![]() |
| ഓസ്ട്രേലിയയിൽ നിന്നുള്ള ദൃശ്യം . Courtesy |
പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയ നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ നിയമം ഓസ്ട്രേലിയയുടെ പാര്‍ലമെന്റ് പാസാക്കി. മാസങ്ങള്‍ നീണ്ട പൊതു ചര്‍ച്ചയ്ക്കും തിരക്കേറിയ പാര്‍ലമെന്ററി പ്രക്രിയയ്ക്കും ശേഷം, ബില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ഒരാഴ്ചയ്ക്കുള്ളില്‍ പാസാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് വര്‍ഷത്തിലെ അവസാന സിറ്റിംഗ് ദിവസമായ വ്യാഴാഴ്ച വൈകിട്ടാണ് ഓസട്രേലിയന് സെനറ്റ് സോഷ്യല്‍ മീഡിയ നിരോധനത്തിന് അംഗീകാരം നല്‍കിയത്.
16 വയസിൽ താഴെയുള്ളവർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന തടയുന്ന ബില്ലാണ് ഓസ്ട്രേലിയൻ പാർലമെന്റിൽ പാസായത്. ഓസ്ട്രേലിയൻ പാർലമെന്റിന്റെ ഇരുസഭകളും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു.ഫെയ്സ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളാണ് ഓസ്ട്രേലിയയിൽ പ്രചാരത്തിലുള്ളത്. 16 വയസിൽ താഴെയുള്ളവരെ ഒഴിവാക്കാൻ കമ്പനികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ബില്ലിൽ പറയുന്നത്. വ്യവസ്ഥകൾ ലംഘിക്കുന്ന പക്ഷം അഞ്ചുകോടി ഓസ്ട്രേലിയൻ ഡോളർ ( 274.51 കോടി രൂപ) ആണ് പിഴ.
ബുധനാഴ്ചയാണ് ഓസ്ട്രേലിയൻ പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് ബില്ല് പാസാക്കിയത്. വ്യാഴാഴ്ചയാണ് ഉപരിസഭയായ സെനറ്റിൽ ബില്ല് പാസായത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബില്ല് പാർലമെന്റിന്റെ ഇരുസഭകളും കടന്നത് എന്നത് ശ്രദ്ധേയമാണ്. കുട്ടികളിലെ സാമൂഹികമാധ്യമങ്ങളുടെ അമിതമായ ഉപയോഗം അവിടെ രക്ഷിതാക്കളുടെ വലിയ ആശങ്കകളിൽ ഒന്നാണ്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ നീക്കത്തിന് രക്ഷിതാക്കളുടെ പിന്തുണയുമുണ്ട്.
നിയവുമായി ബന്ധപ്പെട്ട് സംസാരിച്ച നേതാക്കളില്‍ ഭൂരിപക്ഷവും ഓസ്ട്രേലിയയുടെ നീക്കത്തെ പ്രശംസിച്ചു. നിരോധനം നടപ്പിലാക്കുന്നതിനായി ബയോമെട്രിക്സ് അല്ലെങ്കില്‍ സര്‍ക്കാര്‍ നല്കിയ ഐഡികള്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഒരു വയസ് സ്ഥിരീകരണ സംവിധാനം പരീക്ഷിക്കാനാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വരാനിരിക്കുന്ന മെയ് മാസത്തിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ അംഗീകാരം വര്‍ധിപ്പിക്കാനുള്ള പ്രധാനമന്ത്രി അല്‍ബനീസിന്റെ ശ്രമമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാൽ കൗമാരക്കാർക്കിടയിൽ ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്. പലരും നിയന്ത്രണം മറികടക്കാൻ മറ്റ് വഴികൾ നോക്കുമെന്നാണ് പറയുന്നത്. പുസ്തകങ്ങളിൽ നിന്ന് മാത്രം എല്ലാം ലഭിക്കില്ലെന്നും കുട്ടികളും കൗമാരക്കാരും ഇത്തരം സാങ്കേതികവിദ്യയെ കുറിച്ച് അറിഞ്ഞിരിക്കണമെന്നുമാണ് ഇവരുടെ നിലപാട്. നിലവിലെ ബില്ലിലെ വ്യവസ്ഥകൾ സാമൂഹിക മാധ്യമ നിയന്ത്രണത്തിനുള്ള നിയമങ്ങളിൽ ലോകത്തിലേറ്റവും കർശനമായതാണ്. എന്നാൽ ഇതെങ്ങനെ നടപ്പിലാക്കുമെന്ന് ബില്ലിൽ പറയുന്നില്ല. അതിനാൽ നിയമം ഉണ്ടായാലും അത് കർശനമായി നടപ്പിലാക്കിയേക്കില്ല എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
