മൂന്നര പതിറ്റാണ്ടിൽ അധികമായി സമ്മേളന സ്ഥലത്തേക്കുള്ള കാൽനട യാത്ര
ആലപ്പുഴ ഹരിപ്പാട് ഞായറാഴ്ച സമാപിക്കുന്ന സി.പി.ഐ(എം) ജില്ലാ സമ്മേളന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ കാൽനടയായി സഞ്ചരിച്ചാണ് സഖാവ് പി.കെ.സുകുമാരൻ എത്തിയത്. കാൽനടയായി കിലോമീറ്ററുകൾ സഞ്ചരിച്ച് പതിവായി സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന ഒരു പഴയ സഖാവാണ് തൊണ്ണൂറുകാരനായ സുകുമാരൻ. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയായ ഇദ്ദേഹം 1987 മുതൽ ഇന്നുവരെ പാർട്ടിയുടെ എല്ലാ സമ്മേളനങ്ങളിലും എത്താറുണ്ട്. കണ്ണൂരിൽ നടന്ന സി.പി.ഐ(എം) പാർട്ടി കോൺഗ്രസിന് 14 ദിവസം കാൽനടയായി സഞ്ചരിച്ചാണ് എത്തിയത്. പ്രത്യയശാസ്ത്രത്തോട് തോന്നിയ അടങ്ങാത്ത ആവേശവും വിപ്ലവവീര്യവുമാണ് സുകുമാരനെ അടിയുറച്ച കമ്മ്യൂണിസ്റ്റാക്കി മാറ്റിയത്. തുടർന്ന് പാർട്ടിക്ക് വേണ്ടിയായി അദ്ദേഹത്തിന്റെ ജീവിതവും.