പ്ലാസ്റ്റിക്ക് ക്രിസ്മസ് ട്രീകള്‍ക്കു പകരം ഉപയോഗിക്കാവുന്ന ഹരിത ക്രിസ്മസ് ട്രീകളുമായി ആലുവ സ്റ്റേറ്റ് സീഡ് ഫാം. സംസ്ഥാന കൃഷിവകുപ്പിന്റെയും എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും കീഴിലുള്ള ഫാം 2022 ല്‍ കാര്‍ബണ്‍ ന്യൂട്രലായി പ്രഖ്യാപിക്കപ്പെട്ടതുമാണ്. ആലുവ തുരുത്തിലെ സീഡ് ഫാമില്‍ നിന്ന് ഇതു രണ്ടാം തവണയാണ് ജീവനുള്ള ക്രിസ്മസ് ട്രീകള്‍ വിപണത്തിന് തയാറാക്കുന്നത്. ക്രിസ്മസ് തീം അനുസരിച്ച് പെയിന്റ് ചെയ്ത എട്ടിഞ്ച് വലിപ്പമുള്ള ചട്ടികളിലാണ് ഇവ വില്പനയ്ക്ക് തയാറായിരിക്കുന്നത്. രണ്ടു വര്‍ഷം പ്രായമായ അരോകേറിയ തൈകള്‍ക്കൊപ്പം കുഞ്ഞന്‍ മണ്ചട്ടികളിലും മുളകളില്‍ കൊത്തിയെടുത്ത പ്രകൃതി സൗഹൃദ അലങ്കാരപാത്രങ്ങളിലും വിവിധയിനം ഇലച്ചെടികള്‍ ഒരുങ്ങിക്കഴിഞ്ഞു. അരോകേറിയ 1000 വര്‍ഷം വരെ ആയുസുള്ള ചെടിയാണ്. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലിസി വടക്കൂട്ടിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം സ്ത്രീകളാണ് ക്രിസ്മസ് ട്രീകള്‍ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയത്.
പരിസ്ഥിതി സൗഹൃദ ക്രിസ്മസ് സമ്മാനമായി കൈമാറാന്‍ പാകത്തിനാണ് ഇവ മനോഹരമായി തയാറാക്കിയിട്ടുള്ളത്. 100 രൂപ മുതല്‍ 400 രൂപ വരെയുള്ള നിരക്കില്‍ വിവിധ രൂപത്തിലും വലിപ്പത്തിലും ഇവ ലഭ്യമാണ്. ആലുവ തുരുത്തിലെ സീഡ് ഫാമില്‍ നിന്നും ആലുവ മെട്രോ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആലുവ ഫാമിന്റെ എക്കോഷോപ്പില്‍ നിന്നും കോട്ടപ്പുറം മുസിരിസ് ബോട്ട് ജെട്ടിയിലുള്ള ഔട്ട്ലെറ്റ് വഴിയും വിപണനം നടത്തും . ആവശ്യക്കാരുടെ ഓര്‍ഡര്‍ അനുസരിച്ച് കാക്കനാടുള്ള എറണാകുളം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിന്നും ഈ ഹരിത സമ്മാനം വാങ്ങാം.
(ഫോണ്‍: കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, സ്റ്റേറ്റ് സീഡ് ഫാം ആലുവ 93834 71192, 90489 10281, 9847346403)
