അത്യന്തം ചെറുതായി രൂപാന്തരപ്പെടുത്തുമ്പോള്‍ ദ്രവ്യം ഭൗതികവും കാന്തികവും രാസികവുമായ മാറ്റങ്ങള്‍ക്കു വിധേയമാകും
കൊട്ടിഘോഷിച്ച് വിപണിയിലിറക്കിയ ദ്രാവക നാനോ യൂറിയ വളത്തിന്റെ ശോഭ മങ്ങുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലെ പുതുവിപ്ലവമായി അവതരിപ്പിച്ച നാനോ യൂറിയയുടെയും ഡിഎപിയുടെയും വില്പന രാജ്യവ്യാപകമായി ഇടിയുന്നതിനിടെ ഇവയുടെ തുടര്‍ച്ചയായ ഉപയോഗം നെല്ലിന്റെയും ഗോതമ്പിന്റെയും വിളവും പോഷക മേന്മയും കുറയ്ക്കുമെന്ന് പഠനം. പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലയിലെ(പിഎയു) രാജീവ് സിക്കയും മറ്റു മൂന്നു ശാസ്ത്രജ്ഞരും ചേര്‍ന്ന് പ്ലാന്റ് സോയില്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ കണ്ടെത്തല്‍. നാനോ യൂറിയ വികസിപ്പിച്ചെടുത്ത ഇഫ്കോയുടെ ശുപാര്‍ശ പ്രകാരം നെല്ലിലും ഗോതമ്പിലും തളിച്ചപ്പോള്‍ നെല്ലില്‍ വിളവ് 13 ശതമാനവും ഗോതമ്പില്‍ വിളവ് 17.2 ശതമാനവും കുറഞ്ഞു. പോഷക മേന്മയിലും കുറവുണ്ടായി. വിളകളുടെ വളര്‍ച്ച കുറഞ്ഞു. നാനോ യൂറിയയുടെ തുടര്‍ച്ചയായ ഉപയോഗം ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് പഠനം നല്കുന്ന സൂചന. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ഐഎആര്‍ഐ) ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലും സമാനമായ കണ്ടെത്തലുകളുണ്ട്. പരമ്പരാഗത യൂറിയയ്ക്കു പകരം ദ്രാവക നാനോ യൂറിയ ഉപയോഗിച്ചപ്പോള്‍ ഗോതമ്പിന്റെ വിളവ് 6.8 ശതമാനം മുതല്‍ 12.4 ശതമാനം വരെ കുറഞ്ഞുവെന്നാണ് ഐഎആര്‍ഐ ഗവേഷകര്‍ കണ്ടെത്തിയത്.
വിളകള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള പോഷക മൂലകങ്ങളാണ് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം (എന്‍പികെ) എന്നിവ. ലോകത്ത് കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാസവളമാണ് നൈട്രജന്‍ അടങ്ങിയ യൂറിയ. ചെടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ നൈട്രജന്‍ പ്രദാനം ചെയ്യുന്ന യൂറിയ, ഇന്ത്യയിലെ കര്‍ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട രാസവളമാണ്. കേന്ദ്ര സര്‍ക്കാര്‍ വന്‍തോതില്‍ സബ്സിഡി നല്കുന്ന യൂറിയയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രാസവളം. പരമ്പരാഗതമായി തരി രൂപത്തിലാണ് വിപണിയില്‍ യൂറിയ ലഭിക്കുന്നത്. എന്നാല്‍ ഇതിനു ബദലായി ദ്രാവകരൂപത്തിലുള്ള നാനോ യൂറിയ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചത് രാജ്യത്തെ ഏറ്റവും വലിയ രാസവള വില്പനക്കാരും സഹകരണ പ്രസ്ഥാനവുമായ ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍ കോഓപ്പറേറ്റീവ് ലിമിറ്റഡ് (ഇഫ്കോ) ആയിരുന്നു. അര ലിറ്ററിന്റെ ഒരു കുപ്പി ദ്രാവക നാനോ യൂറിയ ഒരു ചാക്ക് പരമ്പരാഗത യൂറിയയുടെ ഗുണം ചെയ്യുമെന്നായിരുന്നു ഇഫ്കോയുടെ അവകാശവാദം. ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ ഇതു പുതു വിപ്ലവത്തിനു വഴി തുറക്കുമെന്ന് 2022 ല്‍ നാനോ യൂറിയ പുറത്തിറക്കുമ്പോള്‍ ഇഫ്കോ കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. രാസവള മലിനീകരണത്തില്‍ നിന്നു ഭാരതം വിമുക്തമാകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇഫ്കോ നാനോ ദ്രാവക രാസവളങ്ങള്‍ വികസിപ്പിച്ചെടുത്തതെന്ന് ഇതു പുറത്തിറക്കുമ്പോള്‍ ഇഫ്കോ പറഞ്ഞിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാസവള ഉപയോഗം നിയന്ത്രിക്കണമെന്നും പരമ്പരാഗത യൂറിയയുടെ ഉപയോഗം 50 ശതമാനം കുറയ്ക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.
