സിറിയയിലെ ഭീകര അട്ടിമറിയെ തുടർന്ന് രാജ്യം വിട്ട പ്രസിഡൻ്റ് ബഷാർ അൽ അസദും കുടുംബവും റഷ്യയിലെന്ന് റിപ്പോർട്ട്. റഷ്യൻ ഔദ്യോഗിക മാധ്യമമായ TASS ആണ് സിറിയൻ പ്രസിഡൻ്റിനും കുടുംബത്തിനും റഷ്യയിൽ അഭയം നൽകിയിരിക്കുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
"സിറിയൻ പ്രസിഡൻ്റ് അസദ് മോസ്കോയിൽ എത്തി. മാനുഷിക കാരണങ്ങളാൽ റഷ്യ അവർക്ക് (അദ്ദേഹത്തിനും കുടുംബത്തിനും) അഭയം നൽകിയിരിക്കുന്നു." എന്നാണ് റിപ്പോർട്ട്. 2011 സിറിയന്‍ ആഭ്യന്തര യുദ്ധക്കാലത്ത് റഷ്യ ബഷർ ഭരണകൂടത്തിന് വ്യോമ സഹായം നല്‍കിയിരുന്നു. ഭീകരർ സിറിയൻ തലസ്ഥാനമായ ദമാസ്കസ് കീഴടക്കിയതിന് പിന്നാലെ ഭീകരർക്ക് അധികാര കൈമാറ്റം നടത്തിയതിനു ശേഷമാണ് അസദ് രാജ്യം വിട്ടതെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അസദിന് രാജ്യത്ത് അഭയം നൽകി എന്ന വാർത്ത സ്ഥിരീകരിച്ചതിനെ തുടർന്ന് സിറിയയിലെ റഷ്യൻ സൈനിക താവളങ്ങളിൽ അതീവജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റഷ്യൻ അധികൃതർ പ്രതികരിച്ചു. എന്നാൽ, നിലവിൽ റഷ്യയ്ക്ക് അത്തരം ഗുരുതര ഭീഷണികളൊന്നും ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
