തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പൂജാരിയായ 69-കാരനെ മക്കൾ സമാധിപീഠത്തിൽ അടക്കിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മക്കളുടെ മൊഴികളിലെ വൈരുധ്യമാണ് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നത്. അതിനിടെ ദുരൂഹതയകറ്റാനായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യണമെന്നും ഇതിനായി കളക്ടറുടെ അനുമതി തേടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അനുമതി ലഭിക്കുന്ന മുറയ്ക്ക് ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. ഇതുസംബന്ധിച്ച് തിങ്കളാഴ്ചയാകും കളക്ടറുടെ ഉത്തരവുണ്ടാവുകയെന്നാണ് വിവരം.
നെയ്യാറ്റിൻകര ആറാലുംമൂട് ചന്തയ്ക്ക് എതിർവശം കാവുവിളാകം കൈലാസനാഥ ക്ഷേത്രം സ്ഥാപകൻ കാവുവിളാകം സിദ്ധൻവീട്ടിൽ മണിയൻ എന്ന ഗോപൻ സ്വാമി(69)യുടെ മരണത്തിലാണ് നാട്ടുകാർ സംശയം ഉന്നയിക്കുന്നതാണ് ഇപ്പോഴും ദുരൂഹമായി തുടരുന്നത്. വീടിന് സമീപത്തെ ക്ഷേത്രത്തിനടുത്തായി ഗോപൻ സ്വാമി തന്റെ സമാധിപീഠം നേരത്തെ തയ്യാറാക്കിയിരുന്നതായാണ് മക്കൾ പറയുന്നത്. നേരത്തെ തയ്യാറാക്കിയ കോൺക്രീറ്റ് അറയ്ക്കുള്ളിലേക്ക് ഗോപൻ സ്വാമി സ്വയം നടന്നെത്തി ഇരുന്നതായും അവിടെവെച്ച് സമാധിയായെന്നുമാണ് ഇവരുടെ വാദം. അച്ഛന്റെ ആത്മാവ് കൈലാസത്തിലേക്ക് പോകുന്നത് താൻ കണ്ടെന്നും ഇതിനുശേഷമാണ് കോൺക്രീറ്റ് പാളി ഉപയോഗിച്ച് സമാധിപീഠത്തിലെ അറ അടച്ചതെന്നും അതിനുമുമ്പായി അറയ്ക്കുള്ളിൽ സുഗന്ധദ്രവ്യങ്ങൾ നിറച്ചെന്നും മകൻ പറഞ്ഞിരുന്നു.
നിലവിൽ സമാധിപീഠം സ്ഥിതിചെയ്യുന്ന സ്ഥലം പോലീസ് സീൽചെയ്തിരിക്കുകയാണ്. അതേസമയം, ഗോപൻ സ്വാമി ഏതാനും നാളുകളായി കിടപ്പിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വീടിന് സമീപത്തെ ക്ഷേത്രം ഗോപൻ സ്വാമി തന്നെ പണികഴിപ്പിച്ചതാണ്. ഏതാനും നാളുകളായി ക്ഷേത്രം അടച്ചിട്ടനിലയിലായിരുന്നു. ഇതിനിടെയാണ് ഗോപൻ സ്വാമി സമാധിയായെന്ന ബോർഡ് വീടിന് മുന്നിൽ സ്ഥാപിച്ചതെന്നും അപ്പോഴാണ് മരണവിവരം അറിയുന്നതെന്നും സമീപവാസികൾ പറഞ്ഞു.
അതിനിടെ, സമാധിച്ചടങ്ങ് ആരെയും അറിയിക്കരുതെന്ന് അച്ഛൻ പറഞ്ഞതനുസരിച്ചാണ് മരണവിവരം പുറത്തറിയിക്കാൻ വൈകിയതെന്നാണ് മക്കൾ പറയുന്നത്. ഷുഗറിന്റെയും രക്തസമ്മർദത്തിന്റെയും മരുന്നുകളും ഭക്ഷണവും കഴിച്ചശേഷമാണ് അച്ഛൻ സമാധിയാകാൻ പോയതെന്നും മക്കൾ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഗോപൻ സ്വാമിയുടെ മരണം സംഭവിച്ചതെന്നാണ് മക്കളുടെ മൊഴി. എന്നാൽ, കിടപ്പിലായിരുന്നതിനാൽ ഗോപൻ സ്വാമിക്ക് സ്വയം നടന്നുവന്ന് സമാധിപീഠത്തിലിരിക്കാൻ കഴിയുമോ എന്നതാണ് നാട്ടുകാരുടെ സംശയം. ജീവനോടെയാണോ ഗോപൻ സ്വാമിയെ സമാധിപീഠത്തിൽ അടക്കിയത് അതോ മരണശേഷം അടക്കിയതാണോ എന്നതിലും സംശയം നിലനിൽക്കുകയാണ്.
ക്ഷേത്രസ്ഥാപകനും പൂജാരിയുമായ ഗോപൻ സ്വാമി നേരത്തെ ചുമട്ടുത്തൊഴിലാളിയായിരുന്നു എന്നാണ് അയൽക്കാർ പറയുന്നത്. പിന്നീടാണ് ക്ഷേത്രവും സ്ഥാപിച്ച് പൂജ ആരംഭിച്ചത്. നേരത്തെ ക്ഷേത്രത്തിലേക്ക് ആളുകളൊക്കെ വന്നിരുന്നു. പക്ഷേ, ഏതാനും നാളുകളായി ക്ഷേത്രം അടച്ചിട്ടനിലയിലായിരുന്നു. ഗോപൻ സ്വാമിക്ക് ഭാര്യയും മൂന്നുമക്കളുമാണുണ്ടായിരുന്നത്. ഇതിൽ ഒരുമകൻ നേരത്തെ മരിച്ചിരുന്നതായും സമീപവാസികൾ പറഞ്ഞു.
ഗോപൻ വീട്ടുവളപ്പിൽ ശിവക്ഷേത്രം നിർമിച്ചു പൂജകൾ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനു സമീപമാണു സമാധി അറ. ഇതും ഗോപൻ നിർമിച്ചതാണെന്നു ഭാര്യയും മക്കളും പറഞ്ഞു. മരണശേഷം ദൈവത്തിന്റെ അടുക്കൽ പോകണമെങ്കിൽ മൃതദേഹം വീട്ടുകാരല്ലാതെ മറ്റാരെയും കാണിക്കരുതെന്നും സമാധി ഇരുത്തണമെന്നും ഗോപൻ നിർദേശം നൽകിയിരുന്നതായി മക്കൾ മൊഴി നൽകി. രാവിലെ പത്തോടെ അറയിലേക്കു നടന്നു പോയി പത്മാസനത്തിൽ ഇരുന്ന പിതാവിനു വേണ്ടി പുലർച്ചെ മൂന്നുവരെ പൂജകൾ ചെയ്തതായി മകൻ രാജസേനന്റെ മൊഴിയുണ്ട്. രാജസേനൻ കുടുംബക്ഷേത്രത്തിലെ പൂജാരിയാണ്. അതേസമയം ബന്ധു നൽകിയ മൊഴിപ്രകാരം ഇയാൾ അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നു എന്നാണ്.