നാനോ യൂറിയയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഗുണമേന്മകളൊന്നുമില്ലെന്നാണ് പിഎയു ശാസ്ത്രജ്ഞരുടെ പഠനം വ്യക്തമാക്കുന്നത്. ഇതിന്റെ ഉപയോഗം ചെടികളില്‍ നൈട്രജന്‍ ഉപയോഗത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നില്ല. പരമ്പരാഗത നൈട്രജന്‍ വളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാനോ യൂറിയ പ്രയോഗിച്ച നെല്ലിലും ഗോതമ്പിലും ചിനപ്പുകളുടെ സാന്ദ്രത കുറഞ്ഞു. കതിരിന്റെയും വേരിന്റെയും വളര്‍ച്ചയും കുറയുന്നു. ഇലകളില്‍ ഹരിതകത്തിന്റെ അളവും കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു. നാനോ യൂറിയ പ്രയോഗിച്ച നെല്ലിലും ഗോതമ്പിലും പ്രധാന പോഷകങ്ങളുടെ അളവും കുറവാണ്. അരിയില്‍ 35 ശതമാനവും ഗോതമ്പില്‍ 24 ശതമാനവും പ്രോട്ടീന്‍ കുറഞ്ഞു. പിഎയുവിലെ ശാസ്ത്രജ്ഞര്‍ പഠനം നടത്തിയ രണ്ടു വര്‍ഷങ്ങളിലും (2021, 2022), വിളകള്‍ക്ക് നാനോ-യൂറിയയായി ഇലകളില്‍ തളിച്ച നൈട്രജന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ആദ്യ വര്‍ഷത്തേക്കാള്‍ വിളവിടിഞ്ഞതു രണ്ടാം വര്‍ഷമായിരുന്നു. ഇലകളില്‍ തളിച്ച നാനോ യൂറിയയില്‍ നിന്നല്ല, മണ്ണില്‍ ചേര്‍ത്ത രാസവളങ്ങളില്‍ നിന്നാണ് വിളകള്‍ക്ക് ആവശ്യമായ നൈട്രജന്‍ ലഭിച്ചത്.
ആദ്യം ഇറക്കിയ ദ്രാവക നാനോ യൂറിയയുടെ ന്യൂനതകള്‍ പരിഹരിക്കാന്‍ പിന്നീടു കൂടുതല്‍ നൈട്രജന്‍ അടങ്ങിയ രണ്ടു ദ്രാവക നാനോ നൈട്രജന്‍ വളങ്ങള്‍ 'നാനോ യൂറിയ പ്ലസ്' എന്ന പേരില്‍ ഇഫ്കോ പുറത്തിറക്കിയിരുന്നു. ഇവയും വിളവു വര്‍ധിപ്പിക്കാന്‍ സഹായകമല്ലെന്നാണ് പിഎയുവിന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ ഗവേഷണ ഫലങ്ങള്‍ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. മണ്ണില്‍ സംഭരിച്ചിരിക്കുന്ന നൈട്രജന്റെ അളവ് വളരെ പരിമിതമാണ്, അതു വര്‍ഷം ചെല്ലുന്തോറും കുറഞ്ഞുവരികയുമാണ്. അതിനാല്‍ വര്‍ഷം തോറും നാനോ യൂറിയ ഇലകളില്‍ തളിക്കുകയും മണ്ണില്‍ പരമ്പരാഗത വളങ്ങളിലൂടെ ആവശ്യമായ നൈട്രജന്‍ നല്‍കാതിരിക്കുകയും ചെയ്താല്‍, വിളവ് ക്രമാനുഗതമായി കുറയുമെന്ന് പിഎയു ഗവേഷണത്തിനു നേതൃത്വം നല്കിയ രാജീവ് സിക്ക പറയുന്നു.
