പസഫിക് സമുദ്രത്തിൽ തുടങ്ങിയ യാത്ര അവസാനിച്ചത് ഇന്ത്യൻ മഹാസമുദ്രത്തിൽ
![]() |
| Courtesy |
ഭൂമധ്യരേഖയെ അടിസ്ഥാനമാക്കി ഭൂമിയുടെ മൊത്തം ചുറ്റളവ് 40,075.017 കിലോമീറ്ററാണ്. ഇതില്‍ 13,046 കിലോമീറ്റര്‍ സഞ്ചരിച്ച് മനുഷ്യനെ ഞെട്ടിച്ചിരിക്കുകയാണ് ഒരു 'ഹംപ്ബാക്ക് തിമിംഗലം'. തെക്കേ അമേരിക്കയിൽ നിന്ന് തുടങ്ങിയ യാത്ര അവസാനിച്ചത് ആഫ്രിക്കൻ തീരത്ത്.കൂനല്‍ തിമിംഗലം' എന്നും അറിയപ്പെടുന്ന ഇവ വേനല്‍ക്കാലത്ത് ഭക്ഷണം തേടി ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുമെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
യാത്ര ചെയ്തത് തെക്കേ അമേരിക്കയുടെ പടിഞ്ഞാറ് നിന്നും കിഴക്കന്‍ ആഫ്രിക്കന്‍ തീരം വരെ. 2017 -ല്‍ പസഫിക് സമുദ്ര തീരമായ കൊളംബിയയിലാണ് ആദ്യം ഈ തിമിംഗലത്തെ കണ്ടെത്തിയത്. പിന്നീട്, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കിഴക്കന്‍ ആഫ്രിക്കന്‍ തീരമായ സാൻസിബാറിലും കണ്ടെത്തി. രണ്ട് തീരങ്ങള്‍ക്കും ഇടയിലെ ദൂരം 13,046 കിലോ മീറ്റര്‍. മറൈൻ ബയോളജിസ്റ്റായ ടെഡ് ചീസ്മാൻ സ്ഥാപിച്ച ഹാപ്പി വെയ്ൽ പ്ലാറ്റ്ഫോമിന്റെ സഹായത്തോടെയാണ് ഗവേഷകർ തിമിംഗലത്തിന്റെ ഈ ദീർഘദൂര യാത്രയെ കുറിച്ച് പഠിച്ചത്.
ഒരു ഹംപ്ബാക്ക് തിമിംഗിലം പസഫിക് സമുദ്രത്തില്‍നിന്ന് ഇന്ത്യന്മഹാസമുദ്രത്തിലേക്ക് സഞ്ചരിക്കുന്നതും ഇതാദ്യമായാണ്. പസഫിക് സമുദ്രത്തിൽ തുടങ്ങിയ യാത്ര അവസാനിച്ചത് ഇന്ത്യൻ മഹാസമുദ്രത്തിൽ സാൻസിബാർ തീരത്തിനടുത്താണ്. ഇതിനിടയിൽ അറ്റ്ലാന്റിക് സമുദ്രവും കടന്നു. കൂനൻ തിമിംഗലങ്ങൾ ഇത്തരം യാത്രകൾ നടത്തുന്നതിനു പ്രശസ്തരാണെങ്കിലും ഇത്രയും ദൂരം സഞ്ചരിച്ചതിന്റെ റെക്കോർഡ് ഇതാദ്യമാണ്. അതുപോലെ തന്നെ വടക്ക് –തെക്ക് ദിശയിലാണ് ഇവയുടെ സാധാരണ യാത്ര. എന്നാൽ നമ്മുടെ കഥാനായകനായ തിമിംഗലം പടിഞ്ഞാറ്–കിഴക്ക് ദിശയിലാണ് യാത്ര നടത്തിയിരിക്കുന്നത്. ഇതു വളരെ അപൂർവമാണ്. അതേസമയം നിലവിൽ ഈ കക്ഷി എവിടെയാണെന്ന് വിവരം ഇല്ല.
പസഫിക് സമുദ്രത്തില്‍ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള രേഖപ്പെടുത്തപ്പെട്ട ആദ്യത്തേതും ദൈർഘ്യമേറിയതുമായ റെക്കോർഡാണ് ഇതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രതാപ നിലയിലുണ്ടാകുന്ന മാറ്റം സമുദ്ര പ്രവാഹങ്ങളെ സ്വാധീനിച്ചത് മൂലമാകാം കൂനന്‍ തിമിംഗലം ഇത്രയേറെ ദൂരം സഞ്ചരിച്ചതെന്ന് ഗവേഷകരും കണക്ക് കൂട്ടുന്നു. അതല്ലെങ്കില്‍ ഭക്ഷണം തേടിയോ പുതിയ ഇണയെ തേടിയോ ആകാം ഈ ദീർഘ സഞ്ചാരം.
