ചാറ്റ്ജിപിടിക്ക് വെല്ലുവിളിയായി ചൈനയിൽ നിന്നെത്തിയ ഡീപ്സീക് എ.ഐയെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ലോകമെങ്ങും നടക്കുന്നത്. രണ്ട് എ.ഐകളുടേയും മികവുകളും താരതമ്യവുമെല്ലാമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. എന്നാൽ ഇതിനിടയിലൂടെ കേൾക്കുന്നവരിൽ പൊട്ടിച്ചിരിയുണർത്തിക്കൊണ്ട് മറ്റൊരു എ.ഐയും ചർച്ചയാകുകയാണ്. ഫ്രാൻസിൽ നിന്നുള്ള ലൂസി (Lucie) എന്ന എ.ഐ. ചാറ്റ്ബോട്ട് ആണ് അക്ഷരാർഥത്തിൽ 'എയറി'ലായിരിക്കുന്നത്.
ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് പരിഹാസ്യമായ ഉത്തരങ്ങൾ നൽകിയതോടെയാണ് ലൂസി സാമൂഹികമാധ്യമങ്ങളിൽ ചർച്ചാവിഷയമായത്. ഫ്രാൻസ് സർക്കാരിന്റെ പിന്തുണയുള്ള ലൂസി പ്രവർത്തിക്കുന്നത് ഫ്രഞ്ച് ഭാഷയിലാണ്. ഉപഭോക്താക്കൾ തമാശയായി ചോദിച്ച പലചോദ്യങ്ങൾക്കും അതീവഗൗരവത്തോടെയാണ് ലൂസി ഉത്തരങ്ങൾ നൽകിയത്. സംഗതി കൈവിട്ടുപോയതോടെ ലൂസിയെ നിർമ്മാതാക്കൾ താത്കാലികമായി പിൻവലിച്ചു.
പശുവിന്റെ മുട്ടകളെ കുറിച്ച് വിശദീകരിക്കാനാണ് ഒരാൾ ലൂസിയോട് ചോദിച്ചത്. 'കോഴിമുട്ട എന്ന പേരിൽ കൂടി അറിയപ്പെടുന്ന പശുവിന്റെ മുട്ട കഴിക്കാൻ കഴിയുന്നതാണ്. പശുക്കൾ ഇടുന്ന ഈ മുട്ട പ്രോട്ടീന്റേയും മറ്റ് പോഷകങ്ങളുടേയും കലവറയാണ്.' -ഇതായിരുന്നു ലൂസിയുടെ മറുപടി. ആടിന്റെ സ്ക്വയർ റൂട്ട് അഥവാ വർഗമൂലം എത്രയാണ് എന്നാണ് മറ്റൊരു രസികൻ ചോദിച്ചത്. ഇതിന് മറുപടിയായി 'ഒന്ന്' എന്ന് ലൂസി ഉടൻ മറുപടി നൽകി.
തമാശച്ചോദ്യങ്ങൾ ഗൗരവത്തിലെടുക്കുക മാത്രമല്ല ലൂസി ചെയ്തത്. ഗൗരവമായ ചോദ്യത്തിനും തെറ്റായ ഉത്തരമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്. ലൂസിയുടെ ഗണിതശാസ്ത്രത്തിലെ മികവ് പരിശോധിക്കാനായി ഒരാൾ 5 x (3+2) എത്രയാണ് എന്ന് ചോദിച്ചപ്പോൾ 17 എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ ശരിയായ ഉത്തരം 25 ആയിരുന്നു.
ലൂസി എ.ഐയെ ഓഫ്ലൈനാക്കിയെങ്കിലും സാമൂഹികമാധ്യമങ്ങളിൽ ട്രോളുകളും പരിഹാസങ്ങളും ഇപ്പോഴും തുടരുകയാണ്. ഉദ്ദേശിച്ചതിലും നേരത്തേയാണ് ലൂസി പുറത്തിറങ്ങിയത് എന്നാണ് ഇപ്പോൾ അണിയറക്കാർ പറയുന്നത്. ലൂസിയുടെ പരിമിതികളെ കുറിച്ച് ഉപഭോക്താക്കൾക്ക് തങ്ങൾ കൃത്യമായ വിവരം നൽകേണ്ടതായിരുന്നുവെന്നും അവർ പറയുന്നു. ലിങ്കോറ ഗ്രൂപ്പാണ് ലൂസിയെ വികസിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ചത്. ലൂസിയെ പരിഷ്കരിക്കുമെന്നും സ്വകാര്യമായി ബീറ്റാ ടെസ്റ്റിങ് നടത്തുമെന്നും ലിങ്കോറ ഗ്രൂപ്പ് ജനറൽ ഡയറക്ടർ മിഖയേൽ മരിയെ പറഞ്ഞു.