![]() |
| Courtesy |
സാമാന്യ ബോധം ഉള്ളവരും, അന്ധവിശ്വാസികൾ അല്ലാത്തവരും ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരും അവയവദാനം എന്നതിനെ ഒരു പുണ്യ പ്രവർത്തിയായിട്ടാണ് കാണുന്നത്. ഉദാരമനസ്കതയോടെ ചെയ്യുന്ന ഈ പ്രവൃത്തി, മാറ്റിവെക്കൽ ആവശ്യമുള്ള രോഗികൾക്ക് ഒരു പുതുജീവിതമാണ് വാഗ്ദാനം ചെയ്യുന്നത്. മരണശേഷമാണ് ഇത്തരത്തിൽ അവയവങ്ങൾ നൽകുന്നതെങ്കിലും അവയവങ്ങളുടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള വിടവ് നികത്താൻ ജീവിച്ചിരിക്കുമ്പോൾ ഉള്ള അവയവ ദാതാക്കളും പ്രധാന പങ്ക് വഹിക്കുന്നത്. എന്നാൽ ജീവിച്ചിരിക്കുമ്പോൾ ഏതൊക്കെ അവയവങ്ങളാണ് ഒരാൾക്ക് ദാനം ചെയ്യാൻ കഴിയുക എന്ന് നിങ്ങൾക്ക് അറിയാമോ? ജീവിച്ചിരിക്കുന്ന ദാതാക്കൾക്ക് നിരവധി അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുമെന്നാണ് മുംബൈ സെൻട്രലിലെ വോക്കാർഡ് ഹോസ്പിറ്റൽസിലെ എച്ച്പിബി, ജിഐ സർജൻ കൺസൾട്ടൻ്റ് ലിവർ ട്രാൻസ്പ്ലാൻ്റ് ഡോ സോപ്നിൽ ശർമ്മ പറയുന്നു.
മനുഷ്യ ശരീരത്തിൽ പുനരുൽപ്പാദന ശേഷിയുള്ള പ്രധാന അവയവമാണ് കരൾ. ജീവിച്ചിരിക്കുമ്പാേൾ തന്നെ കരളിൻ്റെ ഒരു ഭാഗം ദാനം ചെയ്യാൻ സാധിക്കും. സമയബന്ധിതമായ ട്രാൻസ്പ്ലാൻറുകൾ നൽകുന്നതിനാൽ ഈ ഓപ്ഷൻ പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നതാണ്. ട്രാൻസ്പ്ലാൻ്റിന് ശേഷം സ്വീകർത്താവിൻ്റെ കരൾ ഭാഗങ്ങൾ മാസങ്ങൾക്കുള്ളിൽ പുനരുജ്ജീവിപ്പിക്കുന്നു. ദാതാവിൻ്റെ കരൾ സാധാരണ പ്രവർത്തനത്തിലേക്കും വലുപ്പത്തിലേക്കും പിന്നീട് മടങ്ങിയെത്തുന്നു.
ജീവിച്ചിരിക്കുമ്പോൾ ശ്വാസകോശ ദാനങ്ങളിൽ പലപ്പോഴും ഒരു ശ്വാസകോശത്തിൽ നിന്ന് ഒരൊറ്റ ലോബാണ് ദാനം ചെയ്യാറുള്ളത്. ശ്വാസകോശം കരളിനെപ്പോലെ പുനർനിർമ്മിക്കുന്നില്ലെങ്കിലും, ഒരൊറ്റ ലോബ് നീക്കം ചെയ്യുന്നത് ദാതാക്കളെ പൂർണ്ണവും ആരോഗ്യകരവുമായ ജീവിതം തിരിച്ചുകൊണ്ട് വരാൻ സഹായിക്കുന്നു.
എല്ലാവർക്കും അറിയാവുന്നതും ഏറ്റവും സാധാരണമായ ജീവനുള്ള അവയവദാനമാണ് വൃക്കദാനം. ഒരൊറ്റ വൃക്കയ്ക്ക് ശരീരത്തിൻ്റെ എല്ലാ ആവശ്യങ്ങളും വേണ്ടത്ര കൈകാര്യം ചെയ്യാൻ കഴിയും. ആരോഗ്യമുള്ള ഒരാൾക്ക് ഒരു വൃക്ക ദാനം ചെയ്യുന്നത് സാധ്യമാണ്. വളരെ പെട്ടെന്ന് തന്നെ വൃക്ക മാറ്റിവെയ്ക്കാൻ സാധിക്കുന്ന കൊണ്ട് തന്നെ മികച്ച വിജയമാണ് വൃക്കദാനത്തിന് ഡോക്ടർമാർ കണക്കാക്കുന്നത്.
ജീവിച്ചിരിക്കുമ്പോൾ തന്നെ പാൻക്രിയാസിൻ്റെ ഒരു ഭാഗം ദാനം ചെയ്യാൻ സാധിക്കും. അപൂർവമായാണ് പലപ്പോഴും പാൻക്രിയാസ് ദാനം ചെയ്യാറുള്ളത്. പ്രമേഹത്തെ നിയന്ത്രിക്കാൻ വേണ്ടിയാണ് പലപ്പോഴും പാൻക്രിയാസ് ദാനം ചെയ്യാറുള്ളത്. ഒരു ദാതാവിന് ശേഷിക്കുന്ന ഭാഗം ഉപയോഗിച്ച് ശരിയായ ഗ്ലൂക്കോസ് നിയന്ത്രണം നിലനിർത്താൻ സാധിക്കും.
വളരെ അപൂർവമായ ഒരു ദാനം ചെയ്യൽ ആണെങ്കിൽ പോലും ജീവിച്ചിരിക്കുമ്പോൾ തന്നെ ചെറുകുടൽ ദാനം ചെയ്യാൻ സാധിക്കും. സാധാരണയായി കുടലിൻ്റെ പ്രവർത്തനം ഗണ്യമായി നഷ്ടപ്പെട്ട കുട്ടികൾക്ക് അടക്കം കുടലിൻ്റെ ഒരു ഭാഗം ദാനം ചെയ്യുന്നത് സാധ്യമാണ്. സങ്കീർണ്ണതയും അപകടസാധ്യതകളും കാരണം ഇത്തരത്തിലുള്ള ട്രാൻസ്പ്ലാൻറ് പലപ്പോഴും അവസാന ഘട്ടത്തിലാണ് ചെയ്യാറുള്ളത്.
അതേസമയം ജീവനുള്ള അവയവദാനത്തിൻ്റെ പ്രധാന നേട്ടം സമയക്രമീകരണമാണ്. ഒപ്റ്റിമൽ നിമിഷങ്ങളിൽ ട്രാൻസ്പ്ലാൻറ് ഷെഡ്യൂൾ ചെയ്യുന്നത് ഫലപ്രദമാണെന്നാണ് ഡോക്ടർമാരുടെ നിരീക്ഷണം. രക്തസ്രാവം, അണുബാധ, അല്ലെങ്കിൽ ദീർഘകാല സങ്കീർണതകൾ എന്നിവ പോലുള്ള അപകടസാധ്യതകൾ കൂടുതലായതിനാൽ തന്നെ വളരെ ശ്രദ്ധയോടെയായിരിക്കും ഓരോ ശസ്ത്രകിയയും നടക്കുക. ശസ്ത്രക്രിയയ്ക്ക് ശേഷവും ദാതാക്കൾ പൊതുവെ ആരോഗ്യകരമായ ജീവിതം നയിക്കുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്.
