റേഷന്‍കടയിലെ ചെക്കന്റെ കല്യാണത്തിനും ഒരു 'റേഷന്‍ ടച്ച്'
അടൂർ ഏനാത്ത് ഇളങ്ങമംഗലം കിണറുവിള വീട്ടിൽ ജ്യോതിഷ് ആർ.പിള്ളയുടെ കല്യാണക്കുറി ഇപ്പോൾ നാട്ടിലെ ചർച്ചാവിഷയമാണ്. റേഷൻകാർഡിന്റെ മാതൃകയിൽ ഒരുക്കിയിരിക്കുന്ന കല്യാണക്കുറിയാണ് കൗതുകമായത്. ജ്യോതിഷിന്റെ കുടുംബം വർഷങ്ങളായി നടത്തിവരുന്ന റേഷൻ കടയുമായുള്ള വൈകാരിക അടുപ്പമാണ് ഇത്തരത്തിൽ കുറി തയ്യാറാക്കാൻ പ്രേരണയായത്. ചെറുപ്പംമുതൽ അമ്മയെ സഹായിക്കാൻ റേഷൻകടയിൽ എത്തുന്നതുകൊണ്ട് നാട്ടുകാർക്ക് ജ്യോതിഷ് റേഷൻകടയിലെ ചെക്കനായി. ഫെബ്രുവരി രണ്ടിനാണ് ഇദ്ദേഹത്തിന്റെ വിവാഹം. ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുമ്പോൾ, കുടുംബത്തിന് വരുമാനവും ജീവിതവുമൊരുക്കിയ റേഷൻകടയുമായി ബന്ധപ്പെട്ട എന്തെങ്കിലും കൂടെയുണ്ടാവണം എന്ന് ജ്യോതിഷ് ആഗ്രഹിച്ചു.
റേഷൻ കാർഡിന്റെ മാതൃകയിൽ കല്യാണക്കുറി ഡിസൈൻ ചെയ്യാൻ 11 ദിവസം വേണ്ടി വന്നു.ജോലി വിദേശത്തായതിനാൽ എല്ലാനിർദേശവും ഫോണിൽ കൂടിയാണ് നൽകിയത്. കല്യാണം വിളിക്കാൻ അമ്മ കുറിയുമായി ചെല്ലുമ്പോൾ പുതിയ റേഷൻകാർഡുമായി എത്തിയതാണെന്നാണ് പലരും കരുതുന്നതെന്ന് ജ്യോതിഷ് തമാശയായി പറയുന്നു. മുൻ പേജിൽ ചെറുക്കന്റെ വിവരങ്ങളും കല്യാണത്തിന്റെ വിവരങ്ങളുമാണ്. മറുപുറത്ത് റേഷൻകാർഡിലെ പോലെ ചെറുക്കന്റെ വീട്ടിലെ അംഗങ്ങളുടെ പേരും ബന്ധവും എഴുതിയിരിക്കുന്നു. റേഷൻ കാർഡുപോലെ മടക്കിയ കുറിയുടെ ഉള്ളിലാണ് സാധാരണ കുറിയിലെ പോലെ മറ്റുവിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊട്ടാരക്കര ഉമ്മന്നൂർ വിജയമന്ദിരത്തിൽ ജി.എച്ച്. ദേവികയാണ് വധു.
ജ്യോതിഷിന്റെ അച്ഛന്റെ ജേഷ്ഠൻ ഭാർഗവൻപിള്ളയാണ് ഇളങ്ങമംഗലത്ത് നേരത്തെ റേഷൻകട നടത്തിയിരുന്നത്. ശേഷം അച്ഛൻ കെ.കെ. രവീന്ദ്രൻപിള്ള കട നടത്തി. 2003-ൽ ഇദ്ദേഹം മരിച്ചതിനെ തുടർന്ന് കഴിഞ്ഞ 22 കൊല്ലമായി ജ്യോതിഷിന്റെ അമ്മ ടി. അംബികയാണ് കട നടത്തുന്നത്. വ്യത്യസ്തമായ കുറി എന്ന ആശയം പറഞ്ഞപ്പോൾ സഹോദരി ജ്യോതിലക്ഷ്മിയും അവരുടെ ഭർത്താവ് സജിത്കുമാറുമാണ് എല്ലാം ഒരുക്കാൻ കൂടെനിന്നത്.