അതോടൊപ്പം ദ്രാവക നാനോ യൂറിയ വിപണിയില്‍ ആദ്യം ഇറക്കിയപ്പോഴുണ്ടായിരുന്ന ആവേശം ഇപ്പോള്‍ കര്ഷകര്ക്കിടയിലില്ല. ഫെര്‍ട്ടിലൈസര്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 43.2 ശതമാനം ഇടിവാണ് നാനോ യൂറിയയുടെ വില്‍പ്പനയില്‍ 2024 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. 2023 സാമ്പത്തിക വര്‍ഷം 37.5 ദശലക്ഷം കുപ്പി ദ്രാവക നാനോ യൂറിയ വിറ്റു പോയപ്പോള്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റത് 21.3 ദശലക്ഷം കുപ്പികള്‍ മാത്രമാണ്. ഇക്കാലയളവില്‍ ഉത്പാദന ശേഷി 59 ശതമാനത്തോളം വര്‍ധിപ്പിച്ചിട്ടും വില്പന ഇടിയുകയാണുണ്ടായത്. നാനോ യൂറിയയുടെ ഫലപ്രാപ്തിയെക്കുറിച്ച് കര്‍ഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയങ്ങളും വിളവു സംബന്ധിച്ച് വയലുകളില്‍ നിന്നു ലഭിക്കുന്ന വിഭിന്നമായ റിപ്പോര്‍ട്ടുകളുമാണ് വില്പന കുത്തനെ ഇടിയാനുള്ള കാരണങ്ങള്‍.
ദ്രാവക നാനോ വളങ്ങള്‍?
ദ്രവ്യത്തെ അതിന്റെ അതിസൂക്ഷ്മ തലത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് നാനോ ടെക്നോളജി. ഒരു മീറ്ററിന്റെ നൂറു കോടിയില്‍ ഒരംശമാണ് ഒരു നാനോമീറ്റര്‍. അതിസൂക്ഷ്മ തലത്തില്‍ അത്യന്തം ചെറുതായി രൂപാന്തരപ്പെടുത്തുമ്പോള്‍ ദ്രവ്യം ഭൗതികവും കാന്തികവും രാസികവുമായ മാറ്റങ്ങള്‍ക്കു വിധേയമാകും. ഗുണമേന്മ മെച്ചപ്പെടും. ഉപയോഗിക്കേണ്ട അളവു പരിമിതപ്പെടുത്താം. നാനോ ടെക്നോളജിയുടെ സഹായത്തോടെ പരമ്പരാഗത രാസവളങ്ങള്‍, രാസവളങ്ങളുടെ ബള്‍ക്ക് മെറ്റീരിയലുകള്‍, സസ്യ, മൃഗ, സൂക്ഷ്മാണുജന്യമായ സത്തുക്കള്‍ തുടങ്ങിയവയില്‍ നിന്ന് രൂപാന്തരീകരണത്തിലൂടെയോ, സംശ്ലേഷണത്തിലൂടെയോ നിര്‍മിച്ചെടുക്കുന്നവയാണ് നാനോ രാസവളങ്ങള്‍.
കുറഞ്ഞത് ഏതെങ്കിലും ഒരു മാനത്തില്‍ 1-100 നാനോ മീറ്ററില്‍ താഴെയായിരിക്കും നാനോ രാസവളങ്ങളിലെ കണികകളുടെ വലിപ്പം. ഇത്രയും സൂക്ഷ്മമായ നാനോ തലത്തില്‍ രാസവളങ്ങളുടെ ഭൗതികവും രാസികവുമായ ഗുണങ്ങള്‍ പരമ്പരാഗത രാസവളങ്ങളില്‍ നിന്ന് അത്യന്തം വ്യത്യസ്തവും ചലനാത്മകവും ആയിരിക്കും. മറ്റു വളങ്ങള്‍ മണ്ണില്‍ ചേര്‍ത്തു കൊടുക്കുമ്പോള്‍ നാനോ ദ്രാവക വളങ്ങള്‍ പര്‍ണ്ണ പോഷണത്തിലൂടെ ഇലകളില്‍ തളിച്ചു കൊടുക്കുകയാണ്. ഇതു ചെടികളുടെ ഇലകളിലെ അതിസൂക്ഷ്മ സ്റ്റൊമറ്റ രന്ധ്രങ്ങളിലൂടെ കടന്ന് അതിവേഗം കാര്യക്ഷമമായി ചെടികള്‍ക്കു ലഭ്യമാകുന്നു. നാനോ പോഷകങ്ങള്‍ ചെടികള്‍ സാവധാനത്തില്‍ കാര്യക്ഷമമായി വിനിയോഗിക്കും. പരമ്പരാഗത രാസ വളങ്ങള്‍ പോലെ പെട്ടെന്നു നഷ്ടപ്പെടില്ല. വളരെ കുറച്ച് അളവു മതി. ചരക്കു നീക്കത്തിന് അധികം ചെലവു വരില്ല. സംഭരണം എളുപ്പമാണ്. പരിസ്ഥിതി മലിനീകരണം കുറവാണ്.
