![]() |
| Courtesy |
ഗ്യാലക്സികൾ തമ്മിലുള്ള പ്രകാശവർഷം കണക്കിലുള്ള ദൂരം ആണെന്ന് ഒറ്റനോട്ടത്തിൽ തോന്നും പക്ഷേ എണ്ണാൻ പോലുമാകാത്ത പിഴത്തുക കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ലോകം. ഗൂഗിളിനെതിരെ റഷ്യ ചുമത്തിയതാണ് ഈ പിഴ. 20 ഡെസില്യൺ (രണ്ടിന് ശേഷം 34 പൂജ്യങ്ങൾ) ഡോളറാണ് പിഴ.ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫാബൈറ്റിന്റെ ഉടമസ്ഥതയിലുള്ള യൂടൂബിനെതിരെയാണ് റഷ്യ ഈ അസാധാരണ പിഴ ചുമത്തിയിരിക്കുന്നത്. നിലവിലുള്ള എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളെയും മറികടക്കുന്ന ഈ തുക പലരും ആദ്യമായാണ് കേൾക്കുന്നത് പോലും.
യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ഭരണകൂട പിന്തുണയുള്ള 17 യൂട്യൂബ് ചാലനലുകൾ യൂട്യൂബ് തടഞ്ഞതാണ് കാരണം. ദേശീയ പ്രക്ഷേപണ നിയമങ്ങൾ ഗൂഗിൾ ലംഘിച്ചുവെന്ന റഷ്യൻ കോടതി വിധിയെ തുടർന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസക്കാലയളവിൽ ഈ ചാനലുകൾ യൂട്യൂബ് പുനസ്ഥാപിച്ചില്ലെങ്കിൽ ഓരോ ദിവസവും പിഴ ഇരട്ടിയാവുമെന്നും കോടതി വിധിയിലുണ്ട്.
2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് ആൽഫാബൈറ്റ്. ഏകദേശം രണ്ട് ട്രില്യൺ ഡോളറാണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്ഥി. എന്നാൽ ലോകത്തെ മൊത്തം കറൻസിയും സ്വത്തും ചേർത്താൽ പോലും ഈ തുക കണ്ടെത്താനാവില്ലെന്നാണ് ബി.ബി.സി ഉൾപ്പടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോക സമ്പത്തിന്റെയും എത്രയോ മടങ്ങാണ് ഈ തുക.
വേള്‍ഡ് ബാങ്കിന്റെ കണക്കുകൾ പ്രകാരം 2024ല്‍ ആഗോള സമ്പദ്വ്യവസ്ഥയുടെ മൂല്യം 110 ട്രില്യണ്‍ ഡോളറാണ്. അതായത്, 1ന് ശേഷം 14 പൂജ്യങ്ങള്‍ മാത്രമാണുള്ളത്. അതേസമയം, ഗൂഗിളിന്റെ ആകെ മൊത്തം മാര്‍ക്കറ്റ് വാല്യൂ വെറും രണ്ടു ട്രില്യണ്‍ ഡോളറുമാണ്. അതുകൊണ്ടുതന്നെ ഗൂഗിൾ എങ്ങനെ റഷ്യ ചുമത്തിയ പിഴയൊടുക്കുമെന്നതിൽ വ്യക്തതയില്ല. വിഷയത്തിൽ പ്രതികരിക്കാനും ഗൂഗിള്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കേസ് നടക്കുന്നതിനാല്‍ വിഷയത്തില്‍ പ്രതികരിക്കാനാവില്ലെന്നാണ് നിലപാട്.
ആർടി, സ്പുട്നിക് ഉൾപ്പെടെയുള്ള സർക്കാർ നിയന്ത്രണത്തിലുള്ള ചാനലുകൾക്ക് 2022 മുതലാണ് ആഗോള നിരോധനം ഏർപ്പെടുത്തിയത്. റഷ്യ - യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ ആയിരത്തിലധികം ചാനലുകളും 15,000ത്തിലധികം വീഡിയോകളും നീക്കം ചെയ്തു. ഈ നീക്കത്തെ സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ സെൻസർഷിപ്പും അടിച്ചമർത്തലുമാണെന്ന് റഷ്യ വിലയിരുത്തി.
2020 മുതൽ തന്നെ റഷ്യയുടെ ഗൂഗിളും തമ്മിലെ നിയമ യുദ്ധം തുടങ്ങിയിട്ടുണ്ട്. ആർഐഎ എഫ്എഎൻ (RIA FAN)പോലുള്ള ചാനലുകൾ ബ്ലോക്ക് ചെയ്തതിന് 100,000 റൂബിൾസ് (ഏകദേശം 1,028 ഡോളർ) പ്രതിദിന പിഴ ചുമത്തിയിരുന്നു. 2022 മുതൽ ഗൂഗിൾ റഷ്യയ്ക്കുള്ളിലെ പ്രവർത്തനങ്ങൾ ഗണ്യമായി വെട്ടിക്കുറച്ചിരുന്നു.
റഷ്യൻ ബ്രോഡ്കാസ്റ്റർമാരോടുള്ള നിലപാട് പുനഃപരിശോധിക്കാൻ ഗൂഗിളിനെ പ്രേരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പ്രതീകാത്മക നടപടിയാണ് പിഴയെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. റഷ്യൻ മാധ്യമങ്ങൾക്ക് യൂട്യൂബ് ഏർപ്പെടുത്തിയ വിലക്കിനെ റഷ്യ എത്രമാത്രം ഗൗരവമായാണ് കാണുന്നതെന്ന് വ്യക്തമാക്കാനാണ് ഈ ഭീമാകാരമായ പിഴ ചുമത്തിയതെന്ന് അദ്ദേഹം റഷ്യൻ മാധ്യമങ്ങളോട് പറഞ്ഞു.
