സൈബീരിയന്‍ കടുവ റഷ്യന്‍ ഫാര്‍ ഈസ്റ്റില്‍നിന്നുള്ള കടുവകളുടെ ഉപജാതിയാണ്
![]() |
| Courtesy |
പ്രണയം, കാമം മനുഷ്യനോ പക്ഷിമൃഗാദികളോ എന്നുളള വേര്‍തിരിവില്ലാതെ എല്ലാവര്ക്കും ഒരുപോലെ തോന്നുന്ന വികാരമാണ്. തന്റെ കാമുകിയെ എങ്ങനെയെങ്കിലും ഒന്ന് കാണാൻ അല്ലെങ്കിൽ എവിടെയാണെന്ന് അന്വേഷിച്ചു കണ്ടെത്താൻ കാതങ്ങള്‍ താണ്ടിയ മനുഷ്യരുടെ കഥകളൊക്കെ നാം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാലിവിടെ രണ്ട് കടുവകള്‍ തമ്മിലുള്ള സ്നേഹത്തിന്റെ കഥയാണ് പറയാന്‍ പോകുന്നത്. മൂന്ന് വര്‍ഷം മുന്‍പ് തന്റെ ഇണയെ പിരിയേണ്ടിവന്ന ഒരു കടുവ 200 കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ച ശേഷം അടുത്തിടെ തന്റെ കൂട്ടുകാരിയെ കണ്ടെത്തിയ സംഭവം സോഷ്യല്‍ മീഡിയയിൽ വൈറലായി. പ്രണയത്തിന്റെയും അതിജീവനത്തിന്റെയും ഒരു കഥ പറയുന്ന ആ യഥാര്‍ഥ സംഭവം ഇങ്ങനെയാണ്.
ബോറിസ് എന്ന സൈബീരിയന്‍ (അമുര്‍) കടുവയാണ് തന്റെ ഇണയായ സ്വെറ്റ്ലയയുമായി വീണ്ടും ഒരുമിക്കാന്‍ റഷ്യന്‍ മരുഭൂമിയിലൂടെ മൂന്നുവര്‍ഷം കൊണ്ട് 200 കിലോമീറ്റര്‍ സഞ്ചരിച്ചത്. 2012 ല്‍ റഷ്യയിലെ സിഖോട്ട് -അലിന് പര്‍വ്വതനിരകളില്‍ നിന്ന് അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളായാണ് ബോറിസിനെയും സ്വെറ്റ്ലയയെയും ഒരു സംഘടനയിലെ ആളുകള്‍ക്ക് ലഭിച്ചത്. ഇത്തരത്തില്‍ കണ്ടെത്തുന്ന കടുവകളെ അതിജീവിനത്തിന്റെ പാഠങ്ങള്‍ പരിശീലിപ്പിച്ച് കാട്ടിലേക്ക് തിരികെ അയയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു പരിപാടിയായിരുന്നു അത്. 2014 ല്‍ 18 മാസം പ്രായമുളളപ്പോള്‍ അമുര്‍ കടുവകളുടെ ആവാസകേന്ദ്രമായ പ്രി അമുര്‍ മേഖലയിലേക്ക് ബോറിസിനെയും സ്വെറ്റ്ലയെയും വിട്ടയച്ചു. വംശനാശം വന്നുകൊണ്ടിരിക്കുന്ന കടുവകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്.
എപ്പോഴും ഒന്നിച്ചുണ്ടായിരുന്ന അവരെ രണ്ടിടങ്ങളിലായി വിട്ടയച്ചതില്പ്പിന്നെ ബോറിസ് അസ്വഭാവികമായി പെരുമാറിത്തുടങ്ങി.പക്ഷേ പിന്നീടങ്ങോട്ട് ബോറിസിന്റെ ചലനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന സംരക്ഷകര്‍ അവനില്‍ അസാധാരണമായ ചില ചലനങ്ങളാണ് കണ്ടത്. ആ പ്രദേശങ്ങളില്‍ താമസിക്കുന്ന മറ്റ് കടുവകളില്‍നിന്ന് വ്യത്യസ്തമായി ബോറിസ് വനത്തിലൂടെ ഒരു പ്രത്യേക നേര്‍രേഖയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് കണ്ടെത്തി. അങ്ങനെ മൂന്ന് വര്‍ഷത്തിനിടയില്‍ വലിയ വനപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ബോറിസ് സ്വെറ്റ്ലയുടെ അടുത്തെത്തുകയായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ഒരു കുഞ്ഞുപിറന്നിട്ടുണ്ടെന്ന് കടുവകളെ നിരീക്ഷിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ പറയുന്നു.
അമുര്‍ കടുവ എന്നുകൂടി അറിയപ്പെടുന്ന സൈബീരിയന്‍ കടുവ റഷ്യന്‍ ഫാര്‍ ഈസ്റ്റില്‍നിന്നുള്ള കടുവകളുടെ ഉപജാതിയാണ്. ആവാസ വ്യവസ്ഥയുടെ വ്യതിയാനം, വേട്ടയാടല്‍, മനുഷ്യ-കടുവ സംഘര്‍ഷം എന്നിങ്ങനെയുളള പ്രശ്നങ്ങള്‍ മൂലം ഇവയെ ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (IUCN ) വംശനാശ ഭീഷണി നേരിടുന്നവയുടെ ലിസ്റ്റില്‍ പെടുത്തിയിട്ടുണ്ട് .