ഇഫ്കോയ്ക്ക് പേറ്റന്റുള്ള ദ്രാവക നാനോ യൂറിയയാണ് ആദ്യം വിപണിയിലെത്തിയത്. പിന്നാലെ ദ്രാവക നാനോ ഡിഎപിയും (ഡൈ അമോണിയം ഫോസ്ഫേറ്റ് ) ഇഫ്കോ പുറത്തിറക്കി. ഫെര്‍ട്ടിലൈസര്‍ കണ്ട്രോള് ഉത്തരവു പ്രകാരം കേന്ദ്ര ഗവണ്മെന്റ് അനുമതി നല്കിയ മറ്റു രണ്ടു ദ്രാവക നാനോ വളങ്ങളാണ് നാനോ സിങ്കും നാനോ കോപ്പറും. ഇതും ഇഫ്കോ തന്നെ വികസിപ്പിച്ചെടുത്തതാണ്.
ദ്രാവക നാനോ യൂറിയ
ഇന്ത്യയില്‍ ഉപയോഗിക്കുന്ന നൈട്രജന്‍ രാസവളങ്ങളുടെ 82 ശതമാനവും തരി രൂപത്തിലുള്ള യൂറിയയാണ്. ഇതിന്റെ 50 ശതമാനത്തില്‍ താഴെ മാത്രമാണ് വിളകള്‍ക്കു ലഭിക്കുന്നത്. ബാക്കി ബാഷ്പീകരണത്തിലൂടെ അന്തരീക്ഷത്തിലെത്തുകയോ ചോര്‍ന്ന് ജലസ്രോതസുകളില്‍ കലരുകയോ ചെയ്യുന്നു. നൈട്രജന്‍ രാസവളങ്ങളുടെ അസ്ഥിരീകരണത്തിലൂടെ അന്തരീക്ഷത്തിലെത്തുന്ന നൈട്രസ് ഓക്സൈഡ് ആഗോള താപനത്തിനു കാരണമാകുന്ന പ്രധാന ഹരിതഗൃഹ വാതകങ്ങളില്‍ ഒന്നാണ്. കാര്‍ബണ്‍ ഡയോക്സൈഡിന്റെ 298 ഇരട്ടിയാണ് ഇതിന്റെ താപന ശേഷി. നൈട്രജന്‍ രാസവളങ്ങളില്‍ നിന്നു ചോരുന്ന നൈട്രേറ്റുകള്‍ ഉപരിതല ശുദ്ധജലത്തെയും ഭൂഗര്‍ഭ ജലസ്രോതസുകളെയും മലിനീകരിക്കുന്നു. കുടിവെള്ളത്തില്‍ നൈട്രേറ്റുകളുടെ അമിതമായ സാന്നിധ്യം മനുഷ്യന്റെ ആരോഗ്യത്തിനു ഹാനികരമാണ്. നൈട്രേറ്റുകള്‍ ജലാശയങ്ങളില്‍ പായല്‍ തഴച്ചു വളരുന്നതിനു കാരണമാകുന്നു. എന്നാല്‍ ദ്രാവക നാനോ യൂറിയ ഉപയോഗിക്കുമ്പോള്‍ മണ്ണ്, വായൂ, ജലം എന്നിവയുടെ മലിനീകരണം തീരെ കുറവാണ്. ഫില്ലറുകള്‍ വയലുകളില്‍ വീണുണ്ടാകുന്ന പ്രശ്നങ്ങളും ഒഴിവാക്കാം. മണ്ണിലെ അമ്ലത്വം കൂടുകയുമില്ലെന്നാണ് ഇഫ്കോ അവകാശപ്പെട്ടിരുന്നത്.