സാധാരണയായി ഹംപ്ബാക്ക് തിമിംഗിലങ്ങള്‍ കുടിയേറ്റത്തിന്റെ ഭാഗമായി ഒരുവശത്തേക്ക് ഏകദേശം 8,000 കിലോമീറ്ററാണ് സഞ്ചരിക്കാറ്. എന്നാല്‍, നിലവില്‍ ആഫ്രിക്കന്‍ തീരത്തുള്ള ഈ ഹംപ്ബാക്ക് തിമിംഗിലം അതിലൊക്കെ വളരെയേറെ സഞ്ചരിച്ചുകഴിഞ്ഞു. കൊളംബിയന്‍ തീരത്ത് ഇണകള്‍ക്കായുള്ള മത്സരം കൂടുതലായതോ ഭക്ഷണലഭ്യത കുറഞ്ഞതോ ആയിരിക്കാം ഈ തിമിംഗിലം ഇങ്ങനെയൊരു സഞ്ചാരപാത തിരഞ്ഞെടുത്തത് എന്നാണ് ഹാപ്പി വെയില്‍സ് സഹസ്ഥാപകന്‍ ടെഡ് അഭിപ്രായപ്പെടുന്നത്.
ഹംപ്ബാക്ക് തിമിംഗിലത്തിന്റെ ദേശാടനം ശ്രദ്ധേയമാകുന്നത് മറ്റൊരു കാരണം കൊണ്ടുകൂടിയാണ്. സാധാരണയായി ഹംപ്ബാക്ക് തിമിംഗിലങ്ങള്‍ എല്ലാക്കൊല്ലവും അവയുടെ ബ്രീഡിങ് മേഖലകളിലേക്ക് മടങ്ങിപ്പോകാറുണ്ട്. എന്നാല്‍, ഈ തിമിംഗിലം രണ്ട് വ്യത്യസ്ത സമുദ്രങ്ങളിലെ വ്യത്യസ്ത ബ്രീഡിങ് മേഖലകള്‍ പിന്നിട്ടാണ് യാത്രചെയ്യുന്നത്. മാത്രമല്ല, ഇന്ത്യന്‍ മഹാസമുദ്രത്തിലെ തിമിംഗിലങ്ങള്‍, പസഫിക്കില്നിന്നെത്തിയ ഈ അതിഥിയെ എങ്ങനെ സ്വീകരിക്കുമെന്നും വ്യക്തമല്ല.
മെഗാപ്റ്റെറ നോവെംഗ്ലെിയെ എന്നറിയപ്പെടുന്ന കൂനൻ തിമിംഗലം, ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ വസിക്കുന്ന ഏറ്റവും പ്രശസ്തവും ഗംഭീരവുമായ സസ്തനികളിൽ ഒന്നാണ്. ഡോർസൽ ഫിൻ ഭാഗത്തെ വ്യത്യസ്തമായ കൊമ്പും നീളമുള്ള പെക്റ്റൊറൽ ഫിനുകളും കൊണ്ട് തിരിച്ചറിയാവുന്ന കൂനൻ തിമിംഗലങ്ങൾ ജലോപരിതലത്തിൽ വാലുകൾ അടിച്ചു മുന്നേറുന്നതുൾപ്പെടെയുള്ള അക്രോബാറ്റിക് ഡിസ്പ്ലേകൾക്ക് പേരുകേട്ടതാണ്. ആശയവിനിമയം, ഇണയെ ആകർഷിക്കൽ, അല്ലെങ്കിൽ പരാന്നഭോജികളെ പുറത്താക്കൽ എന്നിങ്ങനെയുള്ള പല ഉദ്ദേശ്യങ്ങൾക്കായാണ് ഇവയുടെ ഇത്തരം പെരുമാറ്റങ്ങൾ.
കൂനൻ തിമിംഗലങ്ങൾ തണുത്തതും ചൂടുള്ളതുമായ വെള്ളത്തിൽ കാണപ്പെടുന്നു, ഇവ് ഭക്ഷണത്തിനും പ്രജനനത്തിനുമായി കാലാനുസൃതമായ കുടിയേറ്റം നടത്തുന്ന ജീവികളാണ്. ഹംപ്ബാക്ക് തിമിംഗലങ്ങൾ അവയുടെ ശ്രദ്ധേയമായ ശബ്ദങ്ങൾക്ക് പേരുകേട്ടതാണ്. വ്യക്തികൾ തമ്മിലുള്ള ആശയവിനിമയം മുതൽ ഇണചേരൽ ചടങ്ങുകളിൽ ആധിപത്യം സ്ഥാപിക്കുന്നത് വരെ ഈ ശബ്ദങ്ങളുടെ ലക്ഷ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
