![]() |
| Courtesy |
ക്രിസ്മസിന് റീത്തുകൾ അധികം ആരും വാങ്ങിയിരുന്നില്ല. എന്നാൽ, ഇത്തവണ ക്രിസ്മസ്റീത്തുകൾക്കാണ് ആവശ്യക്കാർ ഏറെ. കച്ചവടം എങ്ങനെയുണ്ടെന്നു ചോദിച്ചാൽ കച്ചവടക്കാർക്ക് പറയാനുള്ളത് ക്രിസ്മസ് റീത്തുകളെക്കുറിച്ചാണ്. ഏറ്റവും കൂടുതൽ വിറ്റുപോകുന്നതും ആളുകൾ കൂടുതൽ ആവശ്യപ്പെടുന്നതും പെട്ടെന്ന് തീർന്നുപോകുന്നതും റീത്തുകളാണ്. പലയിടത്തും ക്രിസ്മസ് പ്രമാണിച്ച് വരുത്തിയ റീത്തുകളെല്ലാം തീർന്നു. ആരു വന്നാലും ഒരു റീത്തെങ്കിലും വാങ്ങും. ഇപ്രാവശ്യത്തെ ക്രിസ്മസിൽ റീത്തില്ലാത്ത വീട് അപൂർവമായിരിക്കും.
ചൈനയിൽനിന്നാണ് കച്ചവടസ്ഥാപനങ്ങളിലേക്ക് റീത്തുകൾ വരുന്നത്. പലതരത്തിലുള്ള, ഭംഗിയുള്ള റീത്തുകൾ. സാധാരണ റീത്തുകളിൽനിന്ന് വ്യത്യസ്തമായ ധാരാളം റീത്തുകളും വിപണിയിൽ കാണാം. അവയ്ക്കാണ് കൂടുതൽ ആവശ്യക്കാർ. ഉണങ്ങിയ പലതരം കായകൾ, തെർമോകോളിൽ ഉണ്ടാക്കിയ ചെറി, തുണിയിൽ വെട്ടിയെടുത്ത ഇലകൾ തുടങ്ങിയവ വെച്ച് നിർമിച്ച റീത്തുകൾക്കാണ് പ്രിയം.