2017 മുതല്‍ ഇഫ്കോ ആരംഭിച്ച പരീക്ഷണങ്ങള്‍ക്കൊടുവിലാണ് 2021 ല്‍ നാനോ യൂറിയ പുറത്തിറക്കാന്‍ കേന്ദ്ര ഗവണ്മെന്റ് ശുപാര്‍ശ ചെയ്തത്. കെമിക്കല്‍ ശാസ്ത്രജ്ഞനായ രമേശ് റാലിയയാണ് ഇഫ്കോയുടെ പിന്തുണയോടെ നാനോ യൂറിയ വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും കാര്‍ഷിക സര്‍വകലാശാലകളുടെയും കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെയും ഗവേഷണ ഫാമുകളിലും കര്‍ഷകരുടെ വയലുകളിലും അഖിലേന്ത്യാ വ്യാപകമായി 94 വിളകളില്‍ 13000-ത്തോളം വിള പരീക്ഷണങ്ങള്‍ നടത്തി. ഈ വിളകളില്‍ ഉത്പാദനം കൂടിയെന്നായിരുന്നു നാനോ യൂറിയ പുറത്തിറക്കുമ്പോള്‍ ഇഫ്കോ അവകാശപ്പെട്ടിരുന്നത്. ഇതാണ് ഇപ്പോള്‍ പിഎയു ഗവേഷകരുടെ പഠനത്തോടെ സംശയത്തിലായിരിക്കുന്നത്.
ദ്രാവക നാനോ ഡിഎപി
നൈട്രജനും പൊട്ടാസ്യത്തിനുമൊപ്പം വിളകള്‍ക്ക് ഏറ്റവും ആവശ്യമുള്ള പോഷക മൂലകമാണ് ഫോസ്ഫറസ്. 1669 ല്‍ ഹെന്നിഗ് ബ്രാണ്ട് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് ഫോസ്ഫറസ് കണ്ടുപിടിച്ചത്. ഫോസ്ഫറസ് ഇല്ലാതെ ഭൂമിയില്‍ ജീവനു നിലനില്‍പ്പില്ല. സസ്യങ്ങളുടെ ഇലകളില്‍ പ്രകാശസംസ്ലേഷണത്തിന് ഇത് അനിവാര്യമാണ്. വിത്തു മുളയ്ക്കുന്നതു മുതല്‍ വിളകളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലും വിളവെടുപ്പു വരെയും ഈ മൂലകം അനിവാര്യമാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും അസ്ഥികളും പല്ലുകളും ഫോസ്ഫറസ് അടങ്ങിയ കാത്സ്യം ഫോസ്ഫേറ്റില്‍ നിന്നാണു രൂപം കൊണ്ടിട്ടുള്ളത്. ആധുനിക കൃഷിയുടെ നിലനില്‍പ്പു തന്നെ ഫോസ്ഫേറ്റ് വളങ്ങളെ ആശ്രയിച്ചാണ്. ഫോസ്ഫേറ്റ് റോക്ക് ഉപയോഗിച്ചാണ് വാണിജ്യപരമായി ഫോസ്ഫേറ്റ് വളങ്ങളുടെ നിര്‍മാണം.
കാര്യക്ഷമമായി ചെടികള്‍ക്ക് ലഭ്യമാകുന്നു. ഒരേക്കര്‍ സ്ഥലത്തേക്ക് നാനോ ഡിഎപിയുടെ അരലിറ്റര്‍ മതിയാകും. അതിനാല്‍ പരമ്പരാഗത ഫോസ്ഫേറ്റ് വളങ്ങളുടെ ഉപയോഗം കാര്യമായി കുറയ്ക്കാം. തദ്ദേശീയമായി നിര്‍മിക്കുന്നതിനാല്‍ ഇറക്കുമതിയിലുള്ള ആശ്രയത്വവും കുറയ്ക്കാം. ഇഫ്കോയുടെ നാനോ ഡിഎപിയില്‍ 25 ശതമാനം ഫോസ്ഫറസിനു പുറമെ ഒന്‍പതു ശതമാനം നൈട്രജനും അടങ്ങിയിട്ടുണ്ട്. വിളകള്‍ക്ക് കുറഞ്ഞ അളവില്‍ നൈട്രജന്‍ ആവശ്യമുള്ളപ്പോഴും നാനോ ഡിഎപി ഉപയോഗിക്കാം എന്നാണ് ഈ സ്ഥാപനം ന്യായീകരിക്കുന്നത്.
