ്ട്. ഇതിൽ 'സമൂഹ ഭൗതിക വിഭവങ്ങൾ' എന്നതിൻറെ പരിധിയിൽ എല്ലാ സ്വകാര്യ സ്വത്തുക്കളും വരില്ലെന്നും എന്നാൽ ചിലത് ഉൾപ്പെടുമെന്നുമാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. ഭൂരിപക്ഷാഭിപ്രായം തയാറാക്കിയത് ചീഫ് ജസ്റ്റിസ് ഡി വി ചന്ദ്രചൂഡാണാണ്. അതേസമയം, ജസ്റ്റിസ് ബി വി നാഗരത്ന ഭാഗികമായി സമ്മതിക്കുകയും ജസ്റ്റിസ് സുധാംശു ധൂലിയ ഭൂരിപക്ഷ അഭിപ്രായത്തോട് വിയോജിക്കുകയും ചെയ്തു.
പൊതുനന്മയ്ക്കായി ഉപയോഗിക്കാവുന്ന പൊതുസ്വത്ത് എല്ലാവർക്കുമായി പങ്കുവയ്ക്കാൻ ഭരണഘടനയുടെ നിർദേശകതത്വത്തിലെ 39(ബി) വകുപ്പ് സർക്കാരിനോട് നിർദേശിക്കുന്നുണ്ട്. സ്വകാര്യ സ്വത്തും അർഥവ്യാഖ്യാനത്തിൽ ഈ ഗണത്തിൽ വരുമെങ്കിലും എല്ലാ സ്വകാര്യ സ്വത്തിനെയും പൊതുനന്മയ്ക്കുള്ള പൊതുസ്വത്തായി കരുതാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. അതേസമയം, ചില സ്വകാര്യ സ്വത്തുക്കൾ 39(ബി) വകുപ്പിന്റെ പരിധിയിൽ വരുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
'സമൂഹത്തിൻ്റെ ഭൗതിക വിഭവങ്ങൾ' എന്ന വാചകത്തിൽ സൈദ്ധാന്തികമായി സ്വകാര്യ ഉടമസ്ഥതയിലുള്ള വിഭവങ്ങൾ ഉൾപ്പെടാമെങ്കിലും രംഗനാഥ് റെഡ്ഡി കേസിൽ ജസ്റ്റിസ് കൃഷ്ണയ്യർ പുറപ്പെടുവിച്ച ന്യൂനപക്ഷ വിധിയിൽ പ്രകടിപ്പിച്ച വിപുലമായ വീക്ഷണം അംഗീകാരിക്കാനാകില്ല എന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. ഒരു വിഭവം സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനവും അതിന്റെ സ്വഭാവം അനുസരിച്ചാകും അനുച്ഛേദം 39(ബി)യുടെ പരിധിയിൽ വരുമോ എന്നത് തീരുമാനിക്കുക എന്നും ബെഞ്ച് പറഞ്ഞു.
സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകള്‍ നിലവിലെ സാഹചര്യത്തില്‍ പിന്തുടരാന് കഴിയില്ലെന്നാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയത്. 1960-കളിലും 1970-കളിലും സോഷ്യലിസ്റ്റ് സാമ്പത്തിക ചിന്താഗതിയിലായിരുന്നു രാജ്യം. എന്നാൽ 1990-കള്‍ക്ക് ശേഷം വിപണി കേന്ദ്രീകൃത സാമ്പത്തിക മാതൃകയിലേക്ക് രാജ്യം കടന്നെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിയില്‍ നിരീക്ഷിക്കുന്നു. വികസ്വര രാജ്യമെന്ന നിലയില്‍ ഓരോ ഘട്ടത്തിലുമുള്ള വെല്ലുവിളികള്‍ നേരിടാനാണ് സാമ്പത്തിക മേഖലയിലെ ഈ മാറ്റമെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിശദീകരിക്കുന്നു.
മഹാരാഷ്ട്ര ഹൗസിങ് ആൻഡ് ഏരിയ ഡെവലപ്മെന്റ് ആക്ട്(മേഡ) നിയവുമായി ബന്ധപ്പെട്ട കേസിലാണ് 9 അംഗ ബെഞ്ചിന്റെ വിധി. നിയമത്തിൽ 1986–ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം 70% താമസക്കാരുടെ അനുമതിയുണ്ടെങ്കിൽ, മാസവാടകയുടെ 100 ഇരട്ടി നൽകി സ്വകാര്യ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടങ്ങൾ ഏറ്റെടുത്ത് അറ്റകുറ്റപണി ചെയ്യാനും പൊതുനന്മയ്ക്കായി പുനർവിതരണം ചെയ്യാനും സർക്കാരിനു കഴിയും. ഇതാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. 1992–ൽ ഫയൽചെയ്യപ്പെട്ട ഹർജി 2002ലാണ് 9 അംഗ ബെഞ്ചിലേക്ക് വിട്ടത്. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് 9 അംഗ ബെഞ്ച് വാദം കേട്ടത്.