തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് തിരിച്ചടി. മൂന്ന് പഞ്ചായത്തുകളുടെ ഭരണം ഇടതിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കണ്ണൂരിലും ആലപ്പുഴയിലും ഉൾപ്പെടെയുള്ള എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പൂർണമായി പുറത്തുവന്നിട്ടില്ല.
31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 17 ഇടങ്ങളിൽ യുഡിഎഫും 11 ഇടങ്ങളിൽ എൽഡിഎഫും രണ്ടിടത്ത് ബിജെപിയും ജയിച്ചു. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ, നാല് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമ പഞ്ചായത്ത് വർഡുകൾ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. മൊത്തം 102 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.
മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷനിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ 6756 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ചു. നാലായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം വർധിപ്പിച്ചാണു സിറ്റിങ് സീറ്റ് യുഡിഎഫ് നിലനിർത്തിയത്. ലീഗ് അംഗം എ.പി.ഉണ്ണിക്കൃഷ്ണൻ മരിച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്.
കോട്ടയം അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിൽ (ഐടിഐ വാർഡ്) നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സിറ്റിങ് എൽഡിഎഫ് പിടിച്ചു. കേരള കോൺഗ്രസ് എം സ്ഥാനാർഥി ടി.ഡി. മാത്യു (ജോയി) തോട്ടനാനിയാണ് 551 വോട്ട് നേടി അട്ടിമറി വിജയം സ്വന്തമാക്കിയത്. യുഡിഎഫ് സ്ഥാനാർഥിയായി മത്സര രംഗത്തുണ്ടായിരുന്ന ജോൺ ജോർജിനു 335 വോട്ട് മാത്രമാണ് നേടാനായത്. ബിജെപി 25 വോട്ടും സ്വതന്ത്ര സ്ഥാനാർഥി 33 വോട്ടും കരസ്ഥമാക്കി. കോൺഗ്രസിലെ സജി തടത്തിൽ രാജി വച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
തൃശ്ശൂർ നാട്ടിക ഉപതിരഞ്ഞെടുപ്പ് - യുഡിഎഫിലെ പി.വിനു 115 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചു . കൊല്ലം കുന്നത്തൂർ പഞ്ചായത്ത് അഞ്ചാംവാർഡ് ബിജെപിയിൽ നിന്ന് പിടിച്ച് എൽഡിഎഫ്. കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാംവാർഡ് കോൺഗ്രസിൽ നിന്ന് കേരള കോൺഗ്രസ് എം പിടിച്ചെടുത്തു. കൊല്ലം ഏരൂർ പഞ്ചായത്തിലെ പതിനേഴാം വാർഡ് എൽഡിഎഫ് നിലനിർത്തി
ഈരാറ്റുപേട്ട നഗരസഭ കുഴിവേലി ഡിവിഷനിൽ യുഡിഎഫിന് വിജയം. കൊടുങ്ങല്ലൂർ നഗരസഭ 41–ാം വാർഡ് എൻഡിഎ നിലനിർത്തി. കൊല്ലം പടിഞ്ഞാറെ കല്ലടയിൽ അഞ്ചാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.
ആലപ്പുഴ ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് നിയോജക മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ) സ്ഥാനാർഥി അരുൺ ദേവ് 4022 വോട്ടുകൾ നേടി ജയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി ഷൈൻകുമാർ (ഷൈൻ മങ്കടക്കാട്) 2111 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തും ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥി ഡി പ്രസാദ് 648 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തും എത്തി. ആകെയുള്ള 10561 വോട്ടർമാരിൽ 6781 പേർ ഉപതിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു.
പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലേക്ക് (എരുവ നിയോജക മണ്ഡലം)നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി ദീപക് എരുവ 575 വോട്ടുകൾ നേടി ജയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ) സ്ഥാനാർഥി സി എസ് ശിവശങ്കരപിള്ള (കൊച്ചുമോൻ) 476 വോട്ടുകളും ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥി ബിജു ആമ്പക്കാട്ട് 391 വോട്ടുകളും നേടി.ആകെയുള്ള 1749 വോട്ടർമാരിൽ 1442 പേർ വോട്ട് ചെയ്തു.
കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 18ാം വാർഡായ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം.പാലക്കാട് ചാലിശ്ശേരി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സുജിത 104 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് ഭരണം നിലനിർത്തി.
കൊല്ലം ചവറ തേവലക്കര ഗ്രാമപ്പഞ്ചായത്തിൽ രണ്ട് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ ഡിഎഫിനും യുഡിഎഫിനും വിജയം. 12, 22 വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 12-ാം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി അജിത സാജൻ 108 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു. 22-ാം വാർഡിൽ യു ഡി എഫ് സ്ഥാനാർഥി ബിസ്മി അനസ് 148 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 12ൽ യുഡിഎഫ് അംഗം വിദേശത്തേക്ക് പോയ ഒഴിവിലും 22 ൽ എൽ ഡിഎഫ് അംഗം മരിച്ച ഒഴിവിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് 13, എൽ ഡി എഫ് 9, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
പാലക്കാട് കൊടുവായൂർ പഞ്ചായത്തിലെ കോളോട് വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എ.മുരളീധരൻ 108 വോട്ടിനു വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്
മലപ്പുറം ആലങ്കോട് പഞ്ചായത്തിൽ വാർഡ് 18 പെരുമുക്ക് യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫ് പിടിച്ചെടുത്തു. എൽ.ഡി.എഫ് സ്ഥാനാർഥി അബ്ദുറഹ്മാനാണ് വിജയിച്ചത്. തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാമൻകോട് വാർഡ് ബി.ജെ.പി നിലനിർത്തി. അഖില മനോജ് ആണ് വിജയിച്ചത്.
പത്തനംതിട്ട എഴുമറ്റൂർ അഞ്ചാം വാർഡ് കോൺഗ്രസിൽ നിന്നും ബി.ജെ.പി പിടിച്ചെടുത്തു. ബി.ജെ.പി സ്ഥാനാർഥി റാണി ടീച്ചർ 48 വോട്ടുകൾക്ക് വിജയിച്ചു. നിരണം ഏഴാം വാർഡ് യു.ഡി.എഫ് എൽ.ഡി.എഫിൽ നിന്നും പിടിച്ചെടുത്തു. 211 വോട്ടിനു റെജി കണിയാം കണ്ടത്തിൽ വിജയിച്ചു. 28 വർഷമായി എൽ.ഡി.എഫിന്റെ സീറ്റായിരുന്നു ഇത്.
കോന്നി അരുവാപ്പുലം പഞ്ചായത്ത് 12 വാർഡ് എൽ.ഡി.എഫ് നിലനിർത്തി. എൽ.ഡി.എഫ് സ്ഥാനാർഥി മിനി രാജീവ് വിജയിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥി ജോളി ഡാനിയേൽ ജയിച്ചു. 1309 ലീഡ് സീറ്റ് നിലനിർത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന ഡിവിഷനിൽ യു.ഡി.എഫ് വിജയിച്ചു. 245 വോട്ടുകൾക്ക് ശരത് മോഹൻ സീറ്റ് നിലനിർത്തി.