എന്നാൽ ഇഫ്കോയുടെ അവകാശവാദങ്ങളില്‍ നിന്നു വിഭിന്നമായി നാനോ ഡിഎപി തളിക്കുന്നതും വിളവു കുറയ്ക്കുമെന്നാണ് പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലയുടെ മറ്റൊരു പഠനത്തില്‍ കണ്ടെത്തിയത്. രണ്ടു തവണ നാനോ ഡിഎപി ഇലകളില്‍ തളിച്ചു കൃഷി നടത്തിയപ്പോള്‍ ഗോതമ്പിന്റെ വിളവ് 16.1 ശതമാനം കുറഞ്ഞു. ചെടികളുടെ ഉയരവും ധാന്യത്തിലും വൈക്കോലിലും പ്രോട്ടീന്‍ ഉള്‍പ്പെടെയുള്ള പോഷകങ്ങളുടെ അളവും കുറഞ്ഞു. 2022, 2023 വര്‍ഷങ്ങളിലാണ് ഈ പഠനം നടത്തിയത്.
നാനോ യൂറിയ കൃഷിച്ചെലവ് കുറയ്ക്കുമെന്നായിരുന്നു ഇഫ്കോയുടെ മറ്റൊരു അവകാശവാദം. 500 മില്ലിലിറ്ററിന്റെ ഒരു കുപ്പി ദ്രാവക നാനോ യൂറിയ 45 കിലോഗ്രാം ഭാരമുള്ള ഒരു ചാക്ക് പരമ്പരാഗത യൂറിയയ്ക്ക് പകരമായി ഉപയോഗിക്കാമെന്നാണ് ഇഫ്കോ അവകാശപ്പെടുന്നത്. അര ലിറ്ററിന്റെ ഒരു കുപ്പി നാനോ യൂറിയയ്ക്ക് 225 രൂപയാണ് വില. 45 കിലോഗ്രാമിന്റെ ഒരു ചാക്ക് പരമ്പരാഗത യൂറിയയ്ക്ക് 242രൂപയും. നാനോ യൂറിയ്ക്ക് സബ്സിഡിയൊന്നുമില്ല. വിലയില്‍ നേരിയ കുറവുണ്ടെങ്കിലും നാനോ യൂറിയ ഇലകളില്‍ തളിക്കാന്‍ കൂലിച്ചെലവ് കൂടുതലാണ്. ഒരേക്കര്‍ ഗോതമ്പ് വയലില്‍ പരമ്പരാഗത യൂറിയ വിതറാന്‍ ഒരു തൊഴിലാളി മതി. എന്നാല്‍ നാനോ യൂറിയ അത്രയും സ്ഥലത്ത് ഇലകളില്‍ തളിക്കാന്‍ കുറഞ്ഞത് നാലോ അഞ്ചോ തൊഴിലാളികളെങ്കിലും ആവശ്യമായി വരുമെന്ന് ഗോതമ്പ് കര്‍ഷകര്‍ പറയുന്നു. ഒരു തവണ തളിക്കാന്‍ മാത്രം നാലു തൊഴിലാളികളുടെ കൂലി അധികം നല്‍കേണ്ടി വരുന്നു. അതേ സമയം വിളവ് ഇടിയുകയും ചെയ്യുന്നു. കൃഷിച്ചെലവ് കൂടുന്നതും വിളവ് കുറയുന്നതുമാണ് പലയിടങ്ങളിലും കര്‍ഷകര്‍ നാനോ വളങ്ങള്‍ ഉപേക്ഷിക്കാന്‍ കാരണമായി പറയുന്നത്.
സംശയാസ്പദമായ തട്ടിക്കൂട്ട് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മതിയായ ഗവേഷണമില്ലാതെ തിടുക്കത്തില്‍ നാനോ യൂറിയ പുറത്തിറക്കുകയായിരുന്നുവെന്ന ആക്ഷേപം ആദ്യം മുതലെ നിലനില്‍ക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് പ്രയോജനകരമായ കണ്ടുപിടുത്തമാണെങ്കിലും ഇതു കൂടുതല്‍ വ്യാപിപ്പിക്കുന്നതിനു മുമ്പ് വിവിധ വിളകളില്‍ എല്ലാ കാര്‍ഷിക കാര്‍ഷിക കാലാവസ്ഥാ മേഖലകളിലും ദീര്‍ഘകാല പഠനങ്ങള്‍ നടത്തേണ്ടത് ആവശ്യമായിരുന്നു. ദ്രാവക നാനോ വളങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതിന് മുമ്പ് അതിന്റെ ഗുണങ്ങളും ദോഷങ്ങളും പൂര്‍ണമായി മനസിലാക്കുന്നതിന് ദീര്‍ഘകാല ഫീല്‍ഡ് പരീക്ഷണങ്ങള്‍ നടക്കണമെന്ന് കര്‍ഷിക വിദഗ്ധര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.