![]() |
| Courtesy |
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും ഒടുവില്‍ മുഴുവന്‍ ഫലവും വന്ന അരിസോണയിലും ട്രംപ് പ്രഭാവം. ഞായറാഴ്ച പുലര്‍ച്ചെ അരിസോണയിലെ ഫലവും പുറത്തുവന്നതോടെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഔദ്യോഗികമായി പൂര്‍ത്തിയായി. അന്തിമ ഫലം അനുസരിച്ച് 312 ഇലക്ടറല്‍ വോട്ടുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡോണള്‍ഡ് ട്രംപ് നേടിയത്. എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ കമലാ ഹാരിസിന് 226 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് നേടാനായത്.വിജയം പ്രതീക്ഷിച്ച കമലയെ സംബന്ധിച്ച് 86 വോട്ടുകളുടെ തോൽവി വലിയ തിരിച്ചടിയാണ്.
2016-ല്‍ നേടിയ ജയത്തെക്കാള്‍ മികച്ച വിജയമാണ് ഇക്കുറി ട്രംപ് സ്വന്തമാക്കിയിരിക്കുന്നത്. 2016-ല്‍ അദ്ദേഹത്തിന് 304 ഇലക്ടറല്‍ വോട്ടുകളായിരുന്നു ലഭിച്ചത്. ഏറ്റവും ഒടുവില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ അരിസോണയിലെ 11 ഇലക്ടറല്‍ വോട്ടുകളും ട്രംപ് സ്വന്തമാക്കി.
അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ജനുവരി 20ന് ട്രംപ് അധികാരമേൽക്കും. ഏഴു സ്വിങ് സ്റ്റേറ്റുകളിൽ ട്രംപിനാണ് വിജയം.ഡോണൾഡ് ട്രംപിന് രാജ്യവ്യാപകമായി 74.6 ദശലക്ഷം വോട്ടുകൾ ലഭിച്ചു, 50.5 ശതമാനം. കമല ഹാരിസിന് 70.9 ദശലക്ഷം വോട്ടുകളാണ് നേടാനായത്. പോൾ ചെയ്ത വോട്ടിന്റെ 48 ശതമാനമാണിത്.
